പത്താന്‍കോട്ട് ആക്രമണം: ചരിത്രത്തിലാദ്യമായി തീവ്രവാദ കേസ് അന്വേഷിക്കാന്‍ ഒരു പാക് സംഘം ഇന്ത്യയിൽ;സംഘത്തോടൊപ്പം ഐഎസ്‌ഐ ഉദ്യോഗസ്ഥരും

single-img
27 March 2016

Pathankotപത്താന്‍കോട്ട് ഭീകരാക്രണ അന്വേഷണത്തിന്റെ ഭാഗമായി പാക് അന്വേഷണ സംഘം ഇന്ന് ഇന്ത്യയിലെത്തും. ഇന്റര്‍ സെര്‍വീസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ), മിലട്ടറി ഇന്റലിജന്‍സ്, പൊലിസ് വിഭാഗത്തില്‍പ്പെട്ട സംഘമാണ് ഇന്ത്യയിലെത്തുക.

ആക്രമണത്തിനു ഉത്തരവാദികളായവര്‍ക്കെതിരേ പാക്കിസ്ഥാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ളെക്കുറിച്ചു ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ആരായും. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ശേഖരിച്ച തെളിവുകള്‍ പാക്കിസ്ഥാന്‍ സംഘവുമായി പങ്കുവയ്ക്കും.

പക്ഷേ, സാക്ഷികളെ ചോദ്യം ചെയ്യാനുള്ള അനുവാദം മാത്രമേ സംഘത്തിനു ലഭിക്കൂ. സുരക്ഷാ സേനാംഗങ്ങളെ ചോദ്യം ചെയ്യാന്‍ ഇവര്‍ക്കു കഴിയില്ല. പത്താന്‍കോട്ടിലും അവര്‍ക്കു നിയന്ത്രണമുണ്ടാകും.

ഭീകരര്‍ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടെന്നു പറയുന്ന പൊലിസുദ്യോഗസ്ഥനെ പാകിസ്താന്‍ സംഘത്തിന് കാണാന്‍ അനുവദിക്കില്ല. കേസിലെ മുഖ്യസാക്ഷിയാണിയാള്‍.

ഇതാദ്യമായാണ് തീവ്രവാദ കേസ് അന്വേഷിക്കാന്‍ ഒരു പാക് സംഘം ഇന്ത്യയിലെത്തുന്നത്. അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലിസ് മുഹമ്മദ് താഹിര്‍ റായ്, ജനറല്‍ ഇന്റലിജന്‍സ് ബ്യൂറോ ലാഹോര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അസിം അര്‍ഷാദ്, ഐ.എസ്.ഐ ലഫ്. കേണല്‍ തന്‍വീര്‍ അഹ്മദ്, മിലിട്ടറി ഇന്റലിജന്‍സ് ലഫ്. കേണല്‍ ഇര്‍ഫാന്‍ മിര്‍സ, സി.ടി.ഡി ഉദ്യോഗസ്ഥന്‍ ഷാഹിദ് തന്‍വീര്‍ എന്നിവരാണ് സംഘത്തിലുണ്ടാവുക.