തൃശൂര്‍ മണ്ഡലത്തില്‍ വന്‍ വിജയം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് ലീഡര്‍ കെ. കരുണാകരന്റെ മകളെ

single-img
2 April 2016

25-1456369845-padmaja-venugopal

ദിവസം പതിനെട്ട് മണിക്കൂര്‍ ജോലി ചെയ്ത് ലക്ഷ്യസ്ഥാനത്തെത്താന്‍ കൂടെയുള്ളവര്‍ക്ക് മാതൃകകാണിച്ച ഒരു നേതാവുണ്ടായിരുന്നു. രാഷ്ട്രീയത്തിലെ ഭീഷ്മാചര്യനെന്ന് കേരളം വിളിച്ചിരുന്ന ജനകീയനെന്ന് നാടും നാട്ടുകരും വിളിച്ചിരുന്ന കേരളത്തിന്റെ ഒരേയൊരു ലീഡര്‍. കണ്ണോത്ത് കരുണാകരനെന്ന കെ. കരുണാകരന്‍. ആ ലീഡറുടെ മകളും മകാണ്‍ഗ്രസ് നേതാവുമായ ശ്രീമതി പത്മജ വേണുഗോപാലാണ് തൃശൂരില്‍ നിന്നും ഇത്തവണ യു.ഡി.എഫിനുവേണ്ടി ജനവിധി തേടുന്നത്.

വര്‍ഷങ്ങളോളം തന്റെ അച്ഛന്‍ കൈയടക്കിവെച്ചിരുന്ന മണ്ഡലത്തില്‍, വ്യക്തി ബന്ധങ്ങള്‍ കൈമുതലാക്കി ജയിച്ചു കയറുവാന്‍ തന്നെയാണ് പത്മജ വേണുഗോപാല്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കല്‍ പുരോഗമിക്കവെ തൃശൂരില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് പത്മജ തന്റെ ആഗ്രഹം വെളിപ്പെടുത്തിയിരുന്നു. മുതിര്‍ന്ന നേതാക്കള്‍ തുടര്‍ച്ചയായി മത്സരിച്ചു ജയിക്കുന്നത് അയോഗ്യതയല്ലെങ്കിലും ചെറുപ്പക്കാര്‍ക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ അവസരം നല്‍കണമെന്നും പത്മജ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് കൂടുതല്‍ അവസരം നല്‍കണം. കെപിസിസി ഭാരവാഹിത്വത്തിലേക്ക് കൂടുതല്‍ വനിതകളെത്തിയതു പോലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലും കൂടുതല്‍ വനിതാ സ്ഥാനാര്‍ഥികളെ ഉള്‍ക്കൊള്ളിക്കുമെന്നും പത്മജ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണം നേടുമെന്നും പത്മജ പറഞ്ഞു.

എന്നാല്‍ തനിക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അക്കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും പത്മജ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ ഏതു മണ്ഡലത്തിലും മത്സരിക്കും. എന്നാല്‍ ജനപിന്തുണ കൂടുതലുള്ളതുകൊണ്ടും അച്ഛനോടുള്ള വൈകാരികമായ അടുപ്പമുള്ളതുകൊണ്ടും തൃശൂരാണ് താത്പര്യമെന്നായിരുന്നു പത്മജ അറിയിച്ചത്.

സി.എന്‍ ബാലകൃഷ്ണനു ശേഷം തൃശൂരില്‍ ആര് എന്ന ചോദ്യത്തിന് അതുകൊണ്ടുതന്നെ കെ.പി.സി.സിക്ക് വേറൊരുമുഖം ആലോചിക്കേണ്ടി വന്നില്ല. വമ്പന്‍ ഭൂരിപക്ഷത്തോടെ തെന്ന തൃശൂരില്‍ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് തൃശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും. തങ്ങളുടെ ലീഡറുടെ മകളുടെ തെരഞ്ഞെടുപ്പ് വിജയമെന്ന ലക്ഷ്യത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് പ്രവര്‍ത്തകള്‍.