ഇറാന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം പ്രമാണിച്ച് റോമിലെ പുരാതന നഗ്‌നപ്രതിമകള്‍ മൂടിവെച്ച ഇറ്റലിയുടെ നടപടിക്കെതിരെ ജനരോഷം

single-img
27 January 2016

000_7E184

ഇറാന്‍ പ്രസിഡന്റ് ഹസ്സന്റ രൗഹാനിയുടെ സന്ദര്‍ശനം പ്രമാണിച്ച് റോമിലെ ക്യാപിറ്റോലിയന്‍ മ്യൂസിയത്തിലെ സ്ത്രീകളുടെ പുരാതന നഗ്‌നപ്രതിമകള്‍ മൂടിവെച്ചതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റിയോ റെന്‍സിക്കെതിരെ രാജ്യത്ത് പ്രതിഷേധം വ്യാപകമാവുകയാണ്. ഇറാനിയന്‍ പ്രസിഡന്റിന് അപമാനവും നീരസവും തോന്നാതിരിക്കാനാണ് പൗരാണിക പ്രതിമകള്‍ മറച്ചുവെയ്ക്കാന്‍ ആതിഥേയന്‍ തീരുമാനിച്ചത്. ഇതിനെതിരെയാണ് ജനരോഷം.

തിങ്കളാഴ്ചയാണ് ഇറാനിയന്‍ നയതന്ത്ര പ്രമുഖരും പ്രസിഡന്റും രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് റോമിലെത്തിയത്. അതിഥിയെ പ്രീതിപ്പെടുത്തുന്നതിനായി പൗരാണിക സ്മാരകങ്ങളെ അവഹേളിച്ച ഇറ്റാലിയന്‍ പ്രധാനമന്ത്രി റെന്‍സിയുടെ നടപടി കടുത്തുപോയെന്ന് പ്രതിപക്ഷം ആക്ഷേപിച്ചു.

ഇറ്റലിയും ഇറാനും തമ്മില്‍ 17 ബില്യണ്‍(1700 കോടി) യൂറോയുടെ വാണിജ്യവ്യവസായ കരാറുകളാണ് ഒപ്പിടുക.
ഇറാനിലെ മനുഷ്യവകാശ ലംഘനത്തെ കുറിച്ച് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഒരു വാക്ക് പോലും പറയാതിരുന്ന റെന്‍സിയുടെ നിലപാടിനെതിരെ ഇടത്, വലത് സംഘടനകള്‍ രംഗത്തെത്തിയിരുന്നു. പ്രതിമകള്‍ മറച്ചതിലൂടെ ഇറ്റലിയുടെ സാംസ്‌കാരിക വ്യക്തിത്വമാണ് പ്രധാനമന്ത്രി അടിയറവെച്ചതെന്നും മറ്റ് സംസ്‌കാരങ്ങളെ ആദരിക്കുന്നതിന് സ്വന്തം സംസ്‌കാരത്തെ ഇകഴ്ത്തി കാണിക്കുകയല്ല വേണ്ടെതെന്നും പ്രമുഖര്‍ ചൂണ്ടി കാണിച്ചു.

മാത്രമല്ല അത്താഴത്തിന്റെ മെനുവില്‍ നിന്നും വൈന്‍ ഒഴിവാക്കണമെന്ന് ഇറാന്‍ തിങ്കളാഴ്ച തന്നെ ഇറ്റലിയോട് ആവശ്യപ്പെട്ടിരുന്നതും വിവാദമായിരുന്നു.