ഐസിസ് ബന്ധം; എന്‍.ഐ.എ 13 പേരെ അറസ്റ്റ് ചെയ്തു

single-img
23 January 2016

Terroristന്യൂഡല്‍ഹി: രാജ്യവ്യാപകമായി 13 പേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഐസിസിന്റെ ഭീകരാക്രമണ ഭീഷണി നിലനില്‍ക്കെ  കര്‍ണാടക, ഹൈദരാബാദ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.  ഐ.എസിന്റെ സമാന ആശയങ്ങളുള്ള ജനൂദ് ഉല്‍ ഖലീഫ ഇ ഹിന്ദ് എന്ന തീവ്രവാദ സംഘടനയില്‍ പെട്ടവരും അറസ്റ്റിലായവരിലുണ്ട്. ഇതില്‍ സംഘടനയുടെ സ്വയം പ്രഖ്യാപിത അമീറായ മുനാബീര്‍ മുസ്താഖ് എന്നയാളും ഉള്‍പ്പെടുന്നു. ഇയാള്‍ വിദേശികളുള്‍പ്പടെയുള്ളവര്‍ക്ക് നേരെ ഭീകരാക്രമണം നടത്താന്‍ പദ്ധതി തയ്യാറാക്കിയിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം  അറിയിച്ചു.

ഭീകരാക്രമണത്തിനായി തയ്യാറാക്കിയിരുന്ന സ്‌ഫോടക വസ്തുക്കള്‍, ഡിറ്റണേറ്ററുകള്‍, ഇലക്ട്രിക വയറുകള്‍, ബാറ്ററികള്‍, തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ലഘുലേഖകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്. വിദേശത്ത് നിന്ന് ഹവാല പണം വരുന്നത് നിരീക്ഷിച്ചാണ് ഇവരെ എന്‍.ഐ.എ പിടികൂടിയത്. കര്‍ണാടകയില്‍ നിന്ന് ഐ.എസ് ബന്ധമുള്ള ആറുപേരെയാണ് പിടികൂടിയത്. അറസ്റ്റിലായവരില്‍ യുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യുന്ന നസ്മുല്‍ ഹൂഡ എന്നയാളും ഉള്‍പ്പെടും.  ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദാണ് റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി വരുന്നത്. ഒലാദിനെ ലക്ഷ്യമിട്ട് ഭീകരാക്രമണം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ട്.