കര്‍ഷക ആത്ഹത്യകള്‍ മാത്രം ചര്‍ച്ചയാക്കിയാല്‍ മതിയോ? വീട്ടമ്മമാരുടെ ആത്മഹത്യകളില്‍ നമ്മള്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു?

single-img
16 April 2016

suicide-480
നമുക്ക് ഒരു ചെറിയ കണക്ക് നോക്കാം. 20000 വീട്ടമ്മമാരാണ് ഇന്ത്യയൊട്ടാകെ 2014-ല്‍ ആത്മഹത്യ ചെയ്തത്. അതേ വര്‍ഷം തന്നെ 5650 കര്‍ഷകരും ആത്മഹത്യ ചെയ്തു. കര്‍ഷകആത്മഹത്യകള്‍ ന്യൂസ്ചാനലുകളുടെ പ്രൈംടൈമുകളില്‍ ഗൗരവപൂര്‍ണമായ ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരുന്നു. എന്നാല്‍ നിശബ്ദം ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞ വീട്ടമ്മമാര്‍ ആരുടെയും കണ്ണില്‍പെട്ടതേയില്ല. എന്തു കൊണ്ടാണ് കര്‍ഷആത്മഹത്യകള്‍ ചര്‍ച്ചകളാകുമ്പോള്‍ കര്‍ഷക ആത്മഹത്യയെക്കാള്‍ നാലിരട്ടിയോളം വന്ന വീട്ടമ്മമാരുടെ ആത്മഹത്യകള്‍ ചര്‍ച്ചകളിലിടം പിടിക്കാതെ പോകുന്നത്. കര്‍ഷക ആത്മഹത്യകള്‍ പത്രത്തിന്റെ ഒന്നാം പേജില്‍ ഇടം നേടുമ്പോള്‍ വീട്ടമ്മയുടെ ആത്മഹത്യ ഉള്‍പേജുകളില്‍ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ പോകുന്നതെന്ത്?

 
2009-ലെ ആത്മഹത്യചെയ്ത വീട്ടമ്മമാരുടെ കണക്ക് നോക്കാം. ഇത് 25,092 ആയിരുന്നു. ഓരോ 100000 ലും 11 വീട്ടമ്മമാര്‍ ആത്മഹത്യയില്‍ ജീവിതം അവസാനിപ്പിക്കുന്നു. 2014-ല്‍ 11 എന്നത് 9.3 ആയി കുറഞ്ഞപ്പോഴും കര്‍ഷകആത്മഹത്യക്കാള്‍ ഇരട്ടിയായിരുന്നു ഓരോ സംസ്ഥാനങ്ങളിലും വീട്ടമ്മമാരുടെ ആത്മഹത്യ ഏറിയും കുറഞ്ഞുമിരിക്കുന്നു. മഹാരാഷ്ട്ര, പോണ്ടിച്ചേരി, തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗോവ, പശ്ചിംബംഗ, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഇത് ഉയര്‍ന്നു നില്‍ക്കുന്നത്. പഞ്ചാബ്, യു.പി., ബിഹാര്‍ എന്നിവിടങ്ങള്‍ താരതമ്യേന കുറവ് ആത്മഹത്യാനിരക്കാണ് കാണിക്കുന്നത്. ഇവയില്‍ത്തന്നെ സ്തീധന മരണവുമായി ബന്ധപ്പെട്ടുള്ളവ കൊലപാതകമായാണ് കണക്കാക്കുന്നത്.
അഡെലെയ്ഡ് സര്‍വകലാശാലയിലെ അധ്യാപകനായ പീറ്റര്‍ മെയെര്‍ ഇന്ത്യയിലെ വീട്ടമ്മമാരുടെ ഉയര്‍ന്ന ആത്മഹത്യാനിരക്കിനെയും സമൂഹത്തില്‍ ഇത്തരം ആത്മഹത്യകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നതിനെക്കുറിച്ചും ഒരു പഠനം നടത്തി. പാശ്ചാത്യസമൂഹത്തില്‍ വിവാഹം സ്ത്രീകള്‍ക്ക് താരതമ്യേന സുരക്ഷിതത്വം നല്‍കുന്നതിനാല്‍ വീട്ടമ്മമാരുടെ ആത്മഹത്യ ഈ രാജ്യങ്ങളില്‍ കുറവായിരിക്കും. ഇന്ത്യയില്‍ 2001-ലെ ആത്മഹത്യചെയ്തരില്‍ 70 ശതമാനവും വിവാഹിതരായിരുന്നു. അതില്‍ 67 ശതമാനവും വീട്ടമ്മമാരായിരുന്നു.
ചൈനയുള്‍പ്പെടെയുള്ള ഉയര്‍ന്ന ജീവിതസാഹചര്യങ്ങളുള്ള മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യയിലെ 15 നും അതിനു മുകളിലും പ്രായമുള്ള വനിതകളുടെ ആത്മഹത്യ ആ രാജ്യങ്ങളുടേതിനാല്‍ രണ്ടരയിരട്ടിയാണത്രേ. വിവാഹത്തിന്റെ ആദ്യത്തെ പത്തുവര്‍ഷത്തിനുള്ളിലോ രണ്ടാമത്തെ ദശകത്തിലോ ആണ് ഏറെയും ആത്ഹത്യകള്‍ നടന്നിട്ടുള്ളത്. അതായത് 30-45 പ്രായത്തിനിടയിലാണിത്. ആത്മഹത്യാനിരക്ക് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തുന്നത് അണുകുടുംബങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യമുള്ള തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളിലാണ്. കൂട്ടുകുടുംബങ്ങള്‍ക്കു പ്രാധാന്യമുള്ള കുടുംബങ്ങളില്‍ ഇത്തരം പ്രവണത താരതമ്യേന കുറവാണ്.

