മുംബൈ ഉള്‍പ്പെടുന്ന മഹാരാഷ്ട്രയിലെ 50 നഗരങ്ങള്‍ ഈ വര്‍ഷാവസാനത്തോടെ മാലിന്യമുക്തമാകുമെന്നു ഗവര്‍ണര്‍

single-img
28 January 2016

zabbaleen

കേന്ദ്രസര്‍ക്കാരിന്റെ ശുചിത്വഭാരത പദ്ധതി വഴി മഹാരാഷ്ട്ര സംസ്ഥാനത്തിലെ മുംബൈ ഉള്‍പ്പെടുന്ന 50 നഗരങ്ങള്‍ ഈ വര്‍ഷാവസാനത്തോടെ മാലിന്യമുക്തമാകുമെന്നു ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു. റിപ്പബ്ലിക്ദിനത്തില്‍ ദാദര്‍ ശിവാജി പാര്‍ക്കില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഗവര്‍ണറുടെ ഉറപ്പ്.

മുനിസിപ്പല്‍ കോര്‍പറേഷനുകളുടെ സഹകരണത്തോടെ ഖരമാലിന്യങ്ങള്‍ ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്ന പദ്ധതി നടപ്പാക്കുമെന്നും തുറന്ന സ്ഥലങ്ങളിലെ മലവിസര്‍ജനം ഇല്ലാതാക്കുന്നതിനും എല്ലാവര്‍ക്കും ശുചിമുറി സൗകര്യം ഉറപ്പാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ‘എ.പി.ജെ അബ്ദുല്‍ കലാം അമൃത യോജന’ എന്ന പദ്ധതിയ്ക്കും ഗവര്‍ണര്‍ തുടക്കം കുറിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകാഹാരം ലഭ്യമാക്കുന്ന പദ്ധതിയാണിത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സ്പീക്കര്‍ ഹരിഭാവു ബാഗ്‌ഡെ, പൊലീസ്, സൈനിക മേധാവികള്‍, വിവിധ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.