ജില്ലകളിലൂടെ ഒരു പര്യടനം:തിരുവനന്തപുരം ജില്ല

single-img
6 April 2016

12953301_531097677098939_1018665639_o

തിരുവനന്തപുരം: കേരളത്തിന്‍റെ ഭരണം ആർക്ക് കിട്ടും എന്നുറപ്പിക്കുന്നതില്‍ തലസ്ഥാന ജില്ല ഒരു നിർണ്ണായക ജില്ല കൂടി ആണെന്ന് പറയാം. പഴമക്കാര്‍ പറയുന്നത് തലസ്ഥാനം എങ്ങിനെ ചിന്തിക്കുന്നുവൊ കേരള ഭരണവും ആ വഴിക്ക് പോകും എന്നാണു ജില്ലയുടെ തെരഞ്ഞെടുപ്പു ഫലം പരിശോധിച്ചാൽ മനസ്സിലാകുന്നത്.
1987, 1996, 2006 കാലങ്ങളിൽ എൽ .ഡി.എഫിനായിരുന്നു ഭരണം. ഈ കാലയളവിലെ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി തിരുവനന്തപുരം ജില്ലയിൽ വൻ വിജയമാണ് നേടിയത്. 1987ല്‍ ആകെയുള്ള 14 സീറ്റില്‍ 13 സീറ്റും ഇടതുമുന്നണി ജയിച്ചു. 96ല് 9 സീറ്റും, 2006ല്‍ 10 സീറ്റും ഇടതുമുന്നണി ജയിച്ചു.
അതേസമയം യു.ഡി.എഫ്. അധികാരത്തില്‍ വന്ന 1991, 2001, 2011 വ ർഷങ്ങളിൽ തലസ്ഥാന ജില്ലയും ഐക്യജനാധിപത്യ മുന്നണിക്കൊപ്പം നിലകൊണ്ടു.