 
കുടുംബാംഗങ്ങള്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹബന്ധങ്ങളില്‍ പലപ്പോഴും വരനും വധുവും തമ്മില്‍ പരസ്പരം യാതൊന്നും മനസ്സിലാക്കാതെയാണ് ബന്ധങ്ങളുണ്ടാവുക. പലപ്പോഴും സമ്മര്‍ദ്ദമുപയോഗിച്ചായിരിക്കും പെണ്‍കുട്ടിയെ വിവാഹത്തിനു പ്രേരിപ്പിക്കുക. വധുവിന്റെ ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും യാതൊരു സ്ഥാനവും ഉണ്ടാവില്ല. സ്‌നേഹവും പരസ്പര ബഹുമാനവുമില്ലാത്ത ബന്ധങ്ങളാകും പലപ്പോഴം ബന്ധം വഷളാക്കുക. വിദ്യാഭ്യാസം കുറഞ്ഞ മുതിര്‍ന്നവരും വധുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സാധാരണ സംഭവങ്ങളാകുന്നു. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ഭാര്യമാര്‍ ഭര്‍ത്താക്ക•ാരെ കുടുംബബന്ധങ്ങളുടെ സുരക്ഷിതത്വത്തില്‍ നിന്നും വിടുവിച്ച് ചെറുകുടുംബമായി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. കടുത്ത മാനസികസമ്മര്‍ദ്ദത്തിനും നിരാശയ്ക്കും അടിമകളാക്കപ്പെടുന്ന വീട്ടമ്മമാര്‍ ചികിത്സപോലും ലഭ്യമാക്കപ്പെടാതെ ആത്ഹത്യയില്‍ അഭയം കണ്ടെത്തുന്നു.
മെയേറുടെ ചോദ്യം ഇതാണ്. എന്തു കൊണ്ടാണ് കര്‍ഷക ആത്മത്യകളെക്കുറിച്ച് ഇന്ത്യന്‍ മാധ്യമങ്ങളും ഭരണകൂടവും വാതോരാതെ സംസാരിക്കുമ്പോഴും കുടുംബത്തിന്റെ ആണിക്കല്ലായ വീട്ടമ്മമാര്‍ സ്വയം ജീവനൊടുക്കുന്നത് ഒരു വാര്‍ത്തയായി കാണുന്നില്ല. അവരെ അതിലേക്കു വലിച്ചിഴയ്ക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് ആരും ചര്‍ച്ചചെയ്യുന്നില്ല?