എ.കെ.ജി ദിനത്തിന്റെയന്ന് തലൂക്കര എ കെ ജി സ്മാരക വായനശാല ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഗ്നിക്കിരയാക്കി

single-img
23 March 2016

AKGആലത്തിയൂര്‍ തലൂക്കര എ കെ ജി സ്മാരക വായനശാല ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഗ്നിക്കിരയാക്കി. എ കെ ജി ദിനമായ ഇന്നലെ പുലര്‍ച്ചേയാണ് അയ്യായിരത്തിലധികം പുസ്തകങ്ങളും ഫര്‍ണിച്ചറുകളും സംഗീതോപകരണങ്ങളുമടക്കം കെട്ടിടം കത്തിച്ചത്. പുലര്‍ച്ചെ രണ്ടോടെ അമ്പതിലേറെ വരുന്ന സംഘമാണ് ഈ കൃത്യം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വായനശാലയുടെ പൂട്ട് തകര്‍ത്ത് അകത്തുകയറിയ സംഘം ജനല്‍ച്ചില്ലുകള്‍, അലമാര, കസേരകള്‍, ബെഞ്ചുകള്‍ എന്നിവ തകര്‍ത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അഞ്ച് അലമാര, അഞ്ച് മേശ, ഒരു വായനാമേശ, 60 കസേര, 50 സ്റ്റൂളുകള്‍, ടെലിവിഷന്‍, തബല, ഹാര്‍മോണിയം, വയലിന്‍, ഗിത്താര്‍, ഓടക്കുഴല്‍ തുടങ്ങിയവ പൂര്‍ണമായി കത്തിനശിച്ചു. രണ്ട് ലക്ഷത്തിലധികം രൂപ വിലവരുന്ന അയ്യായിരത്തോളം പുസ്തകങ്ങളാണ് കത്തിനശിച്ചത്.

കത്തിനശിച്ച പുസ്തകങ്ങളുടെ കൂട്ടത്തില്‍ നിരവധി അപൂര്‍വ പുസ്തകങ്ങളും റഫറന്‍സ് ഗ്രന്ഥങ്ങളുമുണ്ട്. അഗ്നിയില്‍ അഞ്ച് ഫാനുകള്‍ ഉരുകി താഴെ വീണു. 25 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.