റോഡരികില്‍ യാതൊരു പ്രകോപനവുമുണ്ടാക്കാതെ തന്റെ കുട്ടിയോടൊപ്പം നില്‍ക്കുകയായിരുന്ന കാട്ടാനയെ കാറിലെത്തിയ യുവാക്കള്‍ കല്ലെറിഞ്ഞ് ഉപദ്രവിച്ചു

single-img
29 March 2016

Kattana

ദേശീയപാതയ്ക്കരികില്‍ തന്റെ കുട്ടിയോടൊപ്പം നില്‍ക്കുകയായിരുന്ന കാട്ടാനയെ ഒരു സംഘം യുവാക്കള്‍ കല്ലെറിഞ്ഞ് ഉപദ്രവിച്ചു. സംഭവം വിവാദമായതോടെ ഉന്നതരുടെ ഒത്താശയോടെ കേസ് ദുര്‍ബലമാക്കാന്‍ നീക്കം നടക്കുന്നുവെന്ന് സൂചനകള്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ദേശീയപാത 212-ല്‍ പൊന്‍കുഴിക്കം -തകരപ്പാടിക്കും ഇടക്ക് വെച്ചാണ് സംഭവം.

റോഡിന്റെ അരുകില്‍ തന്റെ കുട്ടിയുമായി നിന്ന തള്ളയാനയെ കാറില്‍ വന്ന യുവാക്കള്‍ കല്ലെറിയുകയായിരുന്നു. അതുവഴി ധാരാളം വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടായിരുന്നെങ്കിലും യാതൊരു പ്രകോപനവും സൃഷ്ടിക്കാതെ ശാന്തമായി നിലയുറപ്പിച്ചിരുന്ന ആനകളെയാണ് ഇവര്‍ ഉപദ്രവിച്ചത്.

മൈസൂര്‍ ഭാഗത്ത് നിന്ന് ബത്തേരി ഭാഗത്തേക്ക് കാറില്‍ വന്ന നാല് അംഗ സംഘമാണ് ആനകളെ കല്ലെറിഞ്ഞത്. ഏറുകൊണ്ട് പ്രകോപിതയായ ആന ഒന്നിലധികം തവണ യുവാക്കള്‍ക്ക് മനരെ ചീറിയടുത്തെങ്കിലും വീണ്ടും തിരിച്ചു വന്ന് അവര്‍ കല്ലെറിയുകയായിരുന്നു. സംഭവത്തില്‍ കാട്ടാനയെ വേട്ടയാടിയെന്ന കുറ്റം ചുമത്തി മുത്തങ്ങ റെയ്ഞ്ച് കേസ്സെടുത്തിട്ടുണ്ട്. വനം വന്യജീവി സംരക്ഷണ നിയമം 1972 സെക്ഷന്‍ 9 അനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കുറ്റം തെളിഞ്ഞാല്‍ 7 വര്‍ഷം വരെ തടവും,25000 രൂപ വരെ പിഴയും ഒടുക്കേണ്ടി വരുമെന്ന് അധികൃതര്‍ പറയുന്നു.

എന്നാല്‍ കാട്ടാനകളെ കല്ലെറിഞ്ഞ കേസ് ദുര്‍ബലമാക്കാന്‍ നീക്കം നടക്കുന്നതായി വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. വഴിയോരത്തുനിന്ന കാട്ടാനകളെ കാര്‍നിര്‍ത്തി പുറത്തിറങ്ങി യുവാക്കള്‍ കല്ലെറിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വനം-വന്യജീവി വകുപ്പിനു ലഭിച്ചതനുസരിച്ച് പോലീസ് കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റുചെയ്യാനും കാര്‍ കസ്റ്റഡിയിലെടുക്കാനും വനം-വന്യജീവി വകുപ്പ് തയാറാകുന്നില്ല. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന്റെ സൂചനയാണ് പ്രതികളുടെ അറസ്റ്റ് വൈകിപ്പിക്കുന്നതെന്നും സമിതി കുറ്റപ്പെടുത്തി.

ചാനലുകളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ പലരും യുവാക്കളെ തിരിച്ചറിഞ്ഞുവെങ്കിലും തങ്ങള്‍ പ്രതികളെ തിരിച്ചറിഞ്ഞില്ലെന്ന വനം ഉദ്യോഗസ്ഥരുടെ നിലപാട് ബാലിശമാണെന്നും സമിതി കുറ്റപ്പെടുത്തി. പ്രതികളെ പിടികൂടുന്നതിനു യഥാര്‍ഥ തടസ്സം രാഷ്ട്രീയ സമ്മര്‍ദങ്ങളാണെന്നും കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകളേയും അറസ്റ്റുചെയ്യാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഉദ്യോഗസ്ഥര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.