മുസ്ലീങ്ങള്‍ക്കെതിരെ കലാപത്തിന് ആഹ്വാനവുമായി വി.എച്ച്.പി യോഗത്തില്‍ കേന്ദ്രമന്ത്രി റാം ശങ്കര്‍ കഠേരിയ

single-img
29 February 2016

Minister

മുസ്ലീങ്ങള്‍ക്കെതിരെ കലാപത്തിന് ആഹ്വാനവുമായി വി.എച്ച്.പി യോഗത്തില്‍ കേന്ദ്രമന്ത്രി റാം ശങ്കര്‍ കഠേരിയ. ആഗ്രിയില്‍ വിഎച്ച്പി പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന അനുശോചന യോഗത്തിലാണ് കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രിയായ കഠേരിയയും മറ്റു ബിജെപി എംപിമാരു കലാപ്തതിന് ആഹ്വാനവുമായി രംഗത്തെത്തിയത്. മുസ്ലിംകള്‍ക്കെതിരെ തെരുവിലിറങ്ങണമെന്നും ആരെങ്കിലും തടയാന്‍ വരുന്നത് കാണട്ടേയെന്നും കഠേരിയ വെല്ലുവിളിക്കുകയായിരുന്നു.

കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി, ബിജെപിയുടെ ആഗ്രാ എംപി റാം ശങ്കര്‍ കഠേരിയ, ഫത്തേപൂര്‍ സിക്രി എംപി ബാബുലാല്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കൊലവിളി. കൊല്ലപ്പെട്ട വിഎച്പി പ്രവര്‍ത്തകന്‍ അരുണ്‍ മഹാവുറിന്റെ അനുശോചന യോഗത്തിലാണ് കൊലവിളി പ്രസംഗം അരങ്ങേറിയത്. യോഗത്തില്‍ നേതാക്കള്‍ മുസ്ലിംകളുടെ വളര്‍ച്ചയെക്കുറിച്ച് ഉത്കണ്ഠപ്പെടുകയും മുസ്ലിം രാക്ഷസന്മാരെ നശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

രാജ്യത്തെ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രസംഗം. മുസ്ലിംകള്‍ക്കെതിരെ നമ്മള്‍ പോരാടേണ്ടതുണ്ട്. ഇനിയും ആയുധമെടുത്തില്ലെങ്കില്‍ അരുണിനെ നഷ്ടപ്പെട്ടത് പോലെ മറ്റൊരാളെയും നഷ്ടപെടും. അതിനാല്‍ അക്രമികള്‍ക്കെതിരെ ഹിന്ദുക്കളുടെ ശക്തി കാണിക്കേണ്ടതുണ്ടെന്നും ചടങ്ങില്‍ പ്രസംഗിച്ച കേന്ദ്രമന്ത്രി റാം ശങ്കര്‍ കഠേരിയ പറഞ്ഞു. മന്ത്രിയായതിനാല്‍ തന്റെ കൈകള്‍ കെട്ടിയിട്ടിരിക്കുകയാണെന്നും നമ്മുടെ നേതാക്കള്‍ ഒരു തീരുമാനത്തിലെത്തി തെരുവിലിറങ്ങാനാണ് ആജ്ഞയെങ്കില്‍ നമ്മള്‍ ആയിരങ്ങള്‍ തെരുവ് പിടിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇത് വെറുതേയിരിക്കേണ്ട സമയമല്ലെന്നും മുഖംമൂടി ധരിച്ച് മുസ്ലിം വീടുകളില്‍ കയറിയിറങ്ങി അവരെ വളയണമെന്നും ഒരു തലയ്ക്ക് പത്തെണ്ണം വീതം കൊയ്യണമെന്നും ബിജെപി എംപിയായ കുണ്ടനിക ശര്‍മ ആഹ്വാനം ചെയ്തു.
തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും അതിന് ശ്രമിച്ചാല്‍ മുസ്ലിംകളെ വെച്ചേക്കില്ലെന്നും എംപി ബാബുലാല്‍ മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണെന്നും തോക്കും വാളുകളുമേന്തി ഹിന്ദുക്കളുടെ ശക്തി കാണിക്കേണ്ട സമയമായെന്നും ബിജെപി എംഎല്‍എ ജഗന്‍ പ്രസാദ് ഗാര്‍ഗും പറഞ്ഞു.

വിഎച്ച്പി ജനറല്‍ സെക്രട്ടറി സുന്ദര്‍ ജെയിന്റെയും ബജ്റംഗ് ദള്‍ നേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ അതീവ സുരക്ഷയിലായിരുന്നു യോഗം. മുസഫര്‍നഗറിന്റെ പരിണിത ഫലം കണ്ടതല്ലേയെന്നും ആഗ്രയെ മറ്റൊരു മുസഫര്‍നഗറാക്കരുതെന്നും സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പായി സുന്ദര്‍ ജയിന്‍ പറഞ്ഞു. രോഷം കൊള്ളാത്തവന്‍ ഹിന്ദുവല്ലെന്ന മുദ്രാവാക്യവുമായി 5000ത്തോളം വരുന്ന പ്രവര്‍ത്തകര്‍ ഇതിനെ എതിരേറ്റു.