ഒ.എന്‍.വി കുറുപ്പ് അന്തരിച്ചു

single-img
13 February 2016

2D1_ONV-Kurup

കവിയും ഗാനരചയിതാവുമായ കവി ഒ.എന്‍.വേലുക്കുറുപ്പ് എന്ന ഒ.എന്‍.വി. കുറുപ്പ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രില്‍ വെച്ചായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു.

മലയാള സാഹിത്യ രംഗത്ത് അറുപത്് വര്‍ഷത്തിലേറെയായി നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്ന അദ്ദേഹത്തിന് ജ്ഞാനപീഠം ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ പത്മശ്രീ, പത്മവീഭുഷന്‍ എന്നീ ബഹുമതികളം ലഭിച്ചിടുണ്ട്. മലയാളികളുടെ മനസ്സില്‍ കുടിയേറിയ ഒട്ടേറെ ചലചിത്രഗാനങ്ങളുടെയും നാടകഗാനങ്ങളുടേയും സ്രഷ്ടാവുകൂടിയാണ് അദ്ദേഹം.

ഒ.എന്‍. കൃഷ്ണക്കുറുപ്പിന്റേയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി 1931 മെയ് 27ന് കൊല്ലം ജില്ലയിലെ ചവറയിലാണ് ഒ.എന്‍.വിയുടെ ജനനം. പി.പി. സരോജിനിയാണ് ഭാര്യ. മക്കള്‍: രാജീവന്‍, ഡോ. മായാദേവി.

എക്കണോമിക്‌സില്‍ ബി.എ.ബിരുദവും മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ഒ.എന്‍.വി കാല്‍നൂറ്റാണ്ടോളം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1957 ലാണ് എറണാകുളം മഹാരാജാസ് കോളജില്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ,് ഗവ. ആര്‍ട്‌സ് ആന്റ്് സയന്‍സ് കോളജ് കോഴിക്കോട്, ഗവ. ബ്രണ്ണന്‍ കോളജ് തലശ്ശേരി, ഗവ. വിമന്‍സ് കോളജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ മലയാളം വിഭാഗം തലവനായിരുന്നു അദ്ദേഹം.

ഔദ്യോഗിക ജീവിതത്തില്‍നിന്നു 1986 മേയ് 31ന് വിരമിച്ചശേഷം ഒരു വര്‍ഷം കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറായും അദ്ദേഹം ജോലി നോക്കി. 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു അദ്ദേഹം.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, വള്ളത്തോല്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്, ആദ്യത്തെ മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ സവന്തമാക്കിയ വ്യക്തിയാണ് അദ്ദേഹം. ചലച്ചിത്രഗാനരചനയ്ക്ക് 12 തവണ കേരള സംസ്ഥാന അവാര്‍ഡും ഒരുതവണ ദേശീയ അവാര്‍ഡും (1989) ലഭിച്ചു.

1998 ല്‍ പത്മശ്രീ ലഭിച്ച അദ്ദേഹത്തിന് 1999 ല്‍ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നല്‍കി ആദരിച്ചു. കലാമണ്ഡലം ചെയര്‍മാന്‍ സ്ഥാനവും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. പൊരുതുന്ന സൗന്ദര്യം, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, മാറ്റുവിന്‍ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, മയില്‍പ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, അഗ്‌നിശലഭങ്ങള്‍, ഉപ്പ്, ഭൂമിക്ക് ഒരു ചരമഗീതം, ശാര്‍ങ്ഗകപ്പക്ഷികള്‍, മൃഗയ, വെറുതെ, അപരാഹ്നം, ഉജ്ജയിനി, സ്വയംവരം, ഭൈരവന്റെ തുടി, ഈ പുരാതന കിന്നരം എന്നിവയാണ് മുഖ്യകൃതികള്‍.

സോവിയറ്റ് യൂണിയനില്‍ 1978 ലും 1982 ലും പര്യടനം നടത്തിയിട്ടുള്ള വ്യക്തി കൂടിയാണ് ഒ.എന്‍.വി. കൂടാതെ അമേരിക്ക, ജര്‍മ്മനി, സിംഗപ്പൂര്‍, ബ്രിട്ടണ്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിളും അദ്ദേഹം സന്ദര്‍ശനം നടത്തിയിട്ടുണ്ട്.