1991ല്‍ എട്ടും, 2001ല്‍ ഒരു സ്വതത്രനടക്കം 10ഉം,2011ല്‍ ആദ്യ എട്ടും പിന്നീട് ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ 9 സീറ്റും ജില്ലയില്‍നിന്നു യു.ഡി.എഫിനു കിട്ടി. ചുരുക്കിപറഞ്ഞാൽ തിരുവനന്തപുരം ജില്ല എന്ന ഭരണ ശിരാകേന്ത്രം പ്രവചനാതീതമാണ്‌. ജില്ല എങ്ങോട്ട് അങ്ങോട്ട്‌ ഭരണം എന്നു സാരം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, ഇടത്തരക്കാരും വ്യാപാരികളും ഏറെയുള്ള ഇവിടെ തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഘടകങ്ങൾ ഏറെയാണ്‌. സ്ഥിരമായ ഒരു രാഷ്ട്രീയ അനുഭാവം തലസ്ഥാന ജില്ല ഒരു മുന്നണിയോടും പുലർത്തിയിട്ടില്ല എന്നതാണ് സത്യം. അതതു കാലത്തെ രാഷ്ട്രീയ അന്തരീക്ഷം, വികസനം പദ്ധതികള്‍. സ്ഥനാർഥികളുടെ രാഷ്ട്രീയവും വ്യക്തിപരവുമായ മികവ്, സാമുദായിക പ്രവർത്തനങ്ങൾ എന്നിവയൊക്കെ വോട്ടു കിട്ടാനുള്ള സ്വാധീന ഘടകങ്ങൾ ആണ് . 1987 ല്‍ ഇടതുമുന്നണി 78 സീറ്റുകൾ നേടി അധികാരത്തിൽ വന്നതുതന്നെ തിരുവനന്തപുരം കൂട്ടത്തോടെ ഇടതുമുന്നണിക്കൊപ്പം നിന്നതുകൊണ്ടാണ്. 14ല്‍ 13 സീറ്റും ഇടതുമുന്നണി ജയിച്ചപ്പോൾ യുഡി.എഫിൽ നിന്നു ജയിച്ചത് എം.എം. ഹസ്സൻ മാത്രം.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോർപ്പറെഷൻ ഭരണം ഇടതുമുന്നണി നിലനിർത്തിയെങ്കിലും ജയത്തില്‍ വലിയ സന്തോഷം കണ്ടില്ല. അതിനു പ്രധാന കാരണം ബി.ജെ.പിയുടെ കുതിപ്പായിരുന്നു. 35 വാര്‍ഡുകളില്‍ വിജയിച്ചു രണ്ടു മുന്നണികളേയും ഞെട്ടിച്ചുകളഞ്ഞു. യു.ഡി.എഫ്. മൂന്നാം സ്ഥാനത്തെക്ക് തള്ളപ്പെട്ടു.
2014ലെ ലോകസഭ തെരഞ്ഞെടുപ്പിൽ ഓ.രാജഗോപാലിലൂടെ ബി.ജെ.പി. തിരുവനന്തപുരം, വട്ടിയൂര്‍കാവ്, നേമം, കഴകൂട്ടം എന്നീ നിയോജകമണ്ഡലങ്ങളിൽ ഒന്നാമതെത്തി. ഈ നേട്ടം നിലവിലുണ്ടെങ്കിൽ അതു ബി.ജെ.പിക്ക് വലിയൊരു ചരിത്രപരമായ നേട്ടമായിരിക്കും. അന്നതിനു പ്രത്യേക കാരണങ്ങൾ ഉണ്ടായിരുന്നു. കേന്ദ്രത്തില്‍ ബി.ജെ.പി. ഭരണം വരുമെന്ന വിശ്വാസവും, പിന്നെ രാജഗോപാലിനോടുള്ള പ്രത്യേക താല്‍പര്യവും ഒക്കെ കാരണങ്ങൾ ആയിരുന്നു. പക്ഷെ ആ അന്തരീക്ഷം അല്ല ഇപ്പോഴുള്ളത്. ചിത്രം മാറി വരികയാണ്‌.
ഇവിടെ ചരിത്രത്തിലെ രണ്ടു പ്രധാന ഉദാഹരണങ്ങൾ ഓർമ്മയിൽ നമ്മുടെ മുന്നിലുണ്ട്. 1980ലെ ലോക സഭ തെരഞ്ഞെടുപ്പിൽ അന്നത്തെ കരുത്തനായ കമ്മ്യുണിസ്റ്റ് നേതാവ് എന്നറിയപ്പെടുന്ന സി.പി.ഐയുടെ എം.എന്‍.ഗോവിന്ദൻ നായരെ കന്നി അങ്കക്കാരനായ എ. നീലലോഹിത ദാസ്സൻ നാടാർ ഒരു ലക്ഷത്തിലധികം വോട്ടിനാണ് തോല്‍പ്പിച്ചത്. അതേപോലെ 89ല്‍ ഓ.എന്‍.വി കുറുപ്പിനെ എ.ചാള്‍സ് അര ലക്ഷത്തിലധികം വോട്ടിനു തോല്‍പ്പിച്ചതും ശ്രദ്ധേയമാണ്.
ഇവിടെ സാമുദായിക താൽപ്പര്യങ്ങളും ശ്രദ്ധേയമാണ്. കാട്ടാക്കട, നെയ്യാറ്റിന്‍കര, പാറശാല, കോവളം, മണ്ഡലങ്ങളില്‍, നാടാർ , ലെത്തീൻ കത്തോലിക്കാ വിഭാഗങ്ങള്‍ പ്രബല ശക്തികളാണ്. ആറ്റിങ്ങലും, ചിറയിൻകീഴും സംവരണ മണ്ഡലങ്ങൾ . വർക്കല ഈഴവ സമുദായവും, മറ്റു മണ്ഡലങ്ങളില്‍ നായർ സമുദായവും പ്രബലമാണ്.
ഇപ്രാവിശ്യം ആർ .എസ്‌.പി ഇടതുമുന്നണി വിട്ടു യു.ഡി.എഫിലെത്തി , ജെ.എസ്‌.എസ്‌. യുഡിഎഫ്. വിട്ടു. കേരള കോണ്‍ഗ്രസ്‌ എം പിളർന്നു ആന്റണി രാജുവും കൂട്ടരും എല്‍ഡി.എഫില്‍ ചേക്കേറി. ഇക്കൂട്ടത്തില്‍ ആർ .എസ്‌.പിക്ക് മാത്രമേ തിരുവനന്തപുരം ജില്ലയില്‍ ചില സ്ഥലങ്ങളില്‍ ശക്തിയുള്ളത്. വരുന്ന തെരഞ്ഞെടുപ്പിൽ ഇത്തരം മാറ്റങ്ങള്‍ക്കു എന്തു ഫലം കിട്ടും എന്നത് കാത്തിരുന്നു കാണാം.