ശിരോവസ്ത്രം ധരിച്ച വിദ്യാർഥിനിയെ മെട്രോയിൽ യാത്ര ചെയ്യാൻ അനുവദിച്ചില്ല.

single-img
12 May 2016

delhi-metro-train

ശിരോവസ്‌ത്രം ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ ഡല്‍ഹി മെട്രോയില്‍ യാത്രചെയ്യാന്‍ അനുവദിച്ചില്ലെന്ന്‌ പരാതി. ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി ഹുമൈറ ഖാനാണ്‌ ഇത്തരത്തിലൊരു പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്‌.

 

മയൂര്‍ വിഹാര്‍ സ്റ്റേഷനില്‍നിന്ന് മെട്രോയില്‍ കയറാന്‍ എത്തിയപ്പോള്‍ ദേഹപരിശോധന നടത്തിയ ഉദ്യോഗസ്ഥ ഹിജാബ് അഴിച്ചുകാണിക്കാന്‍ നിര്‍ദേശിച്ചു. പരിശോധനക്കുശേഷം വീണ്ടും ശിരോവസ്ത്രം ധരിക്കവെ ഇതു ധരിച്ച് മെട്രോയില്‍ കയറാന്‍ പറ്റില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. രണ്ടു വര്‍ഷമായി സ്ഥിരമായി ഇതേ വേഷത്തില്‍ മെട്രോയില്‍ യാത്രചെയ്യുന്നുണ്ടെന്നും തന്നെയും രേഖകളും പരിശോധിക്കാമെന്നും മുതിര്‍ന്ന മറ്റൊരു ഉദ്യോഗസ്ഥനോട് പറഞ്ഞുനോക്കിയെങ്കിലും ‘ഒന്നുകില്‍ ഹിജാബ് അഴിച്ചുവെച്ച് വണ്ടി കയറുക അല്ലെങ്കില്‍ സ്ഥലം വിടുക’ എന്ന പരുഷമായ മറുപടിയാണ് ലഭിച്ചതെന്ന് ഹുമൈറ ആരോപിച്ചു.

 

ശിരോവസ്ത്രം മാറ്റാന്‍ കൂട്ടാക്കാതെ തിരിച്ചുപോന്ന അവര്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന് പരാതി നല്‍കി. മെട്രോ ആയിരക്കണക്കിനാളുകള്‍ ആശ്രയിക്കുന്ന പൊതുഗതാഗത സമ്പ്രദായമാണെന്നും അതിനനുസൃതമായി സന്നാഹങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു പകരം വ്യക്തി-മതസ്വാതന്ത്ര്യം ഹനിക്കുന്ന നടപടി സൃഷ്ടിക്കുന്നത് തെറ്റാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

 

അതിനിടെ, ശിരോവസ്ത്രം ധരിക്കുന്നവര്‍ക്ക് ഒരു വിലക്കുമില്ലെന്ന് മെട്രോയുടെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് വക്താവ് ഹേമേന്ദ്ര സിങ് അറിയിച്ചു. ആയിരക്കണക്കിനു പേര്‍ ഹിജാബ് ധരിച്ച് ദിനേന യാത്ര ചെയ്യുന്നുണ്ട്. മുഖാവരണവും ശിരോവസ്ത്രവും സുരക്ഷാ പരിശോധന സമയത്തുമാത്രമാണ് അഴിക്കാന്‍ ആവശ്യപ്പെടാറ്. പരിശോധനക്കു ശേഷം അവ ധരിച്ച് യാത്ര ചെയ്യുന്നതിന് വിലക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.