പ്രധാനമന്ത്രിയുടെ സ്വപ്‌ന സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നതിനുള്ള ആദ്യ 20 നഗരങ്ങളെ തെരഞ്ഞെടുത്തതില്‍ നമ്മുടെ കൊച്ചിയും

single-img
28 January 2016

186_On the top of the world,the cochin city

കൊച്ചിയും സ്മാര്‍ട്ടാകുന്നു. പ്രധാനമന്ത്രിയുടെ സ്വപ്‌ന സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നതിനുള്ള ആദ്യ 20 നഗരങ്ങളെ തെരഞ്ഞെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് നാല് തലസ്ഥാന നഗരങ്ങളടക്കം 20 നഗരങ്ങളെ പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. സാങ്കേതിക വിദ്യയും ജീവിതനിലവാരവും വികസിത രാജ്യങ്ങളിലേത് പോലെയാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രാജ്യത്തെ നഗരങ്ങളെ വികസനോന്‍മുഖമാക്കി മാറ്റാനുള്ള പദ്ധതിയാണ് സ്മാര്‍ട്ട് സിറ്റി.

50,802 കോടി രൂപയാണ് 5 വര്‍ഷത്തെ കാലയളവില്‍ തെരഞ്ഞെടുത്ത സ്മാര്‍ട്ട് സിറ്റി നഗരങ്ങളിലെ പ്രവര്‍ത്തനത്തിനായി ചെലവഴിക്കുകയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നഗരങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ഒരു ഇടപെടലും നടത്തിയില്ലെന്നും നഗരങ്ങളെ തെരഞ്ഞെടുത്തത് അക്ഷരാര്‍ത്ഥത്തില്‍ പോരാട്ടത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നും തീരുമാനിച്ചത് ഡല്‍ഹിയില്‍ അല്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു

സംസ്ഥാനങ്ങളും നഗരങ്ങളിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുമാണ് സ്മാര്‍ട്ട് സിറ്റിക്കായി നഗരങ്ങളെ തെരഞ്ഞെടുത്തത്. നഗരങ്ങള്‍ പ്രത്യേകം നിരൂപണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതില്‍ നിന്ന് മികച്ച 20 നഗരങ്ങളെ ആദ്യ ഘട്ടത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. ജനങ്ങളുടെ അഭിപ്രായവും ഇതില്‍ തേടിയിരുന്നു. സര്‍ക്കാരിന്റെ പ്രത്യേക വെബ്‌സൈറ്റില്‍ 1.52 കോടി ജനങ്ങളാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയതെന്നും വെങ്കയ്യ നായിഡു അറിയിച്ചു.

ഭുവനേശ്വറാണ് സ്മാര്‍ട്ട് സിറ്റി ചലഞ്ചില്‍ ഒന്നാമതെത്തിയത്. പിറകേ പൂനെ, ജയ്പൂര്‍, സൂററ്റ്, കൊച്ചി, അഹമ്മദാബാദ്, ജബല്‍പൂര്‍, വിശാഖപട്ടണം, സോലാപൂര്‍, ദേവന്‍ങ്കേരെ, ഇന്‍ഡോര്‍, ന്യൂ ഡല്‍ഹി പ്രദേശങ്ങള്‍, കോയമ്പത്തൂര്‍, കാകിനട, ബെല്‍ഗാവ്, ഉദയ്പൂര്‍, ഗുവാഹട്ടി, ചെന്നൈ, ലുധിയാന, ഭോപ്പാല്‍ എന്നവിയുമാണ്.