വര്‍ഗ്ഗീയതയെ ചെറുക്കാന്‍ കേരളം ജാഗ്രത പാലിക്കണം:ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

single-img
7 May 2016

index

 
പാനൂര്‍: മതേതര സമൂഹമെന്ന നിലയില്‍ മാതൃകയായ കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ ശക്തിപ്രാപിക്കുന്നതിനെ തടയാന്‍ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രിയും ജാനതാദള്‍ യുനൈറ്റഡ് അഖിലേന്ത്യാ പ്രസിഡണ്ടുമായ നിതീഷ് കുമാര്‍ പറഞ്ഞു. പാനൂര്‍ ഗുരുസന്നിധി ഗ്രൗണ്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മോഹനന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ തനിമയെന്ന് പറയുന്നത് മതേതരത്വമാണ്. ഇവിടുത്തെ ജില്ലാ പഞ്ചായത്ത് സംവിധാനവും മറ്റ് നേട്ടങ്ങളുടെയും അടിസ്ഥാനം മതേതര സമൂഹം തന്നെയാണ്. എന്നാല്‍ ഇടക്കാലത്ത് വര്‍ഗ്ഗീയ ശക്തികള്‍ കരുത്താര്‍ജ്ജിക്കുന്നത് അപായ സൂചനയാണ്. ഇതിനെ ഒറ്റക്കെട്ടായി നേരിടാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ചെറുപ്പക്കാലത്ത് കേട്ടറിഞ്ഞ സോഷ്യലിസ്റ്റ് നേതാവ് പി ആര്‍ കുറുപ്പിന്റെ നാട്ടില്‍ വരാനും അദ്ദേഹത്തിന്റെ മകനായ കെ പി മോഹനന് വോട്ടഭ്യര്‍ത്ഥിച്ച് പ്രസംഗിക്കുവാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
കേരളത്തിന്റെ കൃഷിമന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്തെ ഭക്ഷ്യസ്വയം പര്യാപ്തതയിലെത്തിക്കാന്‍ കെ പി മോഹനന് സാധിച്ചു. തരിശുനിലങ്ങളില്‍ കൃഷിയിറക്കി കാര്‍ഷിക വളര്‍ച്ചാ നിരക്ക് ഉയര്‍ത്താന്‍ കഴിഞ്ഞു. കൃഷിക്കാര്‍ക്ക് കേരളത്തില്‍ നടപ്പാക്കിയ പെന്‍ഷന്‍ പദ്ധതി ഉള്‍പ്പെടെയുള്ള വിവിധ വികസന പദ്ധതികള്‍ ബിഹാറില്‍ നടപ്പാക്കാന്‍ ഒരു കേരളാ മോഡല്‍ റൂട്ട്മാപ്പ് ഉണ്ടാക്കും. കര്‍ഷക കണ്‍വെന്‍ഷന്‍ പദ്ധതിയും കേരസമൃദ്ധിയുമെല്ലാം മാതൃകാപ്രവര്‍ത്തനമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
മറ്റൊരു സ്ഥാപനങ്ങള്‍ക്കും അവകാശപ്പെടാനാവാത്ത വിധം കേരളത്തിന്റെ കാര്‍ഷികനയം രൂപപ്പെട്ടുവെന്നത് വന്‍നേട്ടമാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. കേരളത്തിന്റെ വികസനത്തുടര്‍ച്ചക്ക് യുഡിഎഫിനെ ഒരു വട്ടം കൂടി വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പി കെ അബ്ദുള്ള അധ്യക്ഷത വഹിച്ചു.
ജനതാദള്‍(യു) ദേശീയ സിക്രട്ടറി അരുണ്‍കുമാര്‍ ശ്രീവാസ്തവ, ബീഹാര്‍ മുന്‍കൃഷിമന്ത്രി ശ്യാംകുമാര്‍രജക്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പ്രൊഫ. എ ഡി മുസ്തഫ, മുസ്ലീം ലീഗ് സംസ്ഥാന സിക്രട്ടറി വി കെ അബ്ദുള്‍ ഖാദര്‍ മൗലവി, മട്ടന്നൂര്‍മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി പ്രശാന്ത്, ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വി സുരേന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
കോഴിക്കോട് നിന്നു നിതീഷ്‌കുമാര്‍ കാര്‍ മാര്‍ഗമാണ് ഇന്നു രാവിലെ ഒന്‍പതോടെ പാനൂരിലെത്തിയത്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ സംസ്ഥാനത്തെ ആദ്യത്തെ പരിപാടിയായിരുന്നു പാനൂരിലേത്. നിതീഷിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് പാനൂരിലും പരിസരങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയത്.