കോടതിയിലെ വനിതാ ജീവനക്കാരെ അശ്ലീല വീഡിയോ കാണിച്ച ജഡ്ജിയെ പിരിച്ചുവിട്ടു

single-img
23 February 2016

court

ജില്ലാ ജഡ്ജിയെ കോടതിയിലെ വനിതാ ജീവനക്കാരെ അശ്ലീല വീഡിയോ കാണിച്ചെന്ന കേസില്‍ പിരിച്ചുവിട്ടു. ബെലഗാവി ജില്ലാ ജഡ്ജിയായിരുന്ന എ.എന്‍. ഹക്കീമിനെയാണ് പിരിച്ചുവിട്ടത്. നാലുവര്‍ഷം മുമ്പ് നടന്ന കേസില്‍ കഴിഞ്ഞ വര്‍ഷം അവസാനമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

തന്റെ ഔദ്യോഗിക ലാപ്ടോപ്പിലുള്ള അശ്ലീല ദൃശ്യങ്ങള്‍ കോടതിയിലെ വനിതാ ജീവനക്കാരെ കാണാന്‍ ക്ഷണിക്കുകയും വിസമ്മതിക്കുന്നവരെ ജോലിയില്‍ കുറ്റം കണ്ടെത്തി നിരന്തരം ഉപദ്രവിക്കുകയും ചെയ്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഇതു സംബന്ധിച്ച് ഊമക്കത്ത് ലഭിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

കത്ത് കിട്ടിയതിനെ തുടര്‍ന്ന് അതിലെ വിവരങ്ങളില്‍ യാഥാര്‍ത്ഥ്യമുണ്ടോ എന്ന് അന്വേഷിക്കുന്നതിന് ചീഫ് ജസ്റ്റിസ് ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാഗത്തെ നിയോഗിച്ചു. ഇതോടെ വിജിലന്‍സിന് മുന്നില്‍ ഒരു ജീവനക്കാരി നേരിട്ടെത്തി പരാതി നല്‍കുകയും ചെയ്തു. ഹക്കിമിന്റെ ലാപ്ടോപ്പ് പരിശോധിച്ച അന്വേഷണ സംഘം ഒട്ടേറെ അശ്ലീല വീഡിയോകളും ചിത്രങ്ങളും കണ്ടെത്തുകയും ശചയ്തിരുന്നു.