ബാര്‍ കോഴക്കേസ്; മന്ത്രി കെ ബാബുവിനെതിരെ അന്വേഷണം നടത്തണമെന്ന് കോടതി

single-img
23 January 2016

Babuതൃശൂര്‍: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരെ അന്വേഷണം നടത്തണമെന്ന് കോടതി. ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. അന്വേഷണം കോടതി നിരീക്ഷണത്തിലായിരിക്കും. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. സര്‍ക്കാരിനും വിജിലന്‍സിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്.

ബാബുവിനെതിരായ ദ്രുതപരിശോധന പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് അധികൃതര്‍ കോടതിയെ അറിയിച്ചപ്പോളായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനം. വിജിലന്‍സിന്റെ സത്യസന്ധതയും ആത്മാര്‍ത്ഥയും നഷ്ടമായിരിക്കുന്നു.  ലോകായുക്തയുണ്ടെന്ന് കരുതി വിജിലന്‍സ് കോടതി അടച്ച് പൂട്ടാന്‍ ശ്രമം നടത്തുകയാണോ എന്നും കോടതി ചോദിച്ചു.

വിജിലന്‍സിന് ആത്മാര്‍ത്ഥതയുണ്ടായിരുന്നുവെങ്കില്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാമായിരുന്നു. ഇത്ര ദിവസമുണ്ടായിട്ടും പ്രാഥമിക അന്വേഷണം നടത്താനോ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ വിജിലന്‍സ് തയ്യാറായിട്ടില്ല. കോടതി മണ്ടനാണന്ന് കരുതരുതെന്നും കോടതി പറഞ്ഞു.

മന്ത്രിക്കെതിരായ ആരോപണം വിജിലന്‍സ് ഒരിക്കല്‍ അന്വേഷിച്ചതാണെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം തള്ളിയാണ് കോടതി നേരത്തെ  ദ്രുതപരിശോധനയ്ക്ക് ഉത്തരവിട്ടത്. ബാര്‍ ലൈസന്‍സ് പുതുക്കാന്‍ ബിജു രമേശില്‍നിന്ന് കെ.ബാബു 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് അന്വേഷണം.