ചരിത്രനേട്ടം കുറിച്ച് ഇന്ത്യ;പുനഃരുപയോഗ സാദ്ധ്യവുമായ ആദ്യ സ്‌പേസ് ഷട്ടില്‍ വിക്ഷേപണം വിജയകരം

single-img
23 May 2016

big_416988_1463886846

 

തദ്ദേശീയമായി നിര്‍മിച്ചതും പുനഃരുപയോഗ സദ്ധ്യവുമായ ആദ്യ സ്‌പേസ് ഷട്ടില്‍ പരീക്ഷണം വിജയകരം. ഇന്ന് രാവിലെ ഏഴുമണിക്കായിരുന്നു വിക്ഷേപണം. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നാണ് റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ (ആര്‍എല്‍വി – ടിഡി) വിക്ഷേപിച്ചത്. ഭൂമിയുടെ ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിച്ച ശേഷം തിരിച്ച് അന്തരീക്ഷത്തില്‍ പ്രവേശിച്ച് വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് ആര്‍എല്‍വി നിര്‍മിച്ചിരിക്കുന്നത്.
ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ ബൂസ്റ്റര്‍ റോക്കറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന വിമാന മാതൃകയിലുള്ള വാഹനത്തിന്റെ (ആര്‍.എല്‍.വി-ടി.ഡി) വിേക്ഷപണത്തിനുള്ള കൗണ്ട്ഡൗണ്‍ ഞായറാഴ്ച രാത്രി 11ന് ആരംഭിച്ചിരുന്നു. 12 വര്‍ഷം മുമ്പാരംഭിച്ച പദ്ധതിയാണ് ഇപ്പോള്‍ പരീക്ഷണവിജയം നേടിയിരിക്കുന്നത്.

 

 

ഖര ഇന്ധനം ഉപയോഗിക്കുന്ന ഒന്‍പത് ടണ്‍ ഭാരമുള്ള ബൂസ്റ്റര്‍ റോക്കറ്റിന് മുകളിലിരുന്ന് 70 കിലോമീറ്റര്‍ മുകളിലേക്കും പിന്നീട് അതില്‍നിന്ന് വിഘടിച്ച് ശബ്ദത്തെക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ മുന്‍ നിശ്ചയിച്ച പാതയിലൂടെ ബംഗാള്‍ ഉള്‍ക്കടലിലെ സാങ്കല്‍പ്പിക റണ്‍വേയിലേക്ക് തിരികെ പതിക്കുകയും ചെയ്യുമ്പോള്‍ പൂര്‍ണതോതിലുള്ള പുനഃരുപയോഗ വിക്ഷേപണ വാഹനം എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യഘട്ടം പൂര്‍ത്തിയാകും.

 

ഇത് പരീക്ഷണാര്‍ത്ഥമുള്ള വിക്ഷേപണമാണ്. കാഴ്ചയില്‍ യുഎസിന്റെ സ്‌പേസ് ഷട്ടില്‍ പോലെ തോന്നുമെങ്കിലും യഥാര്‍ഥ വാഹനത്തെക്കാള്‍ ആറു മടങ്ങ് ചെറുതാണ് ഇപ്പോള്‍ വിക്ഷേപിക്കുന്നത്. 2030 ല്‍ ഇന്ത്യക്ക് സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന പൂര്‍ണതോതിലുള്ള പുനരുപയോഗ വിക്ഷേപണ വാഹനത്തിന് ഇപ്പോള്‍ പരീക്ഷണ വിക്ഷേപണം നടത്തിയ വാഹനത്തെക്കാള്‍ അഞ്ചിരട്ടി വലിപ്പമുണ്ടാകും. പരീക്ഷണ വാഹനത്തിന് 6.5 മീറ്റര്‍ നീളവും 1.75 ടണ്‍ ഭാരവുമാണ് ഉള്ളതെങ്കില്‍ അന്തിമമായി രൂപകല്പന ചെയ്യുന്ന വിമാനാകൃതിയിലുള്ള വാഹനത്തിന് 32 മീറ്റര്‍ നീളവും 72 ടണ്‍ ഭാരവുമാണുണ്ടാവുക.

 

 

ആദ്യമായാണ് വിമാനത്തിന്റെ മാതൃകയില്‍ ഒരു സ്‌പേസ് ഷട്ടില്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നത്. മുന്‍നിര ബഹിരാകാശ ഏജന്‍സികള്‍ പോലും കോടികള്‍ മുടക്കി പരീക്ഷിച്ച് ഏറെ പരാജയപ്പെട്ട പദ്ധതി ഐഎസ്ആര്‍ഒ കുറഞ്ഞ ചെലവിലാണ് പരീക്ഷിക്കാന്‍ പോകുന്നത്. പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ബഹിരാകാശ വിക്ഷേപണവുമായി ബന്ധപ്പെട്ട ചെലവുകളില്‍ 10 മടങ്ങോളം കുറവുവരും. 2011ലാണ് നാസ അവസാനമായി സ്‌പേസ് ഷട്ടില്‍ വിക്ഷേപിച്ചത്. ആ വിക്ഷേപണത്തോടെ അവര്‍ ആ പദ്ധതി തന്നെ നിര്‍ത്തലാക്കിയിരുന്നു.

 

 

നെയ്യാറ്റിന്‍കര സ്വദേശിയായ ശ്യാം മോഹനാണ് ആര്‍.എല്‍.വിടി.ഡി.യുടെ പ്രോജക്ട് ഡയറക്ടര്‍. 2002 മുതല്‍ 2004 വരെ ഡോ.ജി.മാധവന്‍ നായരുടെ മേല്‍നോട്ടത്തില്‍ ശ്യാം മോഹന്‍ ആര്‍.എല്‍.വി.യുടെ സിസ്റ്റം എന്‍ജിനിയറിങ്ങിലും സിസ്റ്റം ആര്‍ക്കിടെക്ചറിലും ജോലി ചെയ്തു. പിന്നീട് ഡോ. എ.പി.ജെ.അബ്ദുല്‍ കലാം, ഡോ. കസ്തൂരിരംഗന്‍, ഡോ. ആര്‍.നരസിംഹ, ഡോ. ജി.മാധവന്‍ നായര്‍ തുടങ്ങിയവര്‍ ശ്യാംമോഹന്റെയും സംഘത്തിന്റെയും പഠനങ്ങള്‍ പരിശോധിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.