മേജര്‍ രവിയാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട നടനാണ് മോഹന്‍ലാല്‍

single-img
15 March 2016

benyamin

സംവിധായകന്‍ മേജര്‍ രവിയാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട നടനാണ് മോഹന്‍ലാല്‍ എന്ന് സാഹിത്യകാരന്‍ ബെന്യാമിന്‍. പട്ടാളത്തെ ആദരിക്കുന്നതോടൊപ്പം സേനയുടെ അധികാരത്തിന് പരിധി ഉണ്ടാകേണ്ടതുണ്ട്. പട്ടാളം ജനാധിപത്യത്തിനു മേല്‍ ആധിപത്യം സ്ഥാപിച്ച രാഷ്ട്രങ്ങളില്‍ എല്ലാം ഭീതിതമായ അവസ്ഥയാണ് ഉണ്ടായിട്ടുള്ളത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യസ്‌നേഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ നടത്തിയ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് ബെന്യാമിന്റെ അഭിപ്രായപ്രകടനം.

രവിവര്‍മ്മ തമ്പുരാന്റെ ശയ്യാനുകമ്പ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബെന്യാമിന്‍. ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തെ ഭരണകൂട പിന്തുണയോടെ വര്‍ഗ്ഗീയമായി ധ്രുവീകരിക്കാനുള്ള ശ്രമം ഇന്ന് നടന്നുവരുന്നുണ്ട്. അത് അഴിമതിയേക്കാള്‍ വലിയ ആപത്താണ്. എന്നാല്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയ്‌ക്കൊപ്പം ന്യൂനപക്ഷ വര്‍ഗ്ഗീയതയേയും എതിര്‍ക്കണമെന്നും ഇത്തരം ഭിന്നിപ്പുകളുണ്ടാക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണമെന്നും ബെന്യാമിന്‍ പറഞ്ഞു.

എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിക്കൊണ്ടുള്ള പ്രതിഷേധം ചില വിഷയങ്ങള്‍ ജനങ്ങളുടെ മുന്നിലേക്കു കൊണ്ടുവരാനുള്ള ഒരു മാര്‍ഗ്ഗമായിരുന്നു. രോഹിത് വെമൂലയുടെ ആത്മഹത്യയും പെരുമാള്‍ മുരുകന്റെ എഴുത്ത് അവസാനിപ്പിച്ചുകൊണ്ടുള്ള നിലപാടും ഇതു പോലെ സാമൂഹിക പ്രശ്‌നങ്ങളോട് പ്രതികരിക്കാനുള്ള മാര്‍ഗ്ഗങ്ങളായിരുന്നു. എന്നാല്‍ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നതില്‍ മാത്രം പ്രതിഷേധങ്ങള്‍ അവസാനിക്കാതെ അവയ്ക്ക് തുടര്‍ച്ച ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യനെന്ന നിലയില്‍ ഒത്തുചേരാന്‍ പൊതു ഇടങ്ങള്‍ ഇല്ലാത്ത ഒരു അവസ്ഥയാണ് ഇന്നുള്ളത്. എന്നാല്‍ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങള്‍ ഒത്തുമചരുന്നുമുണ്ട്. കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പക്ഷത്തു നില്‍ക്കുക എന്നതാണ് തന്റെ രാഷ്ട്രീയമെന്നും അദ്ദേഹം വ്യക്തമാക്കി.