ബാര്‍ കോഴയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ബാറുടമകള്‍ നിലപാട് കടുപ്പിക്കുന്നു; മാണിക്കെതിരെ കോടതിയില്‍ ഹാജരായി മൊഴി നല്‍കിയേക്കും

single-img
24 January 2016

Bar kozhaതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിക്കാല്‍ ഉറച്ച് ബാറുടമകള്‍. കഴിഞ്ഞ ദിവസം തൃശൂര്‍ വിജിലന്‍സ്‌ കോടതിയുടെ വിധിയുടെ അടിസ്‌ഥാനത്തില്‍ കെ. ബാബു മന്ത്രിസ്‌ഥാനം രാജിവച്ചിരിന്നു.  കോടതി പരാമര്‍ശങ്ങള്‍ കാരണമായി നേരത്തെ കെ.എം. മാണിയും കെ. ബാബുവിന്റെയും വഴി സ്വീകരിച്ച് രാജി വെച്ചിരുന്നു . അല്ലാതെ അന്ന് ആരോപണം ഉന്നയിച്ച അബ്‌കാരികള്‍ ശക്‌തമായ നിലപാട്‌ സ്വീകരിച്ചിട്ടില്ലായിരുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ നിലപാട്‌ കര്‍ശനമാക്കാനാണു ബാറുടമകളുടെ യോജിച്ചതീരുമാനം.  സുപ്രീംകോടതി കൂടി സര്‍ക്കാരിന്റെ അബ്‌ക്കാരി നയം അംഗീകരിച്ച സാഹചര്യത്തില്‍ നിലപാട്‌ കടുപ്പിച്ചു മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണു ബാറുടമകള്‍.

തിരുവനന്തപുരം വിജിലന്‍സ്‌ കോടതി ബാര്‍ക്കോഴ വിവാദത്തില്‍ അടുത്തമാസം 16  നാണു കെ.എം. മാണിക്കെതിരെയുള്ള ബാര്‍ക്കോഴ കേസ്‌ പരിഗണിക്കുന്നത്‌. കേസിമായി ബന്ധപ്പെട്ട് വരുന്ന ചൊവ്വാഴ്‌ച്ചക്കുശേഷം ഏതുദിവസവും ഹാജരായി മൊഴി നല്‍കാമെന്ന്‌ അവര്‍ വിജിലന്‍സിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ അതു പരിഗണിക്കാതെയാണ്‌ മാണിയെ കുറ്റവിമുക്‌തനാക്കിക്കൊണ്ട്‌ വിജിലന്‍സ്‌ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്‌. ഈ കേസ്‌ വിജിലന്‍സ്‌ കോടതിയുടെ പരിഗണനയില്‍ വരുമ്പോള്‍ കര്‍ശനമായ നിലപാട്‌ സ്വീകരിക്കാനാണ് ബാറുടമകളുടെ തീരുമാനം.

കോടതി കേസ്‌ പരിഗണിക്കുന്നതിനു മുമ്പ്‌ മൊഴിയെടുക്കാന്‍ വിജിലന്‍സ്‌ തയാറായില്ലെങ്കില്‍ അവര്‍ കോടതി മുമ്പാകെ ഹാജരായി മൊഴികൊടുക്കാന്‍ തയാറായേക്കും. വരും ദിവസങ്ങളില്‍ ബിജുരമേശ്‌ ഉന്നയിച്ച ആരോപണങ്ങളില്‍ പലതിനും വ്യക്‌തമായ തെളിവുകള്‍ നല്‍കുന്നതിനും നീക്കമുണ്ട്‌. കോഴ ആരോപണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ലെങ്കില്‍ ബാറുടമകളുടെ നേതാക്കള്‍ തന്നെ പ്രതിസന്ധിയിലാകും. ബാറുടമകളില്‍ നിന്നും പിരിച്ചെടുത്ത 25 കോടി രൂപയുടെ കണക്കുകള്‍ അല്ലെങ്കില്‍ ഇവര്‍ വ്യക്‌തമാക്കേണ്ടിവരും. അതു മടക്കികൊടുക്കേണ്ട സ്‌ഥിതിയും സംജാതമാകും. സര്‍ക്കാരിനെ അസ്‌ഥിരതപ്പെടുത്തുകയെന്ന തീരുമാനത്തിന്‌ ശക്‌തി കൂട്ടാനാണ്‌ അവരുടെ നീക്കം.