ലോക ക്വിസിങ്ങ് ചാമ്പ്യന്‍ഷിപ്പും റിവര്‍ബരേറ്റ് ക്വിസ് ഫെസ്റ്റിവലും കോഴിക്കോട് ജൂണ്‍ 4,5,6 തീയതികളില്‍ മലബാര്‍ കൃസ്ത്യന്‍ കോളേജില്‍.

single-img
2 June 2016

quiz_istock_nirodesign_thumb800

അറിവ് ഒരു ആഘോഷമാക്കി മാറ്റുന്ന തീര്‍ഥാടകരുടെ ഒത്തു ചേരലിന് വീണ്ടും തിരശ്ശീല ഉയരുകയായി.എട്ടു വയസുകാരന്‍ മുതല്‍ എണ്‍പതു വയസുകാരന്‍ വരെയും, പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥി മുതല്‍ ഐ.ഏ.എസ് – ഐ.പി.എസ് ഓഫീസര്‍മാര്‍ വരെയുമുള്ളവര്‍ ഒരേ വേദിയിലെത്തി അറിവു പങ്കു വെക്കുകയും, പുതിയ അറിവുകള്‍ കരസ്ഥമാക്കുകയും ചെയ്യുന്ന ഈ നിശബ്ധ വിജ്ഞാന വിപ്ലവം കഴിഞ്ഞ പത്തു വര്‍ഷങ്ങളായി നടക്കാറുള്ളത് മറ്റെവിടെയുമല്ല ..നമ്മുടെ കോഴിക്കോടാണ്.

ക്വിസ് എന്ന കളിയുടെ കടുത്ത ഉപാസകരാണ് ഈ തീര്‍ഥാടകര്‍.

ഈ തീര്‍ഥാടനത്തിന് അരങ്ങൊരുങ്ങുന്നതാവട്ടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്വിസ് മാമങ്കമായ ലോക ക്വിസിങ്ങ് ചാമ്പ്യന്‍ഷിപ്പിന്‍റ്റെ ഭാഗമായും.ഫിലിം ഫെസ്റ്റിവലിന്‍റ്റെ മാതൃകയില്‍ ക്വിസ് ഫെസ്റ്റിവല്‍ എന്ന ആശയത്തിന് തുടക്കം കുറിച്ചത് 10 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു.അന്നതെത കോഴിക്കോട് കലക്ടറും ക്വിസിങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര മല്‍സരങ്ങളില്‍ തിളക്കമാര്‍ന്ന വിജയങ്ങള്‍ കരസ്ഥമാക്കുകയും ചെയ്ത ഡോ.ഏ.ജയതിലക് ഐ.എ.എസ് ക്വിസ് മാസ്റ്ററായി എത്തിയ റിവര്‍ബരേറ്റ് എന്ന ക്വിസ് ഫെസ്റ്റിവല്‍ ഇന്ന് പത്താം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ ഇന്ത്യയിലെ..ഒരു പക്ഷെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്വിസ് മഹോല്‍സവമായി മാറിയിരിക്കുന്നു ഇത്.

അച്ഛനും, അമ്മയും, മക്കളും ഒരുമിച്ച് വന്ന് ഒരേ ടീമായും, ചില മല്‍സരങ്ങളില്‍ പല ടീമുകളായും പരസ്പരം വാശിയോടെ മല്‍സരിച്ച് , ക്വിസ് മല്‍സരങ്ങള്‍ ആസ്വദിച്ച്, കോഴിക്കോടിനെ അറിഞ്ഞ്, കോഴിക്കോടന്‍ ബിരിയാണിയും, നന്മ മധുരമുള്ള സുലൈമാനിയും കഴിച്ച് സന്തോഷപൂര്‍വ്വം മടങ്ങുന്ന ഈ വാര്‍ഷിക തീര്‍ഥാടനത്തില്‍ ഇത്തവണയും മല്‍സരങ്ങള്‍ നടത്തുന്നവരും, മല്‍സരിക്കാനെത്തുന്നവരും ചില്ലറക്കാരല്ല.

