കുട്ടികള്‍ക്കു മദ്യവും ലഹരിമരുന്നും പുകയില ഉല്‍പന്നങ്ങളും വില്‍ക്കുന്നവര്‍ക്കു കര്‍ക്കശ ശിക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം

single-img
1 February 2016

1-A

കുട്ടികളുടെ ഇടയില്‍ പെരുകിവരുന്ന ലഹരിഉപഭോഗത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍. കുട്ടികള്‍ക്കു മദ്യവും ലഹരിമരുന്നും പുകയില ഉല്‍പന്നങ്ങളും വില്‍ക്കുന്നവര്‍ക്കു കര്‍ക്കശ ശിക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നിര്‍ദേശം. പാര്‍ലമെന്റ് പാസാക്കിയ പുതിയ കുട്ടിക്കുറ്റവാളി നിയമം അനുസരിച്ച് ഏഴുവര്‍ഷം വരെ കഠിനതടവും ഒരുലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

ഹീന കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ പതിനാറു വയസ്സു തികഞ്ഞവരെയും മുതിര്‍ന്നവരായി പരിഗണിച്ചുകൊണ്ടു പാര്‍ലമെന്റ് കുട്ടിക്കുറ്റവാളി നിയമം പരിഷ്‌കരിച്ചിരുന്നു. കഴിഞ്ഞസമ്മേളനത്തില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം ഈമാസമാണ് അസാധാരണ ഗസറ്റായി പ്രസിദ്ധീകരിച്ചത്. ഗൗരവം കുറഞ്ഞ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ 18 വയസ്സുവരെ ജുവനൈല്‍ നിയമപരിധിയിലായിരിക്കും.

സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ ലഹരിമരുന്നു വിതരണം ചെയ്യുന്ന ഗൂഢസംഘങ്ങള്‍ രാജ്യവ്യാപകമായി തലവേദനയാണെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പല സംസ്ഥാനങ്ങളിലും സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ മദ്യം, ലഹരിമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം സര്‍വസാധാരണമാകുന്നുവെന്ന് ആക്ഷേപമുള്ള സാഹചര്യത്തിലാണു കേന്ദ്രം പ്രസ്തുത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.