വനിതാ എംഎല്‍എ അല്‍ക ലാംബയ്‌ക്കെതിരേ നടത്തിയ ലൈംഗിക പരാമര്‍ശം; ഡല്‍ഹി ബിജെപി എംഎല്‍എ ഒ.പി. ശര്‍മയുടെ നിയമസഭാംഗത്വം റദ്ദാക്കും

single-img
26 February 2016

OP Sharma

വനിതാ എംഎല്‍എ അല്‍ക ലാംബയ്‌ക്കെതിരേ നടത്തിയ ലൈംഗിക പരാമര്‍ശത്തിന്റെ പേരില്‍ ഡല്‍ഹി ബിജെപി എംഎല്‍എ ഒ.പി. ശര്‍മയുടെ നിയമസഭാംഗത്വം റദ്ദാക്കിയേക്കും. നിയമസഭാ എത്തിക്‌സ് കമ്മിറ്റിയാണു ശര്‍മയുടെ അംഗത്വം റദ്ദാക്കാന്‍ ശിപാര്‍ശ നല്‍കിയത്. കമ്മിറ്റിയുടെ നിര്‍ദേശത്തില്‍ നിയമസഭയുടെ അടുത്ത സെഷനില്‍ തീരുമാനമെടുക്കും.

അല്‍ക ലാംബയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഒ.പി. ശര്‍മയെ ശീതകാല സമ്മേളനസമയത്ത് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രണ്്ടര മാസത്തെ അന്വേഷണത്തിനുശേഷം സ്പീക്കര്‍ രാം നിവാസ് ഗോയലിനാണ് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്ന് സ്പീക്കര്‍ എത്തിക്‌സ് കമ്മിറ്റി അന്വേഷണത്തിനു നിര്‍ദേശം നല്‍കുകയായിരുന്നു.

മോശം പരാമര്‍ശത്തിന്റെ പേരില്‍ നിരവധി തവണ ശര്‍മയോടു മാപ്പു പറയാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതിനു വഴങ്ങാതിരുന്നതിനെത്തുടര്‍ന്നാണ് അയോഗ്യനാക്കല്‍ നടപടിയിലേക്ക് കമ്മിറ്റി നീങ്ങിയതെന്നാണു സൂചന. എന്നാല്‍, ശര്‍മയ്ക്ക് ഖേദം പ്രകടിപ്പിക്കുന്നതിനായി സ്പീക്കര്‍ ഒരു അവസരംകൂടി നല്‍കുമെന്നും സൂചനയുണ്്ട്.

അറസ്റ്റിലായ ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ പട്യാല കോടതിയില്‍ ഹാജരാക്കിയ സമയത്ത് കോടതിയില്‍ അക്രമം നടത്തിയ ഒ.പി. ശര്‍മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.