മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന ഡല്‍ഹി-ആഗ്ര ഗാട്ടിമാന്‍ എക്‌സ്പ്രസ് ട്രെയിനില്‍ ഹോസ്റ്റസുമാരും

single-img
22 February 2016

Train_hostesses

വിമാനത്തിലേതുപോലെ ട്രെയിനിലും ഹോസ്റ്റസുമാര്‍ വരുന്നു. നിറഞ്ഞ പുഞ്ചിരിയോടെ വിമാനയാത്രക്കാരെ സ്വാഗതം ചെയ്യുന്ന എയര്‍ ഹോസറ്റസുമാരെപ്പോലെ തന്നെ സംഗീതത്തിന്റെ അകമ്പടിയോടെ യാത്രക്കാരെ പൂക്കള്‍ നല്കിയായിരിക്കും ട്രെയിന്‍ ഹോസ്റ്റസുമാര്‍ സ്വാഗതം ചെയ്യുക. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗമുള്ള ആദ്യ ഇന്ത്യന്‍ ട്രെയിനായ ഡല്‍ഹി-ആഗ്ര ഗാട്ടിമാന്‍ എക്‌സ്പ്രസിലാണ് ആദ്യമായി ട്രെയിന്‍ ഹോസ്റ്റസുമാരെ നിയമിക്കുക.

പ്രസ്തുത ട്രെയിന്‍ സര്‍വ്വീസ് അടുത്ത മാസം മാത്രമേ ആരംഭിക്കുകയുള്ളൂ. സര്‍വീസ് തുടങ്ങാനിരിക്കുന്ന ഗാട്ടിമാന്‍ എക്‌സ്പ്രസിന്റെ കൂടുതല്‍ വിശേഷങ്ങള്‍ 25ന് അവതരിപ്പിക്കുന്ന റെയില്‍വേ ബജറ്റില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കും.
അത്യാധുനികവും ശക്തിയേറിയതുമായ ബ്രേക്കിംഗ് സംവിധാനം, ഓട്ടോമാറ്റിക് അപായസൂചനാ സംവിധാനം, ജിപിഎസ് വഴി യാത്രാവിവരങ്ങള്‍ അറിയാനുള്ള സംവിധാനം, ഓട്ടോമാറ്റിക് ഡോറുകള്‍ തുടങ്ങിയവയാണ് ഈ ട്രെയിനിന്റെ പ്രധാന പ്രത്യേകതകള്‍.

വിനോദവിജ്ഞാനങ്ങള്‍ക്കായി തത്സമയ ടിവി പരിപാടികളുമുണ്ടായിരിക്കും. വിമാനത്തിലെ എയര്‍ഹോസ്റ്റസുമാരുടെ സേവനങ്ങള്‍ക്കു സമാനമായ സേവനങ്ങളും ഭക്ഷണവുമായിരിക്കും ട്രെയിനിലും നടപ്പിലാക്കുക. ഇത്തരം സേവനങ്ങള്‍ നല്കുന്നതിനാല്‍ ടിക്കറ്റ് നിരക്ക് ശതാബ്ദി എക്പ്രസിനേക്കാള്‍ 25 ശതമാനം അധികമായിരിക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.

എ/സി ചെയര്‍കാറിന് 690 രൂപ, എക്‌സിക്യൂട്ടീവ് ക്ലാസിന് 1,365 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ട്രെയിന്‍ ഭക്ഷണ മെനുവില്‍ ഉപ്പുമാവ്, ദോശ, കാഞ്ചീവരം ഇഡ്ഡലി, പഴങ്ങള്‍, റോസ്റ്റ്ഡ് ഡ്രൈ ഫ്രൂട്ട്, ചിക്കന്‍ റോള്‍ എന്നിവയുള്‍പ്പെടെ നിരവധി വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒമ്പത് റൂട്ടുകളില്‍കൂടി ഇത്തരം ട്രെയിനുകള്‍ ആരംഭിക്കാന്‍ റെയില്‍വേയ്ക്കു പദ്ധതിയുണ്ട്.