ശബരിമലയിലെ ആചാരങ്ങള്‍ സ്‌ത്രീ വിരുദ്ധവും മതേതരവിരുദ്ധവുമാണെന്ന് പരാതി;ശബരിമലക്ഷേത്രത്തിന്റെ നിശ്‌ചല ദൃശ്യം റിപ്പബ്ലിക്‌ ദിന പരേഡില്‍ നിന്ന്‌ ഒഴിവാക്കിയേക്കും

single-img
23 January 2016

india-republic-day_conv2പത്തനംതിട്ട : ചില കേന്ദ്രങ്ങളില്‍ നിന്നുള്ള ശക്‌തമായ എതിര്‍പ്പിനെത്തുടര്‍ന്ന്‍ ശബരിമലക്ഷേത്രത്തിന്റെ നിശ്‌ചല ദൃശ്യം റിപ്പബ്ലിക്‌ ദിന പരേഡില്‍ നിന്ന്‌ ഒഴിവാക്കാന്‍ സാധ്യത.  ശബരിമലയിലെ ആചാരങ്ങള്‍ സ്‌ത്രീ വിരുദ്ധവും മതേതരവിരുദ്ധവുമാണെന്നു ചൂണ്ടിക്കാട്ടി  ചില സംഘടനകള്‍ ഉന്നയിച്ച പരാതിയാണു വിനയായത്‌.  ഇക്കാര്യം കേന്ദ്ര ആഭ്യന്തരവകുപ്പ്‌ അറിയിച്ചിട്ടും യഥാസമയം വിശദീകരണം നല്‍കാന്‍ സംസ്‌ഥാന സാംസ്‌കാരിക വകുപ്പ്‌ തയാറാകാത്തതാണ്‌ ശബരിമലയുടെ നിശ്‌ചലദൃശ്യം പരിഗണിക്കാതിരിക്കാന്‍ കാരണമായി പറയപ്പെടുന്നു.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്‌ പ്രസിഡന്റ്‌ അടുത്തിടെ നടത്തിയ സ്‌ത്രീ വിരുദ്ധ പരാമര്‍ശങ്ങളും പരാതിയില്‍ ചേര്‍ത്തിരുന്നു.
അയ്യപ്പ വിഗ്രഹത്തിന്റെ പശ്‌ചാത്തലത്തില്‍ ഉള്ള ശബരിമല ക്ഷേത്രവും ചുറ്റുമുള്ള വനവുമായിരുന്നു വിഷയം.
പരാതികള്‍ ഉണ്ടെങ്കില്‍ അതത്‌ സംസ്‌ഥാന സര്‍ക്കാരുകളുടെ രേഖാമൂലമായ മറുപടി തേടണമെന്ന പ്രതിരോധ വകുപ്പിന്റെ ചട്ടപ്രകാരമാണ്‌ സംസ്‌ഥാനത്തോട്‌ വിശദീകരണം തേടിയത്‌. എന്നാല്‍ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ല.

സ്വാമി അയ്യപ്പനും വാവരും തമ്മിലുള്ള ബന്ധം കാനന ക്ഷേത്രത്തിന്‌ ഇസ്ലാം മതവുമായുള്ള അടുപ്പത്തെയാണു കാണിക്കുന്നത്‌. കേരളത്തിന്റെ ഈ മതേതര കാഴ്‌ചപ്പാട്‌ ഇന്ത്യക്കു മാതൃകയായി മാറുമെന്നു കരുതിയാണു കേന്ദ്ര ആഭ്യന്തര വകുപ്പ്‌ ശബരിമല ഫ്‌ളോട്ട്‌ തെരഞ്ഞെടുത്തത്‌. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്‌ഥാന സര്‍ക്കാരിന്റെ അഭിപ്രായമാണ്‌ കേന്ദ്രം കണക്കിലെടുക്കുക.