ജനങ്ങള്‍ക്ക് മുഴുവന്‍ വിഷം നല്‍കിയിട്ടുവേണോ വന്‍കിട വ്യവസായങ്ങള്‍ക്ക് ജീവിക്കാന്‍?; ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അനുപമയ്ക്ക് ഒരു കര്‍ഷകന്റെ കത്ത്

single-img
4 February 2016

TV Anupama

ജനങ്ങള്‍ക്ക് മുഴുവന്‍ വിഷം നല്‍കിയിട്ടുവേണോ വന്‍കിട വ്യവസായങ്ങള്‍ക്ക് ജീവിക്കാന്‍. ഗുണമേന്മയില്‍ മികച്ചത്, ശുദ്ധം! തുടങ്ങിയ വാക്കുകള്‍ പരസ്യത്തില്‍ മാത്രം പറഞ്ഞ് ആളുകളെ മയക്കി കൊടും വിഷം തീറ്റിക്കുന്ന തട്ടിപ്പിനെതിരെ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അനുപമയ്ക്ക് കൃഷിഭൂമി ഫേസ്ബുക്ക് കൂട്ടായ്മയുടെ സംഘാടകനും സാമൂഹ്യ പ്രവര്‍ത്തകനുമായ കിരണ്‍കൃഷ്ണയുടെ തുറന്ന കത്ത്.

സുഗന്ധവിളയായ മഞ്ഞളിന്റെ വ്യവസായിക യാഥാര്‍ത്ഥ്യം ചൂണ്ടിക്കാണിച്ചാണ് കിരണ്‍കൃഷ്ണ കമ്മീഷണര്‍ക്ക് കത്തയച്ചിരിക്കുന്നത്. നിയമാനുസൃതമായ പറ്റിക്കല്‍ ആണ് പൊതുജനങ്ങള്‍ക്ക് പരസ്യങ്ങള്‍ നല്‍കുന്നതെന്നും മലയാളികള്‍ പച്ചക്കറികളിലൂടെ കഴിക്കുന്ന വിഷത്തിന്റെ ഇരട്ടിയാണ് മഞ്ഞള്‍ മുളക് പൊടി പാക്കറ്റുകളില്‍ അടങ്ങിയിരിക്കുന്നതെന്നും കിരണ്‍കൃഷ്ണ ചൂണ്ടിക്കാണിക്കുന്നു.

ഇവിടെ ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്നതില്‍ വിദേശ രാജ്യങ്ങളില്‍ പോലും പ്രിയമേറിയത് മഞ്ഞളിനാണ്. സുഗന്ധ ദ്രവ്യങ്ങളില്‍ മികച്ചതും ത്വക്ക് രോഗങ്ങള്‍ മുതല്‍ ക്യാന്‍സര്‍ വരെ തടയാന്‍ ശേഷി യുള്ളതും അത്ഭുത ഔഷധമായ മഞ്ഞളാണ് . കുര്‍ക്കുമിന്‍ എന്ന വര്‍ണ്ണ വസ്തു വാണ് മഞ്ഞളിന് നിറം നല്‍കുന്നത്.ഇതില്‍ അടങ്ങി യിട്ടുള്ള ടര്‍മറോള്‍ ആണ് മഞ്ഞളിന് സുഗന്ധം നല്കു ന്നത്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ എന്ന രാസവസ്തുവിന് മസ്തിഷ്‌കത്തെ ഉണര്‍ത്താനും അള്‍ഷിമേഴ്‌സ് രോഗത്തെ പ്രതിരോധിക്കാനും കഴിവുണ്ട്.

പ്രമുഖ കമ്പനികള്‍ കുര്‍ക്കുമിന്‍ എന്ന പ്രകൃതി ദത്ത രാസവസ്തുവിനെ വേര്‍തിരിച്ചെടുക്കും.മാത്രമല്ല ഇപ്രകാരം വേര്‍തിരിച്ചെടുത്ത വസ്തുവിന്റെ അവശിഷ്ടങ്ങള്‍ മസാലകള്‍ക്ക് നിറവും മണവും വര്ധിപ്പ്പിക്കനായി ഉപയോഗിക്കും. ഈ അവശിഷ്ട പദാര്‍ത്ഥം ഇന്ന് നമ്മള്‍ വിപ ണിയില്‍ നിന്നും വാങ്ങുന്ന മഞ്ഞളില്‍ മാരക രോഗങ്ങള്‍ക്ക് വരെ കാരണമാകുന്നതാണെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം നടത്തിയ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്നും കിരണ്‍കൃഷ്ണ പറയുന്നു.

