തോല്‍ക്കാനെനിക്കു മനസ്സില്ല; സംഗീതത്തിന്റെ പടച്ചട്ടയണിഞ്ഞ് നെജിന്‍ പറയുന്നു

single-img
19 April 2016

afghan-teen_650x400_81460960643

കാബൂള്‍: അഫ്ഗാനിലെ ഏതൊരു കൗമാരക്കാരിയെയും പോലെ നെജിനും സംഗീതത്തെ പ്രണയിച്ചു; രഹസ്യമായല്ലെന്നു മാത്രം. സംഗീതവും നൃത്തവും മറ്റു കലകളും നിരോധിച്ച താലിബാന്റെ ഭരണകൂടം അധികാരത്തില്‍ നിന്നു പോയെങ്കിലും അഫ്ഗാന്‍ ജനതയ്ക്ക് ഇവയെല്ലാം ഇന്നും നിഷിധമാണ്. നഗരങ്ങള്‍ താലിബാന്‍ ഭരണം അവശേഷിപ്പിച്ച ഇത്തരം നിയമങ്ങളില്‍ നിന്നും അല്പമെങ്കിലും സ്വതന്ത്രമാകാന്‍ തുടങ്ങുമ്പോള്‍ കുഗ്രാമങ്ങളുടെ പടിക്കു പുറത്താണ് നൃത്തവും സംഗീതവും. ഇത്തരമൊരു സാഹചര്യത്തിലാണ് പഷ്തൂണ്‍വംശജയായ 19 കാരി നെജിന്‍ ഖാല്‍പാക് എന്ന കുഗ്രാമത്തിലെ പെണ്‍കുട്ടി വ്യത്യസ്തയാകുന്നത്.

 

afghan-teen_650x400_81460960677
സോഹ്‌റ എന്ന ഓര്‍ക്കസ്ട്രയ്ക്ക് നേതൃത്വം നല്‍കുന്ന നെജിന് വീട്ടില്‍ പിതാവിന്റെ പിന്തുണ മാത്രമേ ഉള്ളു.ബന്ധുക്കള്‍ പോലും അകന്നു കഴിഞ്ഞു. പഷ്തൂണ്‍ വംശത്തില്‍ ആണുങ്ങള്‍ പോലും സംഗീതോപകരണങ്ങള്‍ ഉപയോഗിക്കാറില്ല. ഒരു ടി.വി. ഷോയ്ക്ക് ശേഷം നാട്ടിലെത്തിയ നെജിന് നാട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അഭിനന്ദനമല്ല; കടുത്ത ഭീഷണിയാണ് നേരിടേണ്ടി വന്നത്. തന്നിലെ സംഗീതത്തെ ഉപേക്ഷിക്കാതിരിക്കാന്‍ കഴിയാതെ ഗ്രാമത്തെയും വീടിനെയും ഉപേക്ഷിച്ച് നെജിന്‍ കാബൂളിലെ ഒരനാഥാലയത്തില്‍ താമസിക്കാന്‍ തുടങ്ങി. സോഹ്‌റ ഓര്‍ക്കസ്ട്രയ്ക്ക് നേതൃത്വം വഹിക്കുന്നത് ഇവിടെ താമസിച്ചാണ്. 35 പെണ്‍കുട്ടികളാണ് ഇന്ന് ഈ ഓര്‍ക്കസ്ട്രയില്‍ ഉള്ളത്. പാശ്ചാത്യ-പാരമ്പര്യസംഗീതോപകരണങ്ങള്‍ ഈ പെണ്‍കുട്ടികള്‍ മികവോടെ വായിക്കുന്നു.

 
താലിബാന്‍ ഭരണകാലത്ത് തകര്‍ക്കപ്പെട്ട അഫിഗാനിസ്ഥാന്‍ നാഷണല്‍ ഇന്‍്സ്റ്റിറ്യൂട്ട് ഓഫ് മ്യൂസികിനെ സഹായിക്കാനായി ഓസ്‌ട്രേലിയയില്‍ നിന്നും നാട്ടിലെത്തിയ അഹമ്മദ് നാസര്‍ സര്‍മാസ്ത് എന്ന സംഗീതപ്രേമിയാണ് ഓര്‍ക്കസ്ട്രയുടെ പിന്തുണ. ഈ ഓര്‍ക്കസ്ട്ര അഫ്ഗാനിസ്ഥാന് അഭിമാനമാണെന്ന് ഇദ്ദേഹം പറയുന്നു. നിരവധി ഭീഷണികളാണ് ഈ സംഘത്തിന് നേരിടേണ്ടി വന്നിട്ടുള്ളത്. ഒരിക്കല്‍ കാബൂളിലെ ഒരു ഷോയ്ക്കിടെ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ നിന്നും തലനാരിഴക്കാണ് സംഘം രക്ഷപ്പെട്ടത്.

 
ഞാന്‍ പഴയ നെജിന്‍ അല്ല, ഈ ഓര്‍ക്കസ്ട്രയുടെ തലപ്പത്തെത്തിയത് കഠിനമായി പരിശ്രമിച്ചാണ്. തോല്‍ക്കാന്‍ എനിക്കു മനസ്സില്ല. ഞാന്‍ തീരെ സുരക്ഷിതയല്ല. എങ്കിലും ജനം എന്നെ ചൂണ്ടി അതാണ് നെജിന്‍ ഖാല്‍പാക് എന്നു പറയുമ്പോള്‍ ലഭിക്കുന്ന ഊര്‍ജം മാത്രം മതി എനിക്കു മുമ്പോട്ടു പോകാന്‍- നെജിന്‍ പറയുന്നു.