ഉത്തരാഖണ്ഡില്‍ കനത്ത മഴയിലും മേഘവിസ്‌ഫോടനത്തിലും 30 മരണം.

single-img
1 July 2016

uttarakhand-759ഉത്തരാഖണ്ഡില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ മേഘസ്ഫോടനത്തില്‍ 30 മരണം. ചമോലി ജില്ലയിലാണ് മേഘസ്ഫോടമുണ്ടായത്. ഇതേ തുടര്‍ന്ന് മന്ദാകിനി നദിയുടെ കരയിലുണ്ടായിരുന്ന വീടുകള്‍ തകര്‍ന്നു. മണ്ണിടിച്ചിലിലും പ്രളയത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മലയോര പ്രദേശങ്ങളില്‍ മഴ തുടരുകയാണ്. മരണ നിരക്ക് ഉയരാന്‍ സാധ്യതയുണ്ട്.

ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ചമോലി ജില്ലയില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. കനത്ത മഴയില്‍ അളകനന്ദ നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തിയതാണ് വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 54 മില്ലീമീറ്റര്‍ മഴയാണ് ഉത്തരാഖണ്ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സുവ വില്ലേജില്‍ ധാരാളം കൃഷിയിടങ്ങള്‍ മഴയില്‍ നശിച്ചു. വില്ലേജുമായി ബന്ധിപ്പിക്കുന്ന മൂന്ന് പാലങ്ങള്‍ തകര്‍ന്നു. ഇത് ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കി.

പ്രക്ഷുബ്ധമായ കാലാവസ്ഥയേയും ഉരുള്‍പൊട്ടലിനേയും തുടര്‍ന്ന് ഋഷികേശിനേയും ബദരീനാഥിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത 58 ദേവപ്രയാഗിന് സമീപം അടച്ചിട്ടിരിക്കുകയാണ്.കലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പിത്തോറഗഢിലെ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ സമിതി ഡെപ്യൂട്ടി ഡയറക്ടര്‍ സന്തോഷ് ബദോനി പറഞ്ഞു.