ഉത്തരാഖണ്ഡില്‍ ജനാധിപത്യത്തെ ശ്വാസം മുട്ടിക്കുകയാണു ബിജെപി ചെയ്തതെന്നു ശിവസേന

single-img
30 March 2016

uddhav-thackeray02_0

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ സംഭവത്തെ മുന്‍നിര്‍ത്തി എന്‍ഡിഎയുടെ ഘടകകക്ഷിയായ ശിവസേന ബിജെപിയെ വമര്‍ശിച്ചു. ഉത്തരാഖണ്ഡില്‍ ജനാധിപത്യത്തെ ശ്വാസം മുട്ടിക്കുകയാണു ബിജെപി ചെയ്തതെന്നും ഇത് രാജ്യത്തു അസ്ഥിരതയും അരാജകത്വവും സൃഷ്ടിക്കുന്ന കാര്യമാണെന്നും ശിവസേനയുടെ പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ പറയുന്നു.

മഹാരാഷ്ട്രയില്‍ ബിജെപിയുമായി ചേര്‍ന്നുണ്ടാക്കിയ സഖ്യം താല്കാലികവും രാഷ്ട്രീയ സമ്മര്‍ദം മൂലമുണ്ടായതുമാണ്. ഒന്‍പതു വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ കൂട്ടുപിടിച്ചാണു ഉത്തരാഖണ്ഡില്‍ ബിജെപി കുഴപ്പങ്ങളുണ്ടാക്കിയത്. സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം ഗവര്‍ണര്‍ നല്‍കിയതാണ്. അതിന്റെ തലേദിവസം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിലൂടെ ബിജെപി എന്താണു നേടിയതെന്നും ശിവസേന ചോദിച്ചു.

കോണ്‍ഗ്രസ് അഴിമതി നിറഞ്ഞ പാര്‍ട്ടിയാണ്. അവര്‍ക്ക് അധികാരം നഷ്ടപ്പെടുന്നതില്‍ ശിവസേനയ്ക്കു യാതൊരു വിഷമവുമില്ല. പക്ഷേ, ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ താഴെയിറക്കേണ്ടതു ആ രീതിയില്‍ തന്നെയാകണമെന്നും പാര്‍ട്ടിമുഖപത്രത്തില്‍ പറയുന്നു.