തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം:വിധിയെഴുത്ത് തിങ്കളാഴ്ച

single-img
14 May 2016

01tvko-Election_01_2604981f

 

തെരഞ്ഞെടുപ്പിന്‍െറ പ്രചാരണാരവങ്ങള്‍ ഇന്ന് നിലക്കും. വൈകുന്നേരം ആറു വരെയാണ് പ്രചാരണം. നാളത്തെ നിശ്ശബ്ദ പ്രചാരണവും പിന്നിട്ട് കേരളം തിങ്കളാഴ്ച വിധിയെഴുതും. ഓരോ മണ്ഡലങ്ങളിലും പ്രധാന കേന്ദ്രങ്ങളിലായിരിക്കും കലാശക്കൊട്ടിനായി പ്രവര്‍ത്തകര്‍ കേന്ദ്രീകരിക്കുക. അവസാനമായി വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. റോഡ് ഷോയും പ്രകടനങ്ങളും സമാധാനപരമാണെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ഇ.കെ. മാജി അഭ്യര്‍ഥിച്ചു. പരസ്യ പ്രചാരണ സമയ പരിധിക്കുശേഷം പരസ്യസ്വഭാവ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതിന് വിലക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 
വോട്ടെടുപ്പിന് എല്ലാ ക്രമീകരണങ്ങളും തെരഞ്ഞെടുപ്പ് കമീഷന്‍ പൂര്‍ത്തിയാക്കി. പോളിങ് സാമഗ്രികളുടെ വിതരണം ഞായറാഴ്ച നടക്കും. വോട്ടെടുപ്പ് സമാധാനപരമാക്കാന്‍ കേന്ദ്രസേനയെ വിന്യസിച്ച കമീഷന്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തി.പരസ്യ പ്രചാരണ സമയപരിധിക്കുശേഷം ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ പ്രചാരണ സ്വഭാവമുളള പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതിനും വിലക്കുണ്ട്.

 
നാളത്തെ നിശബ്ദ പ്രചാരണവും കഴിഞ്ഞ് വിധിയെഴുത്തിനായി അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍ ആരാണ് വിജയം നേടുകയെന്ന ആകാംക്ഷയിലാണ് കേരളം.

 

പ്രചാരണത്തിന് രണ്ടര മാസത്തോളം കിട്ടിയ ഇത്തവണ വിവാദങ്ങളും വികസനവും വികസനത്തിലെ പൊള്ളത്തരങ്ങളും കേന്ദ്ര-സംസ്ഥാന പോരുമൊക്കെ വിഷയമായി. ഏറ്റവും ഒടുവില്‍ കേന്ദ്ര നേതാക്കളുടെ പൊരിഞ്ഞ പോരായിരുന്നു രംഗം ഇളക്കിമറിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്രമന്ത്രിമാര്‍, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, സി.പി.എം നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, സി.പി.ഐ നേതാവ് സുധാകര്‍റെഡ്ഡി, മുന്‍ പ്രധാനമന്ത്രി ദേവഗൗഡ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ അടക്കം കേന്ദ്ര നേതാക്കളുടെ ഘോഷയാത്ര തന്നെയായിരുന്നു കേരളത്തിലേക്ക്. ഏറ്റവുമൊടുവില്‍ ജെ.എന്‍.യു സ്റ്റുഡന്‍റ്സ് യൂനിയന്‍ പ്രസിഡന്‍റ് കനയ്യകുമാറും കേരളത്തിൽ എത്തി.

 
പതിവിനു വിപരീതമായുള്ള എന്‍.ഡി.എയുടെ വാശിയേറിയ സാന്നിധ്യം സൃഷ്ടിച്ചേക്കാവുന്ന അടിയൊഴുക്കുകളെക്കുറിച്ച് ആശങ്കയിലാണ് എല്‍.ഡി.എഫും യു.ഡി.എഫും. സുരക്ഷിതമെന്ന വിശ്വാസത്തില്‍ പ്രമുഖ നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പോലും അടിയൊഴുക്കിനുള്ള സാധ്യത നേതാക്കള്‍ തള്ളിക്കളയുന്നില്ല.