വി.എം. സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്ര പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് മൂന്നരക്കോടി രൂപ; യാത്രാ ചെലവ് ഒരു കോടി, അരക്കോടി എ.ഐ.സി.സിക്ക് സംഭാവന

single-img
11 February 2016

Janarakshayathra

ജനരക്ഷാ യാത്ര 34 ദിവസം സഞ്ചരിച്ച് ശംഖുമുഖത്ത് പൂര്‍ത്തിയായപ്പോള്‍ പിരിഞ്ഞുകിട്ടിയത് 3 കോടി രൂപ. ചെലവും ഡി.സി.സികളുടെ വീതംവയ്പും കഴിഞ്ഞപ്പോള്‍ കെ.പി.സി.സിയുടെ പക്കല്‍ മിച്ചം 1,79,66,550 രൂപ. മിച്ചമുള്ളതുകയില്‍ നിന്നും കെ.പി.സി.സി. 50 ലക്ഷം രൂപ എ.ഐ.സി.സിക്കു സംഭാവന ചെയഎ്‌യുകയും ചെയ്തു.

ഇതില്‍ നോട്ടുമാലകളുടെ മൂല്യം എണ്ണിത്തീര്‍ന്നിട്ടില്ലെന്നും എണ്ണി തിട്ടപ്പെടുത്തി കണക്ക് പിന്നാലെ പ്രസിദ്ധപ്പെടുത്തുമെന്ന് യാത്ര നയിച്ച കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ അറിയിച്ചു. ഇന്നലെ ചേര്‍ന്ന കെ.പി.സി.സി. വിശാല നിര്‍വാഹകസമിതി യോഗത്തില്‍ ട്രഷറര്‍ ജോണ്‍സണ്‍ ഏബ്രഹാമാണ് പിരിവിന്റെ കണക്ക് അവതരിപ്പിച്ചത്.

രാഷ്ട്രീയ പ്രചാരണത്തിനൊപ്പം ഫണ്ട് ശേഖരണവും യാത്രയുടെ ലക്ഷ്യമായിരുന്നു. 30,000 രൂപ വീതം പിരിച്ചുനല്‍കാനാണ് മണ്ഡലം കമ്മിറ്റികളോടു നിര്‍ദേശിച്ചത്. അതില്‍ 5000 രൂപ ഡി.സി.സിക്കും ബാക്കി കെ.പി.സി.സിക്കും എന്നായിരുന്നു കണക്ക്. 14 ജില്ലകളിലെ 1231 മണ്ഡലം കമ്മിറ്റികളില്‍ നിന്നായി പിരിഞ്ഞുകിട്ടിയത് 3,54,85,500 രൂപയാണെന്നാണ് വെളിപ്പെടുത്തല്‍.

പിരിഞ്ഞു കിട്ടിയ തുകയില്‍ നിന്നും ഡി.സി.സികള്‍ക്കു 50,79,500 രൂപ നല്‍കി. കെ.പി.സി.സി. പ്രസിഡന്റിന് ലഭിച്ച വിവിധ സഹായ അപേക്ഷകളില്‍ 25 ലക്ഷം രൂപ വിതരണം ചെയ്തു. സമാപനസമ്മേളനം ഉള്‍പ്പെടെ യാത്രയ്ക്ക് 99,83,800 രൂപ ചെലവായി. ബാക്കി തുകയും പോഷകസംഘടനകള്‍ നല്‍കിയ 44,350 രൂപയും ചേര്‍ത്ത് ശേഷിച്ചത് 1,79,66,550 രൂപയാണ്. ഇതില്‍ ഒന്നരക്കോടി സ്ഥിരനിക്ഷേപമായി ബാങ്കിലിട്ട് 29,66,550 രൂപ എസ്.ബി അക്കൗണ്ടിലും നിക്ഷേപിച്ചു.

കെ.പി.സി.സിയുടെ സംഭാവനയായി 50 ലക്ഷം രൂപയുടെ ചെക്ക് എ.ഐ.സി.സി. ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു കൈമാറുകയും ചെയ്തു.