10000 ത്തിലധികം ആനകളുടെ 105 ടണ്‍ ആനക്കൊമ്പുകള്‍ അഗ്നിക്കിരയാക്കിക്കൊണ്ട് കെനിയ ആനക്കൊമ്പ് വേട്ട അതിശക്തമാക്കി

single-img
9 May 2016

92d72c838d4f4f1ab52e5cc0425cc0fd_8

 

കെനിയയിലെ ആനവേട്ടക്കാര്‍ക്ക് ശക്തമായ താക്കീത് നല്‍കിക്കൊണ്ട് പിടിച്ചെടുത്ത ആയിരക്കണക്കിന് ആനക്കൊമ്പുകളും കാണ്ടാമൃഗത്തിന്റെ കൊമ്പുകളും അധികൃതര്‍ കൂട്ടിയിട്ട് കത്തിച്ചു. കെനിയയുടെ തലസ്ഥാനമായ നയ്‌റോബിയില്‍ 10000 ആനകളില്‍ നിന്നുമായെടുത്ത 105 ടണ്‍ ആനക്കൊമ്പുകളും ഒരു ടണ്‍ കാണ്ടാമൃഗക്കൊമ്പുകളുമാണ് അഗ്നിക്കിരയാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് നശിപ്പിക്കലാണ് ഇത്. 1989-ലും സമാനമായി കെനിയ പിടിച്ചെടുത്ത ആനക്കൊമ്പുകള്‍ തീയിട്ടു നശിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ 150 മില്യണ്‍ ഡോളറിലേറെ വിലവരുന്ന കൊമ്പുകളുടെ ശേഖരം നശിപ്പിച്ചു കളഞ്ഞതിനെതിരെ കെനിയന്‍ പ്രസിഡന്റ് ഉഹ്‌രു കെന്യാത്തയ്‌ക്കെതിരെ നിശിതമയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ആനക്കൊമ്പുകള്‍ ആനയുടെ ശരീരത്തിലിരിക്കാത്തിടത്തോളം അതിനു യാതൊരു വിലയുമില്ലാ എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
ആഫ്രിക്കന്‍ ആനകളുടെ എണ്ണം ആശങ്കാജനകമായി കുറയുന്നതിന് പരിഹാരമാരാഞ്ഞുള്ള ഉച്ചകോടിയ്ക്ക് കെനിയയാണ് ആതിഥ്യമരുളുന്നത്. ഉഹ്‌രു കെനിയാത്തയാണ് ഉച്ചകോടി നയിക്കുക. കഴിഞ്ഞവര്‍ഷം മാത്രം ആഫ്രിക്കന്‍ ഭുഖണ്ഡത്തില്‍ 20,000 ആനകളാണ് കൊമ്പുകള്‍ക്കു മാത്രമായി കൊല ചെയ്യപ്പെട്ടത്. പടിഞ്ഞാറന്‍-മധ്യാഫ്രിക്കയില്‍ നിന്നും ആനകള്‍ മിക്കവാറും തുടച്ചു നീക്കപ്പെട്ട അവസ്ഥയിലാണ്. താന്‍സാനിയ ഉള്‍പ്പെടുന്ന കിഴക്കനാഫ്രിക്കയിലാകട്ടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആനകളുടെ എണ്ണം നേര്‍പകുതിയായി കുറഞ്ഞിട്ടുമുണ്ട്. ഏഷ്യന്‍ രാജ്യങ്ങളിലാണ് കെനിയയുള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആനക്കൊമ്പുകള്‍ക്ക് പ്രിയം കൂടുതല്‍. 50,000 ഡോളര്‍ വരെയാണ് അന്താരാഷ്ട്രവിപണിയില്‍ കാണ്ടാമൃഗക്കൊമ്പുകള്‍ക്ക് ലഭിക്കുന്നത്. 2012 മുതല്‍ മൂന്നു വര്‍ഷത്തിനിടെ ഏകദേശം 1,00,000 ആനകളാണ് ആഫ്രിക്കയില്‍ കൊമ്പിനായി വേട്ടയാടപ്പെട്ടത്. അതായത് ഒരു വര്‍ഷം ഏകദേശം 33,000 ആനകളാണ് കൊല്ലപ്പെട്ടതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1970-കളില്‍ ആഫ്രിക്കയിലാകമാനം 1.2 മില്യണ്‍ ആനകളുണ്ടായിരുന്നുവെങ്കില്‍ ഇന്ന് നാലരലക്ഷം ആനകള്‍ മാത്രമാണ് നിലവിലുള്ളത്.