തെരഞ്ഞെടുപ്പ് മത്സരരംഗത്തേക്കില്ലെന്ന് സുധീരൻ;സീറ്റ് തർക്കത്തിൽ നേതാക്കളുമായി ഇന്നു സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തും

single-img
31 March 2016

9tkpcc3നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കോണ്‍ഗ്രസ്സില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് സുധീരന്‍ നിലപാട് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം അറിയിച്ചു.
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്‌ക്രീനിങ് കമ്മറ്റി ഇന്ന് ന്യൂഡല്‍ഹിയില്‍ വീണ്ടും ചേരുന്നുണ്ട്. തര്‍ക്കങ്ങള്‍ ഇന്നത്തോടെ പരിഹരിക്കണമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയില്‍ എത്തിക്കരുതെന്നും കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം നേതാക്കൾ ഇന്നു തന്നെ സോണിയയെ കാണും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാകും സോണിയ ഗാന്ധിയുമായി ആദ്യം കൂടിക്കാഴ്ച നടത്തുക. തുടർന്ന് രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തും. കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ വൈകിട്ട് നാലരയ്ക്കു സോണിയയെ കാണും. അതേസമയം, കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗം മുകുൾ വാസ്നിക് മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെ വീട്ടിലെത്തി ചർച്ച നടത്തി.

ആരോപണ വിധേയരും നാലില്‍ കൂടുതല്‍ തവണ മത്സരിച്ചവരും മാറി നില്‍ക്കണമെന്ന മാനദണ്ഡം സുധീരന്‍ അവതരിപ്പിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. മന്ത്രിമാരായ കെ.സി. ജോസഫ്, കെ.ബാബു, അടുര്‍ പ്രകാശ് എന്നിവരുടെയും ബെന്നി ബെഹനാന്റെയും സീറ്റുകളിലേക്ക് സുധീരന്‍ സ്ഥാനാര്‍ഥികളെ നിര്‍ദേശിച്ചതോടെ അദ്ദേഹത്തിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ ശക്തമായി രംഗത്തുവന്നിരുന്നു.