മുഖ്യമന്ത്രിക്ക് അനുകൂല മൊഴി നല്‍കുവാനായി തമ്പാനൂര്‍ രവി തന്നോട് ആവശ്യപ്പെട്ടെന്ന് സരിത: ടെലിഫോണ്‍ സംഭാഷണം പുറത്തുവിട്ടു

single-img
27 January 2016

saritha s nairകൊച്ചി: മുഖ്യമന്ത്രിക്ക് അനുകൂല മൊഴി നല്‍കുവാനായി കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി തന്നോട് ആവശ്യപ്പെട്ടതായുളള വാര്‍ത്തകള്‍ ശരിയാണെന്ന് സരിത എസ് നായര്‍. പ്രമുഖ വാര്‍ത്താ ചാനല്‍ പുറത്തുവിട്ട ടെലിഫോണ്‍ സംഭാഷണമാണ് സരിത ശരിവച്ചത്. മുഖ്യമന്ത്രി കമ്മീഷനില്‍ പറഞ്ഞപോലെ എല്ലാം അനുകൂലമായി പറയുവാന്‍ വേണ്ടിയാണ് തമ്പാനൂര്‍ രവി തന്നെ ഫോണില്‍ വിളിച്ചതെന്നും, എന്നാല്‍ തനിക്ക് ഈ കാര്യത്തില്‍ അത്ര വിശ്വാസം പോരാത്തത് കൊണ്ടാണ് എല്ലാം തുറന്നുപറഞ്ഞതെന്നും സരിത വ്യക്തമാക്കി.

മുഖ്യമന്ത്രിയെ മൂന്നു തവണ മാത്രമേ കണ്ടുവെന്ന് കമ്മിഷന് മൊഴി നല്‍കണം. രണ്ടു തവണ ഓഫീസിലും ഒരു തവണ സ്‌റ്റേജിലും വച്ചു കണ്ടുവെന്ന് പറയണം. മുഖ്യമന്ത്രി കമ്മിഷന് നല്‍കിയ മൊഴി പത്രങ്ങളിലൂടെ വായിച്ച് പഠിക്കണം. സേഫായി മൊഴി നല്‍കണം.

ബിജുവിന്റെ ക്രോസ് വിസ്താരം ശ്രദ്ധിക്കണം. അവന്‍ തെമ്മാടിയാണെന്നും തമ്പാനൂര്‍ രവി പറഞ്ഞു. സോളാര്‍ കമ്മിഷനിലെ സര്‍ക്കാരിന്റെ അഭിഭാഷകന്‍ റോഷന്‍ അലക്‌സാണ്ടറുമായി സംസാരിക്കണം. ഇന്നലെ വൈകിട്ടാണ് രവി വിളിച്ചതെന്നും സരിത പറഞ്ഞു.

ഇടപാടുമായി ബന്ധപ്പെട്ട 15% കാര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. അവശേഷിക്കുന്നവയും പറയും. അവ മാധ്യമങ്ങളിലൂടെ പറയാന്‍ താല്‍പര്യമില്ല. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും സരിത വ്യക്തമാക്കി. അതേസമയം ടെലിഫോണ്‍ സംഭാഷണത്തെക്കുറിച്ച് പ്രതികരിക്കാന്‍ തമ്പാനൂര്‍ രവി തയ്യാറായിട്ടില്ല.