വിഎസിന് കാബിനറ്റ് പദവി:ഇരട്ടപ്പദവി നിയമം ഭേദഗതി ചെയ്യും

single-img
4 July 2016

V.s.achuthanandan_

സിപിഐഎം മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്.അച്യുതാനന്ദനു കാബിനറ്റ് പദവി നല്‍കുന്നതിനായി ഇരട്ടപ്പദവി നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം. ഇരട്ടപ്പദവി നിയമം ഭേദഗതിചെയ്യാനുള്ള ബില്‍ ഈ സമ്മേളനത്തില്‍ കൊണ്ടുവരും.ഇതു സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു..

ഇരട്ടപ്പദവി എന്ന സാങ്കേതികക്കുരുക്കില്‍ പെടാതിരിക്കാന്‍ ആദായകരമായ പദവികള്‍ സംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്താനാണ് തീരുമാനം. നിയമസഭാംഗമായ വി.എസ്.അച്യുതാനന്ദനെ കാബിനറ്റ് റാങ്കുള്ള ഭരണപരിഷ്‌കാര കമ്മിഷന്റെ ചെയര്‍മാനാക്കുമ്പോഴുള്ള ഇരട്ടപ്പദവി പ്രശ്നം പരിഹരിക്കുകയാണ് ലക്ഷ്യം.
എം.എല്‍.എ. ആയിരിക്കെ ഭരണപരിഷ്‌കാര സമിതി അധ്യക്ഷനെന്ന നിലയില്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റാനും പേഴ്സണല്‍ സ്റ്റാഫിന്റെ നിയമനം നടത്താനും കേരള റിമൂവല്‍ ഓഫ് ഡിസ്‌ക്വാളിഫിക്കേഷന്‍ ആക്ട് 1951 അനുസരിച്ച് തടസ്സമുണ്ട്. അല്ലെങ്കില്‍ സിറ്റിങ് ഫീസും വാഹന വാടകയും മാത്രം ഈടാക്കി കാബിനറ്റ് പദവി സ്വീകരിക്കാം. എന്നാല്‍, ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റിയാല്‍ വി.എസിനെ നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കേണ്ടിവരും. ഇത് ഒഴിവാക്കാനാണ് നിയമഭേദഗതി വേണ്ടിവരുന്നത്.