കത്തിന്റെ പൂര്‍ണ്ണരൂപം:

ബഹുമാനപ്പെട്ട കേരള ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ TV.അനുപമ മുന്‍പാകെ കൊല്ലംജില്ലയില്‍ പത്തനാപുരംതാലൂക്കില്‍ പിടവൂര്‍വില്ലേജില്‍ കമുകുംചേരി മുറിയില്‍ എള്ളുംവിളവീട്ടില്‍ കിരണ്‍.കെ.കൃഷ്ണ ബോധിപ്പിക്കുന്ന പരാതി. മാഡം, ഞാന്‍ വര്‍ഷങ്ങളായി രാസവളവും കീടനാശിനികളും ഒഴിവാക്കി കൃഷിചെയ്യുന്ന ഒരുചെറുകിടകര്‍ഷകനാണ്. അത്യാവശ്യം വിഷരഹിതകൃഷി പ്രചാരണവും നടത്തിവരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി കുറച്ചു മഞ്ഞള്‍ കൃഷിചെയ്തു വരുന്നു. ഇത്തവണ ഇതിന്‍റെ പ്രോസസിംഗ്പഠിക്കാന്‍ വേണ്ടിആദ്യഘട്ടത്തില്‍ 10.2kg പച്ചമഞ്ഞള്‍ കിളചെടുത്തു. അത് പുഴുങ്ങിഉണക്കി തൂക്കം നോക്കിയപ്പോള്‍ 1.160Kg ആണ് ഉണ്ടായിരുന്നത്. ഇന്ന് 40രൂപ മുടക്കി അത് പൊടിപ്പിച്ചു. അതിന്‍റെ തൂക്കം എടുത്തപ്പോള്‍ 1.08Kg ആണുള്ളത്.. എന്‍റെ പരാതി എന്തെന്നാല്‍ കേരളത്തിലെ വിവിധമാര്‍ക്കറ്റുകളില്‍ ഉള്ള പച്ചമഞ്ഞള്‍ വില കിലോഗ്രാമിന് 25 മുതല്‍ 35 രൂപവരെ ആണ്. ആ നിലയ്ക്ക് ഞാന്‍ പൊടിക്കാന്‍ ഉപയോഗിച്ച പച്ചമഞ്ഞളിന് കുറഞ്ഞത്‌ 255 രൂപ വിലവരും. ഇത് പുഴുങ്ങാനുംഉണക്കാനും ഉള്ള അധ്വാനംവും, പിന്നെ പൊടിപ്പുകൂലി രൂപ 40 മാത്രം ചേര്‍ന്നാല്‍ തന്നെ ചെലവ് 295 ആയി. പുഴുങ്ങാനും ഉണക്കാനും ഉള്ളചെലവ് തള്ളികളഞ്ഞാല്‍ തന്നെ 10.2Kg പച്ചമഞ്ഞള്‍ ഉണക്കി പൊടിക്കാന്‍ 295 രൂപ ആയി. കിട്ടിയത് 1.08Kg മഞ്ഞള്‍ പൊടി. ഇനി മാര്‍ക്കറ്റിലെ ലീഡിംഗ് പൊടി കച്ചവട കമ്പനികള്‍ 100ഗ്രാംപാക്കറ്റ് വില കേവലം 19 രൂപയാണ്. അതായതു ഒരു കിലോയ്ക്ക് 190രൂപ മാത്രം. ഈ 190രൂപയില്‍ ആണ്കമ്പനിയുടെ ലാഭം, വിതരണക്കാരനുള്ള കമ്മിഷന്‍, ഹോള്‍സെയില്‍ ഏജന്റ്കമ്മിഷന്‍, റീട്ടൈല്‍ ഷോപ്പ്ഉടമയ്ക്കുള്ള കമ്മിഷന്‍ എന്നിവയും അടങ്ങിയിട്ടുള്ളത്.