അറുപത് വര്‍ഷം മാറി മാറി ഭരിച്ച ഇടതു-വലതു മുന്നണികള്‍ കേരളത്തിനായി ഒന്നും ചെയ്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
6 May 2016

ChwC8o9UgAAzEa8

 

 
കേരളത്തില്‍ ബി.ജെ.പി മൂന്നാം ശക്തിയാകുമെന്ന് മോദി. പാലക്കാട്ടെ ജനക്കൂട്ടം അതിനുള്ള തെളിവാണെന്നും മോദി പറഞ്ഞു.കേരളത്തിൽ ഒരു മൂന്നാം ശക്തിയായി ബിജെപി നേതൃത്വത്തിലുള്ള മുന്നണി ഉദിച്ചുയരുമെന്നതിന്റെ വ്യക്തമായ തെളിവാണ് ഇവിടെ കൂടിയിരിക്കുന്ന വൻ ജനാവലിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പാലക്കാട് കോട്ടമൈതാനിയിൽ സംഘടിപ്പിച്ച പാലക്കാട് നിയമസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

യോഗത്തില്‍ ഇടതു-വലതു മുന്നണികള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണു മോദി നടത്തിയത്. അറുപത് വര്‍ഷം മാറി മാറി ഭരിച്ച ഇടതു-വലതു മുന്നണികള്‍ക്ക് സംസ്ഥാനത്തിനുവേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രണ്ടു മുന്നണികളും പരസ്പരം സഹകരിച്ച് മുന്നോട്ട് നീങ്ങുകയാണ്. ഇവര്‍ ഒന്നുചേര്‍ന്ന് സംസ്ഥാനം കൊള്ളയടിച്ചു.

 

കേരളത്തില്‍ വന്ന് സോളാര്‍ എന്ന് പറയാന്‍ ഭയമാണ്. മറ്റ് സംസ്ഥാനങ്ങള്‍ സോളാര്‍ ഊര്‍ജം കൊണ്ട് വികസനം കൊണ്ടുവരുമ്പോള്‍ കേരളത്തില്‍ മന്ത്രിമാര്‍ കീശ മന്ത്രിമാര്‍ കീശ വീര്‍പ്പിക്കുകയാണ്. കേരളത്തില്‍ സോളാര്‍ എന്ന് പറഞ്ഞാല്‍ പൊട്ടിത്തെറിയാണ് ഉണ്ടാവുകയെന്നും മോദി പരിഹസിച്ചു.

 

പെരുമ്പാവൂരിൽ നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെ പ്രധാനമന്ത്രി വിമർശിച്ചു. ഒരു ദലിത് പെൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും കേരളത്തിലെ സർക്കാരിന്റെ കണ്ണു തുറന്നിട്ടില്ലെന്ന് മോദി ആരോപിച്ചു. പാലക്കാട് കോളജിലെ പ്രിന്‍സിപ്പലിനു ശവപ്പെട്ടി നിര്‍മിച്ച ഇടതു വിദ്യാര്‍ഥി സംഘടനകളെ അംഗീകരിക്കാന്‍ കഴിയുമോ? ബിജെപിയെ രാഷ്ട്രീയമായി എതിര്‍ക്കാന്‍ കഴിയില്ലെന്ന് മനസിലാക്കി പ്രവര്‍ത്തകരെ കൊന്നൊടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

 

യെമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതും പരവൂര്‍ വെടിക്കെട്ട് ദുരന്തസമയത്ത് നല്‍കിയ സഹായങ്ങളും സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വവും ബിജെപിക്ക് കേരളത്തോടുള്ള മമതയാണു കാണിക്കുന്നതെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

 

കോയമ്പത്തൂരില്‍ എത്തിയ അദ്ദേഹം പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം പാലക്കാട് എത്തിക്കുകയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംസ്ഥാന ബിജെപി നേതാക്കള്‍, പാലക്കാട് ജില്ലയിലെ സ്ഥാനാര്‍ഥികള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.