മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സരിത സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി

single-img
4 April 2016

saritha-s-nair

സരിത എസ്. നായര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സരിതയ്ക്ക് വിശ്വാസ്യതയില്ല. തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി വന്നിരിക്കുന്നതില്‍ രാഷ്ട്രീയമില്ലേ എന്ന സംശയവും പ്രകടിപ്പിച്ചു. സോളാര്‍ കമ്മീഷനില്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സരിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് ബി. കെമാല്‍ പാഷയാണ് സരിതയെ രൂക്ഷമായി വിമര്‍ശിച്ചത്.

പരാതിയുണ്‌ടെങ്കില്‍ ശ്രീധരന്‍ നായര്‍ നേരിട്ട് വരട്ടെ. അല്ലാതെ പരാതിക്കാരന് വേണ്ടി പ്രതി എങ്ങനെ കേസുകള്‍ നടത്തുമെന്നും കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ കളികളില്‍ താത്പര്യമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കഴമ്പുള്ള കേസുകള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരിഗണനയിലുണെന്നും കോടതിയുടെ സമയം വെറുതെ പാഴാക്കരുതെന്നും സരിതയെ മകാടതി ഓര്‍മ്മിപ്പിച്ചു.

മുഖ്യമന്ത്രിക്കെതിരെ പരാതി ഉണ്‌ടെങ്കില്‍ സരിത അക്കാര്യം ഉന്നയിക്കണം. എന്തിന് ശ്രീധരന്‍ നായരുടെ കേസിനെ കൂട്ടുപിടിക്കുന്നെന്നും സരിതയുടെ ഹര്‍ജിയില്‍ വാദം നടക്കവേ കോടതി ചോദിച്ചു. മുഖ്യമന്ത്രിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് കോടതി നിരീക്ഷണം. 33 കേസുകളില്‍ സരിത പ്രതിയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സരിതയ്ക്ക് വിശ്വാസ്യതയില്ലെന്നു കോടതി നിരീക്ഷിച്ചത്. സരിതയെ രൂക്ഷമായി വിമര്‍ശിച്ച കോടതി ഹര്‍ജി തള്ളി.