അപ്പോള്‍ ഒരുകിലോ മഞ്ഞള്‍ പൊടിക്ക് എത്രരൂപയാണ്ഇവരുടെ ലാഭവും ചിലവും കഴിച്ചുള്ള തുക? അക്കണക്കിന് എന്‍റെ 1.08Kg മഞ്ഞള്‍ പൊടിക്ക് ഈസ്റ്റെണ്‍ വിലവച്ചുകൂട്ടിയാല്‍ ലഭിക്കുന്നത് കേവലം 191.52 രൂപയാണ് കിട്ടുക.ഇത്രയും മഞ്ഞള്‍ പൊടി ഉണ്ടാക്കാന്‍ എനിക്ക് ചെലവ് 295 രൂപ.( ഇത് പുഴുങ്ങാനുംഉണക്കാനും ഉള്ള അധ്വാനംവും വേറെ) അപ്പോള്‍ ഈ കച്ചവടസ്ഥാപനങ്ങള്‍ നഷ്ടം സഹിച്ചാണോ നമുക്ക്മഞ്ഞള്‍ പൊടി തരുന്നത്? ഒരിക്കലും അങ്ങനെ ചെയ്യില്ലല്ലോ അപ്പോള്‍ എന്താണ് യാഥാര്‍ത്ഥത്തില്‍ കേരളത്തില്‍ മഞ്ഞള്‍പൊടിഎന്നും പറഞ്ഞു വില്‍ക്കുന്നത്? മഞ്ഞളിന്റെ കുടുംബത്തില്‍ പെട്ട മലമഞ്ഞള്‍ വരെ ഈ പൊടിയില്‍ കലരുന്നുണ്ടോ? എന്തൊക്കെ മായം ആണ്നിറമായി മാറുന്നത്? ഇവര്‍ക്ക് എവിടെനിന്നാണ് പച്ചമഞ്ഞള്‍/ ഉണക്കമഞ്ഞള്‍ വരുന്നത്? ആരാനിവര്‍ക്ക് വിപണിവിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ മഞ്ഞള്‍ നല്‍കുന്നത്? ആകയാല്‍ സമക്ഷത്തില്‍നിന്നും ദയവുണ്ടായി മലയാളിയുടെ ഉദരത്തിലേക്കു കേരളത്തിലെ കറിമാസാല പൌഡര്‍ വ്യാപാരികള്‍ തള്ളികയറ്റുന്നത് എന്താണ് എന്ന് കണ്ടുപിടിച്ചു വേഗം അറിയിക്കണം. കുറ്റകരമായി എന്തെങ്കിലും ഉണ്ടെന്നുകണ്ടാല്‍ പൊതുജനസമക്ഷം അറിയിക്കാന്‍ വേണ്ടുന്ന നടപടികള്‍ ഉണ്ടാകണമെന്നും കേരളത്തില്‍ജീവിച്ചിരിക്കുന്ന ജനങ്ങളെ കല്ലറകളിലേക്കാണ് ഈ കമ്പനികള്‍ നയിക്കുന്നത്എങ്കില്‍ അവരുടെ അടിയന്തിരം ഉടനെ നടത്തണമെന്നും അല്ലാത്തപക്ഷം ശുദ്ധിയും വൃത്തിയും ഉള്ളതാണുഎങ്കില്‍ അക്കാര്യവുംഅറിയിക്കണമെന്നും.. അങ്ങനെ അറിയിച്ചാല്‍ ഞങ്ങളും ആഗോളമലയാളികളുടെ സഹായത്തോടെ വിദേശലാബുകളില്‍ വരെ ഇത് പരിശോധിക്കുമെന്നുംഅറിയിക്കുന്നു. പലകമ്പനികളും നമ്മളെവിലയ്ക്കെടുക്കാന്‍ വരുന്നതിന്റെ ഉദ്ദേശം ഇതില്‍നിന്നും വ്യക്തമാണ്… മാഡം വളരെ വേഗം ഇക്കാര്യത്തില്‍ ഒരുതീര്‍പ്പ്കല്‍പ്പിക്കണം. എന്ന് വിശ്വസ്തയോടെ ……

കിരണ്‍.കെ.കൃഷ്ണ