അങ്കമാലി സീറ്റ് തിരിച്ചെടുത്തതിലൂടെ കൂടെ കൊണ്ടു നടന്നിട്ട് തങ്ങളോട് ക്രൂരമായ വഞ്ചനയാണ് കോണ്‍ഗ്രസ് കാട്ടിയതെന്ന് ജോണി നെല്ലൂര്‍

single-img
1 April 2016

johny

കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് സിറ്റിംഗ് സീറ്റായ പിറവം മാത്രം നല്‍കിയാല്‍ മതിയെന്ന് കോണ്‍ഗ്രസ് തീരുമാനം. അങ്കമാലി സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുത്തു. കോണ്‍ഗ്രസ് തീരുമാനത്തിനെതിരേ പ്രതിഷേധവുമായി കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ രംഗത്തെത്തി. കൂടെ കൊണ്ടു നടന്നിട്ട് തങ്ങളോട് ക്രൂരമായ വഞ്ചനയാണ് കോണ്‍ഗ്രസ് കാട്ടിയതെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.

ലോകം കണ്ടിട്ടുളളതില്‍ വെച്ച് ഏറ്റവും വലിയ വഞ്ചനയാണ് കോണ്‍ഗ്രസ് തങ്ങളോട് കാട്ടിയിരിക്കുന്നത്. നീതികേട് എന്നൊന്നും ഇതിനെ പറഞ്ഞാല്‍ പോരെന്നും, അതിനെക്കാള്‍ വലിയ വാക്കാണ് ഇതിനുപയോഗിക്കേണ്ടതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. തങ്ങള്‍ മത്സരിച്ചുകൊണ്ടിരുന്ന മൂവാറ്റുപുഴ പിടിച്ചെടുത്താണ് അങ്കമാലി സീറ്റ് തരുന്നത്. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ അങ്കമാലി തങ്ങളുടെ മണ്ഡലമാക്കി മാറ്റിയെടുക്കാന്‍ കഴിഞ്ഞിരുന്നു. പക്ഷേ ഇപ്പോള്‍ ഹൈക്കമാന്‍ഡിന്റെ ശുപാര്‍ശയില്‍ ആരോ ഈ സീറ്റില്‍ മത്സരിക്കാന്‍ വരികയാണ്. യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചനാണ് സീറ്റ് തരില്ലെന്ന കാര്യം നേരിട്ടറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിലേറി ആറുമാസം കഴിയുമ്പോള്‍ നിയമസഭയില്‍ അംഗമാക്കാമെന്നും അതുവരെ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നുവെന്നും, എന്തടിസ്ഥാനത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് തനിക്ക് മനസിലായില്ലെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി. ഒരു തെരഞ്ഞെടുപ്പിനു വേണ്ടിയുളള മുഴുവന്‍ മുന്നൊരുക്കങ്ങളും താന്‍ മണ്ഡലത്തില്‍ നടത്തിയിരുന്നെന്നും ജോണി പറഞ്ഞു.

തങ്ങളുടെ പാര്‍ട്ടിയെ ഇല്ലാതാക്കാനുളള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇടതുമുന്നണിമയാട് അയിത്തമില്ല. രാഷ്ട്രീയ വനവാസത്തിനൊന്നും തങ്ങളുടെ പാര്‍ട്ടിയോ, നേതാക്കന്‍മാരോ പോകില്ല. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചയ്ക്കായി നേതൃയോഗം മൂന്നുമണിക്ക് വിളിച്ചിട്ടുണ്ടെന്നും, അതില്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.