പലസ്തീന്‍ അമ്മമാര്‍ ഇസ്രയേലിനോട് കേഴുന്നു; അന്ത്യചുംബനം നല്‍കാന്‍ പ്രിയപ്പെട്ടവരുടെ ശവമെങ്കിലും വിട്ടു തരൂ

single-img
2 May 2016

palestinian-motherr

ജറൂസലം: ”മുമ്പ് ഞങ്ങള്‍ അവര്‍ അന്യായമായി പിടികൂടി തടങ്കലിലിട്ട ഞങ്ങളുടെ പ്രിയപ്പെട്ടവരെ വിട്ടു തരാനാണ് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്; എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നത് ഞങ്ങളുടെ മക്കളുടെ ശവശരീരമാണ്”. പലസ്തീന്‍കാരനായ 15 വയസുകാരന്‍ ഹസന്‍ മന്‍സാരയുടെ അമ്മയാണ് മകന്റെ ശവത്തിനു വേണ്ടി ഇസ്രയേലിനോട് കേഴുന്നത്. കഴിഞ്ഞഒക്‌ടോബര്‍ മുതല്‍ ഇസ്രയേല്‍ സൈന്യത്തിന്റെ കസ്റ്റഡിയിലാണ് ഹസന്റെ ചേതനയറ്റശരീരം.
പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്ന ഹസന്‍ സഹോദരന്‍ അഹമ്മദ് മന്‍സാരയുമായി ചേര്‍ന്ന് ഇസ്രയേലിലെ ഒരു കൗമാരക്കാരനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ് ഇസ്രയേല്‍ സൈന്യം കൊന്നത്. അഹമ്മദ് മന്‍സാരയെ ജീവനോടെ പിടികൂടിയ സൈന്യം മൂന്നാം മുറയടക്കമുള്ള ചോദ്യംചെയ്യലിനുശേഷം ജയിലിലടച്ചിരിക്കയാണ്. ഹസന്റെ മൃതശരീരം അനാഥമായി ഇസ്രയേല്‍ മോര്‍ച്ചറിയിലും.
ഞങ്ങള്‍ക്കൊരു പ്രതിഷേധവും പരാതിയുമില്ല, എന്റെ മകന്റെ ശരീരം അവസാനമായി ഒന്നു കണ്ടാല്‍ മതി. ഹസന്റെ മാതാപിതാക്കള്‍ കണ്ണീരൊഴുക്കുന്നു.

 
ജറൂസലമിലെയും ഇസ്രയേല്‍ അധിനിവേശ വെസ്റ്റ്ബാങ്കിലെയും പ്രതിഷേധങ്ങളെ മുളയിലേ നുള്ളാനായി കടുത്ത നടപടികളാണ് ഇസ്രയേല്‍ സ്വീകരിച്ചിരിക്കുന്നത്. സംശയത്തിനിട നല്‍കുന്ന പലസ്തീന്‍പൗരന്‍മാരുടെ കിടപ്പാടം തകര്‍ത്തെറിയുക മൃതശരീരം പോലും വിട്ടുനല്‍കാതിരിക്കുക എന്നിവ അവയില്‍പ്പെടും. 2004-ലെ ഇസ്രയേല്‍ നയത്തിന്റെ തുടര്‍ച്ചയാണിത്. ഒരു വ്യാഴവട്ടത്തിനിടെ 268 പലസ്തീന്‍കാരെയാണ് ഇസ്രയേല്‍ സേന അനാഥശവങ്ങളെപ്പോലെ അടക്കം ചെയ്തത്. പേരുപോലുമില്ലാതെ വെറും അക്കങ്ങള്‍ നല്‍കിയാണ് അവരെ അടക്കം ചെയ്തിരിക്കുന്നത്.
‘കൊല്ലപ്പെട്ട ഒരു വ്യക്തിയുടെ ശവശരീരത്തോടു പോലും നീതി കാട്ടാതിരിക്കുക എന്നതിനര്‍ത്ഥം അവരെ ഒരിക്കല്‍കൂടി കൊല്ലുന്നുവെന്നാണ്”-മൃതശരീരങ്ങള്‍ വിട്ടുകിട്ടാനായി സ്ഥാപിച്ച പലസ്തീന്‍ സന്നദ്ധസംഘടനയുടെ കോ-ഓഡിനേറ്റര്‍ സല്‍മാ ഹമദ് പറയുന്നു. അവസാനമായി തന്റെ പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരമെങ്കിലും കാണാന്‍ കഴിയാത്ത അവസ്ഥ കുടുംബങ്ങളെ മാനസികമായി തകര്‍ക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

 
ഒക്‌ടോബറിനുശേഷം ഇസ്രയേല്‍ 85 പലസ്തീന്‍പൗര•ാരുടെ മൃതശരീരങ്ങളാണ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നത്. അവയില്‍ മിക്കവയും കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് വിട്ടുകൊടുത്തുവെങ്കിലും 15 എണ്ണം മരിച്ചിട്ടും പീഡനമേറ്റുവാങ്ങി ഇസ്രയേലി മോര്‍ച്ചറികളില്‍ തണുത്തുറഞ്ഞ് കിടക്കുകയാണ്. അവയില്‍ 11 എണ്ണം ജറൂസലം സ്വദേശികളായ കൗമാരക്കാരാണ്.
ശവശരീരങ്ങളോടു പോലും നീതി കാട്ടാത്ത ഇസ്രയേലിന്റെ കാടത്തത്തിനെതിരെ പലസ്തീന്‍ മനുഷ്യാവകാശസംഘടനകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തുണ്ട്. എന്നാല്‍ ഇസ്രയേല്‍ പ്രതിരോധമന്ത്രി മോഷെ യാലോന്‍ അഭിപ്രായപ്പെടുന്നത് ഇസ്രയേല്‍ ഇത്തരം മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തി ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ലയെന്നാണ്. ചില ”ഉപാധി”കളോടെ മൃതദേഹം വിട്ടുനല്‍കാന്‍ ഇസ്രയേല്‍ തയ്യാറാണ്. ഏറ്റവും ലളിതമായി വളരെ അടുത്ത ബന്ധുക്കള്‍മാത്രം പങ്കെടുക്കുന്ന ചടങ്ങായി എത്രയും പെട്ടെന്ന് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യണമെന്നും യാതൊരു വിധ പ്രതിഷേധനടപടികളോ ജാഥകളോ സംഘടിപ്പിക്കരുതെന്നും സമ്മതിച്ചാല്‍ മൃതദേഹം വിട്ടുനല്‍കാന്‍ ഇസ്രയേല്‍ ഒരുക്കമാണത്രേ!
ഒരു ജനതയുടെ അന്ത്യകര്‍മ്മങ്ങളില്‍പ്പോലും കൈകടത്തുന്ന തരം ധിക്കാരപരമായ പലസ്തീന്റെ നടപടികള്‍ അന്താരാഷ്ട്രനിയമങ്ങള്‍പോലും കാറ്റില്‍പറത്തുന്നു. ശവശരീരങ്ങള്‍ വിട്ടുകൊടുക്കാതിരിക്കുന്നതിലൂടെ ഒരു കുടുംബത്തെ ആകമാനം തളര്‍ത്തുന്ന തന്ത്രത്തിന്റെ ഭാഗമാണിതെന്നും ആരോപിക്കപ്പെടുന്നു.
ഇതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ശവശരീരങ്ങള്‍ വിട്ടുകൊടുക്കരുതെന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ചിരിക്കയാണ്.