പാക് അന്വേഷണ സംഘം ഇന്ന് പഠാന്‍കോട്ട് വ്യോമ സേനാ താവളത്തില്‍

single-img
29 March 2016

pathankot_2791958f

പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് ഇന്ത്യയിലത്തെിയ പാക് സംഘം ഇന്ന് പത്താന്‍കോട്ട് വ്യോമതാവളം സന്ദര്‍ശിക്കും. ഭീകരാക്രമണത്തിന്‍െറ ശരിയായ വിവരങ്ങള്‍ നേരിട്ടറിയുന്നതിന് സംഭവസ്ഥലം സന്ദര്‍ശിക്കണമെന്ന പാക് സംഘത്തിന്‍െറ ആവശ്യം ഇന്ത്യ അംഗീകരിക്കുകയായിരുന്നു.തീവ്രവാദി ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാക് സംഘം ഇന്ത്യയിലെത്തുന്നത് ആദ്യമായാണ്.

രാവിലെ അമൃത്സര്‍ വിമാനത്തവാളത്തില്‍ വന്നിറങ്ങിയ സംഘം ബുള്ളറ്റ് പ്രൂഫ് കാറുകളിലാണ് പഠാന്‍കോട്ടേക്ക് യാത്രയായത്.

അതേസമയം, തന്ത്രപ്രധാനമായ വ്യോമതാവളത്തില്‍ പാക് രഹസ്യാന്വേഷണ ഏജന്‍സി ഐ.എസ്.ഐയുടെ പ്രതിനിധികൂടി ഉള്‍പ്പെട്ട പാക് സംഘത്തെ പ്രവേശിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു.ഭീകരരെ പിടികൂടാന്‍ സഹായിക്കുന്നതില്‍ പാകിസ്താന്‍ ഒരു ഉറപ്പും നല്‍കിയിട്ടില്ളെന്നിരിക്കെ, പാക് സംഘത്തെ പത്താന്‍കോട്ടില്‍ കൊണ്ടുപോയ മോദിസര്‍ക്കാറിന് പിഴച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല കുറ്റപ്പെടുത്തി. ഇന്ത്യയില്‍ നിരന്തരം ആക്രമണം സംഘടിപ്പിക്കുന്ന ഐ.എസ്.ഐക്കും പാകിസ്താനും മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

സുരക്ഷ മുന്‍നിര്‍ത്തി വ്യോമസേനാ താവളത്തില്‍ പരിമിതസാന്നിധ്യം മാത്രമാണ് സംഘത്തിന് നല്‍കിയിരിക്കുന്നത്. തന്ത്രപ്രധാന മേഖലകളിലേക്ക് സംഘത്തെ പ്രവേശിപ്പിക്കില്ല. തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായ സ്ഥലത്തുനിന്ന് പാക് സംഘം തെളിവുകള്‍ ശേഖരിക്കും. ഗുര്‍ദാസ്പുര്‍ പോലീസ് സൂപ്രണ്ട് സല്‍വീന്ദര്‍ സിങ്, പാചകക്കാരന്‍ മദന്‍ ഗോപാല്‍, സല്‍വീന്ദര്‍ സിങ്ങിന്റെ സുഹൃത്ത് രാജേഷ് വര്‍മ എന്നിവരില്‍നിന്ന് പാക് സംഘം മൊഴിയെടുക്കും. എന്നാല്‍, എന്‍.എസ്.ജി., ബി.എസ്.എഫ്. എന്നിവയുടെ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാന്‍ അനുവദിക്കില്ല.

ഞായറാഴ്ച ഇന്ത്യയിലത്തെിയ അഞ്ചംഗ പാക് സംഘം തിങ്കളാഴ്ച ഡല്‍ഹി എന്‍.ഐ.എ ആസ്ഥാനം സന്ദര്‍ശിച്ചു. പത്താന്‍കോട്ട് ആക്രമണ കേസിലെ ഏതാനും സാക്ഷികളില്‍നിന്ന് പാക് സംഘം മൊഴിയെടുത്തു. ഇതിനായി സാക്ഷികളെ എന്‍.ഐ.എ ആസ്ഥാനത്ത് വിളിച്ചുവരുത്തിയിരുന്നു. സാക്ഷികളില്‍ ഉള്‍പ്പെട്ട എന്‍.എസ്.ജി കമാന്‍ഡോകളെയും ബി.എസ്.എഫുകാരെയും ചോദ്യംചെയ്യാന്‍ പാക് സംഘത്തെ അനുവദിച്ചിട്ടില്ളെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു.

ആദ്യമായാണ് പാക് ചാരസംഘടനയായ ഐ.എസ്.ഐ. ഒരു അന്വേഷണത്തിന്റെ ഭാഗമാകുന്നത്.