മണിയുടെ മൂത്ര സാമ്പിളില്‍ കഞ്ചാവും കറപ്പും; ഇടുക്കിയിലെ ഒരു വനിതാ ഡോക്ടറുമായുള്ള മണിയുടെ സൗഹൃദം ചോദ്യം ചെയ്തിരുന്ന രണ്ട് ബന്ധുക്കള്‍ സംശയത്തില്‍

single-img
21 March 2016

2148_Kalabhavan-Mani

കലാഭവന്‍ മണിയുടെ അസ്വാഭാവിക മരണത്തെക്കുറിച്ചുള്ള അന്വേഷണം അടുത്ത ബന്ധുക്കളിലേക്ക്. മരണവുമായി ബന്ധപ്പെട്ട് അടുത്ത രണ്ടു ബന്ധുക്കളെ സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചന നല്‍കിക്കഴിഞ്ഞു. മണിയുടെ മരണശേഷം ഇവരുടെ പ്രവൃത്തികളില്‍ അസ്വാഭാവികത ഉണ്ടായിരുന്നതായും ഇവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നുമാണു അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

ഈ ബന്ധുക്കള്‍ ഇടുക്കിയിലെ ഒരു വനിതാ ഡോക്ടറുമായുള്ള മണിയുടെ സൗഹൃദം ചോദ്യം ചെയ്തിരുന്നെന്നും ഇതേത്തുടര്‍ന്ന് ബന്ധുക്കളുമായി മണി അകല്‍ച്ചയിലായിരുന്നെന്നും അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മണിയുടെ മരണത്തിലെ ദുരൂഹതയേറിയിരിക്കുകയാണ്.

മരിക്കുന്നതിനു മുമ്പു മണി കഞ്ചാവും കറപ്പും ഉപയോഗിച്ചിരുന്നെന്നു മണിയെ ചികിത്സിച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ മൂത്ര സാമ്പിള്‍ പരിശോധനയുടെ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. കന്നബീസ് പരിശോധനയിലൂടെയാണു കഞ്ചാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. കറപ്പ് നേരിട്ടോ വേദനസംഹാരികളിലൂടെയോ ശരീരത്തിലെത്തിയതാകാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

എന്നാല്‍ കീടനാശിനിയുടെ അംശം മൂത്രപരിശോധനയില്‍ കണ്ടെത്തിയില്ല. മാര്‍ച്ച് അഞ്ചിനു രാവിലെയാണു മണിയുടെ ശരീരത്തില്‍ വിഷാംശം കലര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ അഞ്ചിനു രാത്രി എട്ടുമണിക്കാണു മൂത്ര സാമ്പിളുകള്‍ ആശുപത്രി അധികൃതര്‍ ശേഖരിച്ചത്. പരിശോധനാഫലം വന്നത് രാത്രി പന്ത്രണ്ടിനും. മൂത്രത്തില്‍ അസ്വാഭാവിക കാര്യങ്ങള്‍ കണ്ടെത്തിയിട്ടും ഹൈ പെര്‍ഫോമന്‍സ് ലിക്വിഡ് ക്രോമാറ്റോഗ്രാഫി പരിശോധന നടത്താത്തതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.