രമ്യ രോഷ്നി ഐ.പി.എസ്, പി.ടി.അരുണ്‍ ഐ.പി.ഓ.എസ്, ഡോ.ടി.വി. സുലൈമാന്‍ തുടങ്ങിയവര്‍ ക്വിസ് മാസ്റ്റര്‍മാരായെത്തുന്ന ആദ്യ ദിനത്തില്‍ ജൂനിയര്‍ – സീനിയര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ക്വിസ് മല്‍സരങ്ങളും, പൊതുജനങ്ങള്‍ക്കായി സയന്‍സ് ക്വിസ്, സ്പോര്‍ട്സ് ക്വിസ് എന്നിവയുമാണുള്ളത്.
ജൂണ്‍ 5 ഞായറാഴ്ച ക്വിസ് മാസ്റ്റര്‍മാരായെത്തുന്നത് എക്സൈസ് അഡീഷനല്‍ കമ്മീഷനര്‍ ജീവന്‍ ബാബു ഐ.എ.എസും, ദേവക്കോട്ടൈ സബ്കലക്ടര്‍ ഡോ.ആല്‍ബി ജോണ്‍ ഐ.എ.എസും, ബാംഗ്ളൂരു നിന്നുള്ള രാജേഷ് മോഹനനും, എറണാകുളത്തു നിന്നുള്ള ഡോ.നിധീഷ്.ടി.ജേക്കബും ക്വിസ് മാസ്റ്റര്‍മാരായെത്തും.

ജൂണ്‍ 6 തിങ്കളാഴ്ച രാവിലെ സാക്ഷാല്‍ കലക്ടര്‍ ബ്രോ പ്രശാന്ത് ഐ.എ.എസ് ക്വിസ് മാസ്റ്ററായെത്തുന്ന വനിതാ ക്വിസും, മേളയിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നായ ഏ.ആര്‍ രന്‍ജിത്തിന്‍റ്റെ കപ്പിള്‍ ക്വിസും, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടക്കുന്ന ജനറല്‍ ക്വിസും ഏറ്റവും അവസാനം ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ – സ്നേഹജ് ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന മലയാള സിനിമയിലെ സ്ഥലങ്ങള്‍ എന്ന വിഷയത്തിലുള്ള ക്വിസും നടക്കും.

കടുത്ത സിനിമാ പ്രേമിയും , തിരക്കഥാകൃത്തുമായ കലക്ടര്‍ ബ്രോ മുന്നില്‍ നിന്നും നയിക്കുന്ന പരിപാടി ആയതിനാല്‍ ഒട്ടു മിക്ക മല്‍സരങ്ങളുടെ പേരിനും ഉണ്ട് ഒരു സിനിമാ ടച്ച്.

ഏറ്റവും ജൂനിയറായ കുട്ടികള്‍ക്കയുള്ള കുഞ്ഞിരാമയണത്തില്‍ തുടങ്ങി , ബാപ്പയും മകനും ചേര്‍ന്ന് നടത്തുന്ന ഡബിള്‍ ബാരല്‍, 2008 സിവില്‍ സര്‍വീസ് ബാച്ചിലെ പി.ടി. അരുണ്‍ നടത്തുന്ന ശാസ്ത്ര ക്വിസ് ആയ യന്തിരന്‍ എന്നിവയും കഴിഞ്ഞ് അന്ന് അവസാനതെത മല്‍സരമായ രമ്യ രോഷ്നി ഐ.പി.എസ് നയിക്കുന്ന സ്പോര്‍ട്സ് ക്വിസിന് പേര് നല്‍കിയിരിക്കുന്നത് ചക് ദേ ഇന്ത്യ എന്നാണ്.
എക്സൈസ് അഡീഷനല്‍ കമ്മീഷനറായ ജീവന്‍ ബാബു ഐ.എ.എസ് ഏതാനും വര്‍ഷങ്ങളായി കേരള ക്വിസിങ്ങിലെ സജീവ സാനിധ്യമാണ്.അദ്ദേഹത്തിന്‍റ്റെ ഇന്ത്യാ ക്വിസായ ഹിമസാഗര്‍ എക്സ്പ്രസ് ഇത് രണ്ടാം വര്‍ഷമാണ് കോഴിക്കോടെത്തുന്നതെങ്കില്‍, പഠനകാലത്തു തന്നെ ക്വിസിങ്ങില്‍ നിരവധി നേട്ടങ്ങളുണ്ടാക്കിയ ഡോ.ആല്‍ബി ജോണ്‍ ഐ.എ.എസിന്‍റ്റെ പച്ച മലയാളം ക്വിസ് ഇത് മൂന്നാം എഡീഷനാണ്.

