ഇപ്പോഴത്തെ ഏറ്റവും വലിയ കുറ്റം ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും എതിര്‍ക്കുന്നതാണെന്ന് അരവിന്ദ് കെജ്‌രിവാള്‍

single-img
19 February 2016

arvind kejriwal images 2013

മാധ്യമപ്രവര്‍ത്തകരെയും ജെഎന്‍യു വിദ്യാര്‍ത്ഥികളെയും കോടതിയ്ക്ക് മുന്നില്‍ ക്രൂരമായി മര്‍ദ്ദിച്ച ബിജെപി എംഎല്‍എ ഒപി ശര്‍മയെ നിസ്സാര വകുപ്പുകള്‍ ചുമത്തി കേസെടുത്ത ഡല്‍ഹി പൊലീസ് നടപടിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബിജെപിയെയും ആര്‍എസ്എസിനെയും എതിര്‍ക്കുന്നതാണ് ഇപ്പോള്‍ ഏറ്റവും വലിയ കുറ്റമെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിക്കാര്‍ കൊലപാതകമോ ബലാത്സംഗമോ ചെയ്താല്‍ കേന്ദ്രത്തിന്റെ പുതിയ ഐപിസി പ്രകാരം അത് കുറ്റമല്ലെന്നും എന്നാല്‍ ബിജെപിയെയും ആര്‍എസ്എസിനെയും എതിര്‍ത്താല്‍ അത് വലിയ കുറ്റമാകുമെന്നും ട്വിറ്ററില്‍ കെജ്രിവാള്‍ പറഞ്ഞു.

”കേന്ദ്രത്തിന്റെ പുതിയ ഐപിസി പ്രകാരം ആരെയും കൊല്ലാം, ബലാത്സംഗം ചെയ്യാം, മര്‍ദ്ദിക്കാം. ചോദ്യം ചെയ്യുമ്പോള്‍ ആക്രമിക്കപ്പെട്ട ഇര ദേശ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് പറഞ്ഞാല്‍ മാത്രം മതി, നിങ്ങളെ വിട്ടയക്കും- അദ്ദേഹം പറയുന്നു. ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ ചെയര്‍മാന്‍ കന്നയ്യ കുമാറിനെ ദേശദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുന്നതിനിടെ ആര്‍എസ്എസ് അനുകൂലികളായ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും തല്ലിച്ചതയ്ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തെളിവുണ്ടായിട്ടും ഇവര്‍ക്കാര്‍ക്കുമെതിരെ കേസെടുക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

പട്യാല കോടതി വളപ്പിലെ അക്രമത്തിന് അറസ്റ്റിലായ ബിജെപി എംഎല്‍എ ഒപി ശര്‍മയെ സുഭിക്ഷമായ ഉച്ച ഭക്ഷണവും കാപ്പിയും നല്‍കി സ്വീകരിക്കുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്ത ഡല്‍ഹി പൊലീസ് നടപടിക്കെതിരെ എഎപിയും മറ്റു പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്.