അക്രമികള്‍ ക്രൂരമായി കൊലപ്പെടുത്തിയ ഷെബീറിനോടുള്ള ആദരസുചകമായി ഇത്തവണത്തെ ഉത്സവം ഒഴിവാക്കിയ പുത്തന്‍നട ദേവീശ്വരക്ഷേത്രം പിരിഞ്ഞു കിട്ടിയ തുക നല്‍കിയത് ഷെബീറിന്റെ കുടുംബത്തിന്

single-img
23 February 2016

12771700_523473431147067_2208807407783793246_o

അക്രമികള്‍ നടുറോഡിലിട്ട് ക്രൂരമായി അടിച്ചുകൊന്ന ഷെബീറിന്റെ കുടുംബത്തിന്, ഷെബീര്‍ അംഗമായ വക്കം പുത്തന്‍നട ദേവീശ്വരക്ഷേത്രത്തിന്റെ സഹായം. ക്ഷേത്രത്തിലെ കമ്മിറ്റി അംഗമായിരുന്ന ഷെമിീറിനോടുള്ള ആദരസൂചകമായി വക്കം ഇത്തവണ ഉത്സവാഘോഷങ്ങളില്ലായിരുന്നു. അതില്‍ നിന്നും മിച്ചംകിട്ടിയ 50,000 രൂപ ക്ഷേത്ര പ്രസിഡന്റ് ജയപ്രകാശും മറ്റു കമ്മിറ്റിക്കാരും കഴിഞ്ഞ ദിവസം ഷെബീറിന്റെ വീട്ടിലെത്തി ഉമ്മയെ ഏല്‍പ്പിച്ചു.

ക്ഷേത്രത്തിലെ ഉത്സവപരിപാടികളിലെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്ന യുവാവിന്റെ അകാലവിയോഗം നാടിനു വലിയ നടുക്കമാണുണ്ടാക്കിയത്. ഇതര മത സമുദായത്തില്‍പ്പെട്ടവനായിരുന്നെങ്കിലും ക്ഷേത്രകാര്യങ്ങളില്‍ എന്നും മുന്നില്‍ത്തന്നെയായിരുന്നു ഷെബീര്‍. ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന അന്നദാനത്തിന്റെ ചുമതലക്കാരനായിരുന്നു ഷെബീര്‍. ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് അംഗം കൂടിയായിരുന്ന ഷെബീര്‍ അന്നദാനത്തിനുള്ള വിറക്എ ശേഖരിക്കല്‍മുതല്‍ വിളമ്പല്‍വരെ മുന്നില്‍ നിന്നാണ് നടത്തിയിരുന്നത്.

ഷെബീറിന്റെ വിയോഗത്തെ തുടര്‍ന്ന് ക്ഷേത്രം രണ്ടു ദിവസം നടയടച്ചിട്ടിരുന്നു. തുടര്‍ന്നു നടന്ന കൂട്ടായ്മയിലാണ് ഉതല്‍സവാഘോഷങ്ങള്‍ ഒഴിവാക്കി കൊടിയേറ്റും പതിവുപൂജകളും ആറാട്ടും മാത്രമാക്കി ചുരുക്കിയത്. ക്ഷേത്രവിശ്വാസികള്‍ ഒത്തൊരുമയോടെയാണ് ഈ തീരുമാനമെടുത്തതെന്നും ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.

കഴിഞ്ഞവര്‍ഷത്തെ ഉത്സവത്തിന് എഴുന്നെള്ളിച്ച ആനയുടെ വാലില്‍ തൂങ്ങി പ്രശ്നമുണ്ടാക്കിയ പ്രതികളാണ് ഷെബീറിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഇവര്‍ക്കെതിരെ ഉത്സവാഘോഷ കമ്മിറ്റി നലകിയ കേസില്‍ ഷെബീറും മൊഴിനല്‍കിയിരുന്നു. ഇതാണ് പ്രതികള്‍ക്ക് ഷെബീറിനോട് വിരോധമുണ്ടാകാനുള്ള കാരണം.