മാലേഗാവ് സ്ഫോടന കേസില്‍ എ.ടി.എസ് മുഖ്യപ്രതിയെന്ന് കണ്ടത്തെിയ ഹിന്ദുത്വ തീവ്രവാദി പ്രഞ്ജ സിംഗ് താക്കൂറിനെ കുറ്റമുക്തയാക്കി എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു;മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര എടിഎസ് തലവൻ ഹേമന്ദ് കർക്കറെയുടെ അന്വേഷണ റിപ്പോർട്ട് പൂർണമായി തള്ളുന്നതാണ് എൻ.ഐ.എയുടെ റിപ്പോർട്ട്.

single-img
13 May 2016

pragya

 
2008ലെ മാലേഗാവ് സ്ഫോടന കേസില്‍ എ.ടി.എസ് മുഖ്യപ്രതിയെന്ന് കണ്ടത്തെിയ ഹിന്ദുത്വ തീവ്രവാദി പ്രഞ്ജ സിംഗ് താക്കൂറിനെ കുറ്റമുക്തയാക്കി എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു.മറ്റൊരു മുഖ്യപ്രതിയായ സൈനിക ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥന്‍ കേണല്‍ പ്രസാദ് പുരോഹിതിനെതിരെ എ.ടി.എസ് ചുമത്തിയ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം (മക്കോക) ഒഴിവാക്കി പകരം നിയമവിരുദ്ധ പ്രവര്‍ത്തന പ്രതിരോധ നിയമമാണ് (യു.എ.പി.എ) എന്‍.ഐ.എ ചുമത്തിയത്.പ്രത്യേക എൻ.ഐ.എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അതേസമയം പ്രഗ്യാസിംഗ് ഠാക്കൂറിനെതിരെ കുറ്റം ചുമത്താനുള്ള തെളിവില്ലെന്നാണ് എൻ.ഐ.എയുടെ വാദം. പ്രതികൾക്കെതിരെ മക്കോക്ക ചുമത്താൻ കഴിയില്ലെന്നും എൻ.ഐ.എ അറിയിച്ചു. മുംബയ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര എ.ടി.എസ് മുൻ തലവൻ ഹേമന്ദ് കർക്കറെയുടെ അന്വേഷണ റിപ്പോർട്ട് പൂർണമായി തള്ളുന്നതാണ് എൻ.ഐ.എയുടെ റിപ്പോർട്ട്.

 
ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള എ.ടി.എസ് സംഘമാണ് പ്രഞ്ജാസിങ് താക്കൂര്‍, കേണല്‍ പ്രസാദ് പുരോഹിത്, സന്യാസി ധയാനന്ദ് പാണ്ഡെ, റിട്ട. മേജര്‍ രമേശ് ഉപാധ്യായ് എന്നിവരടക്കം 14 പേരെ കേസില്‍ പ്രതിചേര്‍ത്തത്. പുരോഹിതിനെ ദേവ്ലാലിയിലെ സൈനിക ക്വാട്ടേഴ്സില്‍ നിന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ അവിടെ നിന്ന് ആര്‍.ഡി.എക്സും കണ്ടത്തെിയിരുന്നു. കണ്ടെത്തലിനു പിന്നാലെയാണു മുംബയ് ഭീകരാക്രമണത്തിൽ മഹാരാഷ്ട്ര എ.ടി.എസ് മുൻ തലവൻ ഹേമന്ദ് കർക്കറെ കൊല്ലപ്പെടുന്നത്.

 

സ്ഫോടനത്തിന് ഉപയോഗിച്ച എല്‍.എം.എല്‍ ബൈക്ക് പ്രഞ്ജാസിംഗ് താക്കൂറിന്‍െറ പേരിലാണെങ്കിലും സ്ഫോടനം നടക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ് അത് കേസിലെ പിടികിട്ടാപ്പുള്ളിയായ രാംചന്ദ്ര കല്‍സങ്കരക്ക് കൈമാറിയിരുന്നുവെന്നാണ് എന്‍.ഐ.എയുടെ വാദം. കല്‍സങ്കര ബൈക്ക് ഉപയോഗിച്ചതിനും അതിന്‍െറ അറ്റകുറ്റപണികള്‍ നടത്തിയതിനും സാക്ഷികളുണ്ടെന്നും എന്‍.ഐ.എ അവകാശപ്പെടുന്നു. 2014ല്‍ കേന്ദ്രത്തിലെ ഭരണ മാറ്റത്തിനു ശേഷം മാലേഗാവ് സ്ഫോടന കേസ് പ്രതികളോട് മൃദു സമീപനം സ്വീകരിക്കാന്‍ എന്‍.ഐ.എ ഉന്നത ഉദ്യോഗസ്ഥന്‍ നേരിട്ട് ആവശ്യപ്പെട്ടെന്ന് കേസിലെ അന്നത്തെ പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടര്‍ രോഹിണി സാലിയാന്‍ വെളിപ്പെടുത്തിയത് വിവാദമായിരുന്നു.

 

സാധ്വി പ്രഗ്യാസിംഗ് ഠാക്കൂർ അടക്കമുള്ള ഹിന്ദുത്വ തീവ്രവാദ സംഘടനാ പ്രവർത്തകരാണ് സ്‌ഫോടനത്തിന് പിന്നിലെന്നായിരുന്നു ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ കണ്ടെത്തിൽ. പിന്നീട് കൂറുമാറിയ സ്വാമി അസീമാനന്ദിന്റെ വെളിപ്പെടുത്തലും നിർണായകമായിരുന്നു.2008 സെപ്‌റ്റംബർ 29ന് മഹാരാഷ്ട്രയിലെ മാലേഗാവിലുണ്ടായ സ്‌ഫോടനത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്.