പാകിസ്താന്‍ സിന്ദാബാദ് എന്നുവിളിക്കുന്നവരുടെ തലവെട്ടിക്കളയുമെന്ന് ബിജെപി ബംഗാള്‍ ഘടകം നേതാവ് ദിലീപ് ഘോഷ്

single-img
3 March 2016

Dilip_Ghosh

ബിജെപി നേതാക്കളുടെ വിവാദപ്രസ്താവനകളില്‍ ബംഗാളില്‍ നിന്നും ഒന്നുകൂടി പുറത്തുവന്നു. പാകിസ്താന്‍ സിന്ദാബാദ് എന്നു വിളിക്കുന്ന ഏതൊരു ഇന്ത്യക്കാരന്റെയും തല വെട്ടിക്കളയുമെന്ന വിവാദ പരാമര്‍ശവുമായാണ് ബിജെപിയുടെ ബംഗാള്‍ ഘടകം നേതാവ് ദിലീപ് ഘോഷ് രംഗത്തെത്തിയത്.

പാകിസ്താന്‍ സിന്ദാബാദ് എന്നുവിളിക്കുന്നവരുടെ ശരീരത്തിനു മുകളില്‍ നിന്നും ആറിഞ്ച് വെട്ടിക്കളയുമെന്ന് ബിര്‍ബുമില്‍ പാര്‍ട്ടി പരിപാടിയില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് ഒരു വിദ്യാര്‍ഥിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാകുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റു ചെയ്ത വിദ്യാര്‍ഥിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നടത്തിയ പൊലീസ് സ്റ്റേഷന്‍ ഉപരോധം സംഘര്‍ഷത്തില്‍ കലാശിക്കുകയും അക്രമാസക്തരായ ആള്‍ക്കൂട്ടം റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. ഇവര്‍ പൊലീസ് സ്റ്റേഷനുനേരെയും ആക്രമണം നടത്തി.

ഈ പ്രദേശത്ത് ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കവെയാണ് ദിലീപ് ഘോഷ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.