ഭർത്താവിനു സർപ്പദോഷമാണെന്നും 3 മാസത്തിനകം മരിക്കുമെന്ന് ഭീഷണിപ്പെടുത്തി പൂജാരിയുടെ നഗ്നപൂജ;വീട്ടമ്മയുടെ മൂന്നുലക്ഷം പൂജാരി തട്ടിയെടുത്തു

single-img
12 April 2016

sarpa-dosha

സര്‍പ്പദോഷം മാറ്റാനുള്ള പൂജയുടെ പേരില്‍ മൂന്ന് ലക്ഷം രൂപയും വീട്ടുപകരണങ്ങളും പൂജാരി തട്ടിയെടുത്തതായി വീട്ടമ്മയുടെ പരാതി. കോതമംഗലം കീരംപാറ കുന്നുംപുറത്ത് വിജയകുമാരിയാണ് ചെറുവട്ടൂര്‍ മാടശ്ശേരി ഇല്ലത്ത് ഉണ്ണികൃഷ്ണനെതിരെ പരാതി നൽകിയത്.സര്‍പ്പദോഷം അകറ്റാന്‍ ഏഴ് ദിവസത്തെ പൂജയാണ് പൂജാരി വിധിച്ചത്. കോടി വസ്ത്രങ്ങള്‍, പൂജാ സാധനങ്ങള്‍, എന്നിവയും തുടര്‍ന്ന് ഏഴാം ദിവസം അമ്പലം പണിത് വിഗ്രഹം സ്ഥാപിക്കണമെന്നുമായിരുന്നു പൂജാരി പറഞ്ഞത്

പൂജയുടെ ഫലം പൂര്‍ണ്ണമാവുന്നതിന് തീര്‍ത്ഥജലം കൊണ്ട് ദേഹശുദ്ധി വരുത്തണമെന്നും ഇതിനായി നഗ്‌നയായി നില്‍ക്കണമെന്നും ആവശ്യപ്പെട്ട ഇയാള്‍ പൂജയുടെ ആവശ്യത്തിലേക്കെന്ന് വിശ്വസിപ്പിച്ച് തന്നെ മറ്റു പലതിനും നിര്‍ബന്ധിച്ചെന്നും വിജയകുമാരി അറിയിച്ചു.

ഇഷ്ടക്കാര്‍ക്ക് സമ്മാനിക്കാന്‍ ഇയാള്‍ തന്റെ പണം മുടക്കി പതിനഞ്ചു ജോഡി ഷര്‍ട്ടും മുണ്ടും അത്ര തന്നെ സാരിയും അടിപ്പാവാടയും കൂടാതെ ഒരാടും ആട്ടിന്‍കുട്ടിയും ചാക്ക് കണക്കിനു പച്ചക്കറിയും സ്വന്തമാക്കിയെന്ന് ഇവര്‍ വെളിപ്പെടുത്തി. പലപ്പോഴായി തുണിത്തരങ്ങള്‍ വാങ്ങിയ വകയില്‍ നെല്ലിക്കുഴിയിലെയും കോതമംഗലത്തെയും ചെറുവട്ടൂരിലെയും വ്യാപാരസ്ഥാപനത്തില്‍ ഇയാള്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് നാല്‍പ്പതിനായിരത്തോളം രൂപ നല്‍കിയെന്നും സ്വര്‍ണം വാങ്ങിയ വകയില്‍ നഗരത്തിലെ ജ്വലറിയില്‍ ഇയാള്‍ നല്‍കാനുണ്ടായിരുന്ന 3000 രൂപ തന്നോട് നല്‍കാന്‍ ആവശ്യപ്പെട്ടെന്നും ഇതു താന്‍ നല്‍കിയെന്നും വിജയകുമാരി പറഞ്ഞു.

വിജയകുമാരിയുടെ ഭര്‍ത്താവ് മൂന്ന് മാസത്തിനകം മരിക്കുമെന്നും വീട് വിറ്റ് പരിഹാര കര്‍മ്മങ്ങള്‍ ചെയ്യണമെന്നും അയാള്‍ കുടുംബത്തെ ധരിപ്പിക്കുകയുമായിരുന്നു. പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഫലമൊന്നുമുണ്ടായില്ല. ആലുവ പോലീസ് സൂപ്രണ്ട് മുമ്പാകെയാണ് പരാതി സമര്‍പ്പിച്ചത്. അന്വേഷണം ഇവിടെ നിന്നും കോതമംഗലം പോലീസിന് കൈമാറി. തുടര്‍ന്ന് അന്വേഷണം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേസ് നല്‍കുകയും ചെയ്‌തെങ്കിലും അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും നാളിതുവരെ പോലീസ് പൂജാരിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വിജയകുാരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആമേട ക്ഷേത്രത്തില്‍ പോയി താന്ത്രിക വിദ്യയില്‍ പ്രാവിണ്യമുള്ളവരുമായി തന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തു. ഇവരുടെ നിഗമനത്തില്‍ തന്റെ വീട്ടില്‍ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി. ഇതേത്തുടര്‍ന്നാണ് താന്‍ ഉണ്ണികൃഷ്ണനെതിരെ പൊലീസിനെ സമീപിച്ചതെന്നും വിജയകുമാരി പറഞ്ഞു.