ബീഫ് വിളമ്പിയവര്‍ക്കുവേണ്ടി പൊലീസ് അക്കാദമിയില്‍ ഐ.ജിയുടെ അന്വേഷണം.

single-img
25 May 2016

SureshRajpurohit-IPS

 
കേരള പൊലീസ് അക്കാദമിയിലെ അപ്രഖ്യാപിത ബീഫ് വിലക്ക് തുടരുന്നു. തൃശൂര്‍ രാമവര്‍മ്മപുരം കേരള പൊലീസ് അക്കാദമിയിലാണ് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍ ബീഫ് വിളമ്പിയത് അന്വേഷിക്കണമെന്ന് ഐജി ആവശ്യപ്പെട്ടത്. ഉത്തരേന്ത്യക്കാരനായ സുരേഷ് രാജ് പുരോഹിത് പൊലീസ് അക്കാദമി ഐ.ജി ആയതിന് തൊട്ടുപിന്നാലെയാണ് അപ്രഖ്യാപിത ബീഫ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ പൊലീസ് അസോസിയേഷന്‍ പരാതി നല്‍കിയിട്ടും കന്റീന്‍ മെനുവില്‍ അനുവദിച്ചിട്ടുള്ള ബീഫ് പോലും വിളമ്പാന്‍ ഐ.ജി സമ്മതിച്ചിരുന്നില്ല.

 

മെയ് 20-നാണ് കാന്റീനില്‍ ബീഫ് വിളമ്പിയത്. അക്കാഡമിയിലെ 150-ഓളം പോലീസുകാര്‍ ഇത് കഴിക്കുകയും ചെയ്തു.വിവരമറിഞ്ഞ ഐജി കാന്റീന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുകയും വിശദീകരണം ആരായുകയും ചെയ്തു.ഇനി ബീഫ് വിളമ്പിയാല്‍ കര്‍ശന നടപടിയുണ്ടാവും എന്നും താക്കീത് ചെയ്ത ഐജി ബീഫ് എത്തിച്ചവരെ കണ്ടെത്താന്‍ അനൗദ്യോഗിക അന്വേഷണത്തിനും ഉത്തരവിട്ടു. ഇതിനെതിരെ പുതിയ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് പൊലീസ് സംഘടനകള്‍.

 

നേരത്തെ കേരള ബ്രാഹ്മണസഭയുടെ സമ്മേളനത്തില്‍ ബ്രാഹ്മണ്യത്തിന്റെ മഹത്വത്തെക്കുറിച്ച് ഐജി പ്രസംഗിച്ചതും വാര്‍ത്തയായിരുന്നതാണ്.നേരത്തെ പൊലീസ് അക്കാദമിയില്‍ സര്‍ക്കാര്‍ കാറുകളില്‍ ഐജി സുരേഷ് രാജ് പുരോഹിതിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ നടത്തിയ ഡ്രൈവിങ്ങിന്റെ വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്ന് ഏറെ വിവാദമായിരുന്നു.

 

പോലീസ് അക്കാദമിയിലെ ഐ.ജിയുടെ ഔദ്യോഗിക വസതിയിലേക്ക് മാതാഅമൃതാനന്ദമയി സന്ദര്‍ശനം നടത്തിയത് വിവാദമായിരുന്നു.പോലീസ് അക്കാദമിയില്‍ നടപ്പാക്കിയ പല പരിഷ്‌കാരങ്ങളും മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നത് ഏറെ വിവാദമായിരുന്നു. ഇതോടെ മാധ്യമങ്ങള്‍ക്കുപോലും അക്കാദമിയിലേക്ക് നിയന്ത്രണമേര്‍പ്പെടുത്തി.