ഇന്ന് ലോക ഇഡലി ദിനം; രുചിലോകത്തിന് ഇന്നും ഒരത്ഭുതമായി കേരളത്തിന്റെ സ്വന്തം രാമശ്ശേരി ഇഡലി

single-img
30 March 2016

Ramasseri

രുചിവൈവിദ്ധ്യത്തിന്റെ നാടാണ് കേരളം. സദ്യയും വള്ളസദ്യയും വിവിധയിനം പ്രാതല്‍ വൈവിദ്ധ്യങ്ങളും നമ്മുടെ മലയാളക്കരയ്ക്കു മാത്രം സ്വന്തം. ആ ഒരു ഗണത്തില്‍ രുചിലോകത്തെ ഏറെ അതിശയിപ്പിച്ച ഒന്നാണ് രാമശ്ശേരി ഇഡലി. പാലക്കാട് ജില്ലയിലെ രാമശ്ശേരി എന്ന ഗ്രാമത്തില്‍ നിന്നും ലോകത്തിന്റെ രുചി വൈവിദ്ധ്യമശ്രണിയില്‍ തനതായ ഒരിടം കണ്ടെത്തിയ കേരളത്തിന്റെ സ്വന്തം ഇഡലി.

പാലക്കാട് -കോയമ്പത്തൂര്‍ ദേശീയ പാതയില്‍ പാലക്കാട് ടൌണില്‍ നിന്നും ഏകദേശം 10 കിലോമീറ്റര്‍ അകലെയാണ് രാമശ്ശേരി ഗ്രാമം. നെല്‍പ്പാടങ്ങള്‍ക്ക് നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തില്‍ നിന്നാണ് പ്രസ്ിദ്ധമായ രാമശ്ശേരി ഇഡലിയുടെ ജനനം. രാമശ്ശേരിയിലെ ഒന്നു രണ്ടു കടകളില്‍ മാത്രമാണ് ഈ ഇഡലി ലഭിക്കുന്നത്. സരസ്വതി ടീ സ്റ്റാള്‍ , ശങ്കര്‍ വിലാസ് ടീ സ്റ്റാള്‍ അങ്ങനെപോകുന്നു ആ കടകളുടെ പേരുകള്‍.

the-shop-insert-1

കോയമ്പത്തൂര്‍ നിന്ന് നൂറ്റാണ്ട്കള്‍ക്ക് മുന്‍പ് കുടിയേറിയ മുതലിയാര്‍ കുടുംബമാണ് രാമശ്ശേരി ഇഡലിയുടെ ഉപജ്ഞാതാക്കളെന്ന് പറയപ്പെടുന്നു. അന്ന് ഉപജീവനത്തിനു വേണ്ടി അവര്‍ നിര്‍മ്മിച്ച ഇഡലിയുടെ പ്രത്യേക രുചി പെട്ടെന്ന് ജനങ്ങളെ സ്വാധീനിക്കുകയായിരുന്നു. അങ്ങനെ കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ലോകത്തെമ്പാടും പെരുമയായി മാറി, രാമശ്ശേരി ഇഡലിയെന്ന വിസ്മയം. മുതലിയാര്‍ കുടുംബത്തിനു പരമ്പരാഗതമായി ലഭിച്ച രാമശ്ശേരി ഇഡലിയുടെ നിര്‍മ്മാണ രഹസ്യം അവിടെയുള്ള മൂന്നോ നാലോ കുടുംബക്കാര്‍ക്ക് മാത്രമേ ഇന്ന് അറിയുള്ളുവെന്നാണ് വിവരം. രാമശ്ശേരി ഇഡലി പരമ്പരാഗതമായി നിര്‍മ്മിക്കുന്നത് ഇന്നും അവര്‍ മാത്രമാണ് താനും.

