ആനന്ദിബെന്‍ പട്ടേലിന്റെ മകളുടെ ബിസിനസ് പങ്കാളികള്‍ക്ക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 250 ഏക്കര്‍ ഭൂമി ചതുരശ്ര മീറ്ററിന് 15 രൂപ നിരക്കില്‍ ഗുജറാത്ത് സര്‍ക്കാര്‍ കൈമാറിയാതായി രേഖകള്‍

single-img
5 February 2016

anadibenpattel

ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെ മകള്‍ അനാര്‍ ജയേഷ് പട്ടേലിന്റെ ബിസിനസ് പങ്കാളികള്‍ക്ക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 250 ഏക്കര്‍ ഭൂമി ഗുജറാത്ത് സര്‍ക്കാര്‍ സൗജന്യ നിരക്കില്‍ കൈമാറിയാതായി റിപ്പോര്‍ട്ട്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയും ആനന്ദിബെന്‍ പട്ടേല്‍ സംസ്ഥാന റവന്യൂ മന്ത്രിയും ആയിരിക്കെ 2010-11 കാലത്തായിരുന്നു കൈമാറ്റം. ഗിര്‍ വനത്തിന് സമീപം കമ്പനി ഇപ്പോള്‍ കൈവശം വെക്കുന്ന 400 ഏക്കര്‍ ഭൂമിയിലെ 250 ഏക്കറാണ് ചതുരശ്രമീറ്ററിന് 15 രൂപ നിരക്കില്‍ സര്‍ക്കാര്‍ കൈമാറിയത്.

ഇക്കണോമിക് ടൈംസ് ആണ് സര്‍ക്കാര്‍ ഭൂമി കുറഞ്ഞ വിലയില്‍ മുഖ്യമന്ത്രിയുടെ മകളുടെ അടുപ്പക്കാര്‍ക്ക് കൈമാറിയ വിവരം പുറത്തുവിട്ടത്. വൈല്‍ഡ് വുഡ്‌സ് റിസോര്‍ട്ട്‌സ് ആന്റ് റിയാല്‍്ട്ടീസ് എന്ന കമ്പനി, കമ്പനീസ് ഓഫ് റജിസ്ട്രാറിന് നല്‍കിയ രേഖകളുടെ അടിസ്ഥാനത്തിലാണ് പുറത്തുവിടല്‍. ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തയ്യാറായില്ല എന്നുള്ളതും ദുരൂഹതയുണ്ടാക്കുന്നു.

മോദി പ്രധാനമന്ത്രിയായ ശേഷം ആനന്ദിബെന്‍ പട്ടേല്‍ മുഖ്യമന്ത്രിയായെങ്കിലും റവന്യൂവകുപ്പ് മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ തയ്യാറായില്ലായിരുന്നു. ഗിര്‍ വനത്തിന് സമീപം വലിയ വികസന സാധ്യതയുള്ള സ്ഥലമാണ് കൈമാറിയ ഭൂമിയെന്നും ഇതുകൂടാതെ 172 ഏക്കര്‍ കൃഷിഭൂമി വാങ്ങാനും അത് കാര്‍ഷികേതര ആവശ്യത്തിന് ഉപയോഗിക്കാനും വൈല്‍ഡ് വുഡ്‌സ് എന്ന കമ്പനിക്ക് സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും രേഖകള്‍ ചൂണ്ടിക്കാട്ടി ഇക്കണോമിക് ടൈംസ് പറയുന്നു. ഈ കമ്പനിയുടെ പ്രമോട്ടര്‍മാര്‍ ദക്ഷേഷ് ഷായും അമോല്‍ ശ്രീപാല്‍ സേത്തും ആനന്ദിബെന്‍ പട്ടേലിന്റെ മകളുമായി ഈ കൈമാറ്റക്കാലത്ത് നടത്തിയ എല്ലാ പണമിടപാട് സംബന്ധിച്ച വിവരങ്ങളും കമ്പീസ് ഓഫ് രജിസ്ട്രാറിലെ രേഖകളില്‍ വ്യക്തമാകുന്നുണ്ട്.