കലക്ടര്‍ ബ്രോയുടെ വനിതാ ക്വിസിനു നല്‍കിയ പേര് സ്ഥാനാര്‍ഥി സാറാമ്മ ! രന്‍ജിത്ത് ഏ.ആര്‍ നയിക്കുന്ന കപ്പിള്‍ ക്വിസ് ബോബനും മോളിയും , ബിജു നാരായണന്‍ നയിക്കുന്ന കോളേജ് ക്വിസിന്‍റ്റെ പേര് ആക്ഷന്‍ ഹീറോ ബിജു ! ഷാമിന്‍ സെബാസ്റ്റ്യനും സ്നേഹജ് ശ്രീനിവാസും ചേര്‍ന്നവതരിപ്പിക്കുന്ന മലയാള സിനിമയിലെ സ്ഥലങ്ങളെക്കുറിചുള്ള ക്വിസിന്‍റ്റെ പേര് അമേരിക്കന്‍ ജംക്ഷന്‍.ഹൌ മെനി കിലോ മീറ്റ്ഴ്സ് ഫ്രം വാഷിങ്ങ്ടന്‍ ഡീ സി ടു മിയാമി ബീച്ച് എന്ന ഡയലോഗ് അറിയാതെ ഓര്‍ത്തു പോയോ?

പേരിലൊക്കെയേ ഉള്ളൂ തമാശകള്‍..മൂന്നു ദിവസങ്ങളിലെ മല്‍സരങ്ങളിലും തീ പാറുന്ന പോരാട്ടമാണ് നടക്കുക..കാരണം മറ്റ് ഏതൊരു ക്വിസ് ജയിക്കുന്നതിനേക്കാള്‍ മൂല്യമുണ്ട് ലോക ക്വിസ് ജയിച്ച് ഒരു ലോക റാങ്കിങ്ങ് നേടുന്നതിന്. വേറെ എത്ര വലിയ മല്‍സരവേദികളിലായാലും ലഭിക്കാത്തത്ര ത്രില്‍ ആണ് ക്വിസ് പുലികള്‍ക്ക് റിവര്‍ബരേറ്റ് വേദിയില്‍ ലഭിക്കാറുള്ളത്.

പ്ലസ് ടു വിദ്യാര്‍ത്ഥിയായ അഫീഫ് അഹമ്മദിന്‍റ്റെ വാക്കുകള്‍ കടമെടുത്താല്‍.. ” പല തരത്തിലുള്ള ക്വിസുകളിലും പങ്കെടുത്തിട്ടുണ്ട്.പക്ഷേ ക്വിസിങ്ങ് ഒരു അല്‍ഭുതമായി തോന്നിയത് റിവര്‍ബരേറ്റ് ക്വിസ് ഫെസ്റ്റിവലില്‍ പങ്കെടുത്തപ്പോഴാണ്.ശരിക്കും ക്വിസിങ്ങിന്‍റ്റെ ഒരു തൃശൂര്‍ പൂരമാണ് ഈ ക്വിസ് ഫെസ്റ്റിവല്‍”

അങ്ങനെ ക്വിസ് മഹോല്‍സവത്തിനും കോഴിക്കോട് കാണാനുമായെത്തുന്ന ക്വിസ് തീര്‍ഥാടകരെ വരവേല്‍ക്കാന്‍ കോഴിക്കോടും ഒരുങ്ങുകയായി..ഇനി അറിവിന്‍റ്റെ മെയ്ത്താരിയും കോല്‍ത്താരിയും അരങ്ങു തകര്‍ക്കുന്ന നാളുകള്‍..