ഗ്യാസിലോ സ്റ്റൗവിലോ രാമശ്ശേരി ഇഡലിയുണ്ടാക്കാറില്ല. വിറകടുപ്പില്‍, വലിയ മണ്‍പാത്രത്തില്‍ വെള്ളം തിളപ്പിച്ചാണ് ഇഡലിക്ക് ആവി കയറ്റുന്നത്. ഇന്ന് മണ്‍പാത്രങ്ങള്‍ക്ക് പകരം അലുമിനിയപാത്രവും ഉപയോഗിക്കുന്നുണ്ട്. കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ച ചെറിയ മണ്‍ പാത്രത്തിന്റ് വായ ഭാഗത്ത് തുണി വിരിച്ച് അതില്‍ ഇഡലി മാവ് ഒഴിച്ച് മറ്റൊരു മണ്‍ പാത്രം കൊണ്ട് അതിനെ അടച്ചു മൂടി ആവിയില്‍ പുഴുങ്ങിയാണ് രാമശ്ശേരി ഇഡലിയെന്ന രുചിവൈവിദ്ധ്യം നിര്‍മ്മിച്ചെടുക്കുന്നത്. അടുപ്പില്‍ പുളി മരത്തിന്റെ വിറക് മാത്രമേ പാചകത്തിന് ഉപയോഗിക്കാറുള്ളു. ഇഡലി നിര്‍മ്മിക്കാനുപയോഗിക്കുന്ന അരിക്കുമുണ്ട് പ്രത്യേകത. പൊന്നി അരിയാണ് സാധാരണ ഇതിനുപയോഗിക്കുന്നത്. കഴാമ , തവള കണ്ണന്‍ എന്നിവയും ഉപയോഗിക്കാറുണ്ട്.

ramasseri 2

ഇഡലി നിര്‍മ്മാണത്തിനായി ഉഴുന്ന് മൂന്നു മണിക്കൂറും അരി ഒരു മണിക്കൂറുമാണ് കുതിര്‍ക്കുന്നത്. രണ്ടു ചേരുവകളും പ്രത്യേകം അരച്ചെടുത്ത ശേഷം നന്നായി കൂട്ടി യോജിപ്പിച്ച് 4 മണിക്കൂറോളം പുളിയ്ക്കാന്‍ വെയ്ക്കും. ഉഴുന്ന് അരയ്ക്കുമ്പോള്‍ ഒരു നുള്ള് കായം കൂടി ചേര്‍ക്കും. ഈ ഇഡലി സാധാരണ ഇഡലിയില്‍ നിന്നും വളരെ വ്യത്യസ്തവുമാണ്. നന്നായി പരന്നതും വട്ടത്തിലുമാണ് ഇതിന്റെ രൂപം. ഇഡലിക്ക് നല്ല മാര്‍ദ്ദവവും രുചി അനിര്‍വചനീയവുമായിരിക്കും. ഇഡലിയുടെ കൂടെ എരിവുള്ള ചമ്മന്തിപ്പൊടിയുംപ ലഭിക്കുന്നു. ഈ ചമ്മന്തിപ്പൊടി വെളിച്ചെണ്ണയൊഴിച്ച് കുഴച്ച് ഇഡലിക്കൊപ്പം കഴിക്കണം. അരി വറുത്തെടുത്ത് കുരുമുളക് , ഉഴുന്ന് പൊടി, വറ്റല്‍ മുളക് എന്നിവയുമായി ചേര്‍ത്ത് പൊടിച്ചാണ് ഈ ചമ്മന്തിപ്പൊടി തയ്യാര്‍ ചെയ്യുന്നത്.

ഈ ഇഡലി ഒരാഴ്ച വരെ കേടു കൂടാതെ ഇരിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. മാത്രമല്ല ഈ ഇഡലി രാമശ്ശേരിയില്‍ നിന്നല്ലാതെ മറ്റൊരിടത്ത് നിന്നും കിട്ടുകയുമില്ലെന്ന പ്രത്യേകതയുമുണ്ട്. അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ രുചിപോലെയാണ് രാമശ്ശേരി ഇഡലിയുടെ രുചിയും. നിര്‍മ്മിക്കുന്ന ഇടം മാറിയാല്‍ തനത് രുചി കിട്ടില്ലെന്നര്‍ത്ഥം.