പത്താന്‍കോട്ടില്‍ നിന്ന് യാത്രപോയ ടാക്‌സി ഡ്രൈവറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; യാത്രക്കാരെയും കാറും കണ്ടെത്താനായിട്ടില്ല; രാജ്യത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം

single-img
22 January 2016

pathankot_1ന്യൂ ഡല്‍ഹി: പത്താന്‍കോട്ടില്‍ നിന്ന് യാത്രപോയ ടാക്‌സി ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കാര്‍ കണ്ടെത്താനായിട്ടില്ല. യാത്രക്കാരായി കാറില്‍ ഉണ്ടായിരുന്ന മൂന്ന് പേരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് കടക്കുന്ന സമയത്ത് ദുരൂഹത നിറഞ്ഞ സംഭവമുണ്ടായത് സംശയത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്. ഡല്‍ഹിയടക്കം പ്രധാന കേന്ദ്രങ്ങളിലെല്ലാം അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

ഭീകരാക്രമണം നടന്ന പത്താന്‍കോട്ടിലാണ് വീണ്ടും ദുരൂഹ സംഭവമെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. വെള്ള ആള്‍ട്ടോ കാര്‍ പത്താന്‍കോട്ടില്‍ നിന്നാണ് മൂന്നംഗ സംഘം വാടകയ്‌ക്കെടുത്തത്. വിജയകുമാര്‍ എന്ന ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. ഹിമാചല്‍ പ്രദേശിലെ കാംഗ്രയില്‍ നിന്നാണ് ഡ്രൈവറുടെ മൃതദേഹം കണ്ടെടുത്തത്. വാഹനവും യാത്രക്കാരായിരുന്ന മൂന്ന് പേരേയും കാണാനില്ല.

മൂന്ന് ദിവസങ്ങള്‍ക്കിടയില്‍ കാണാതാകുന്ന രണ്ടാമത്തെ വാഹനമാണ് ഇത്. നേരത്തെ  പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം ബുധനാഴ്ച അപഹരിക്കപ്പെട്ടിരുന്നു. ടാക്‌സി ഓട്ടത്തിന് വിളിച്ച മൂന്ന് പേരുടേയും ചിത്രങ്ങള്‍ ഡല്‍ഹി പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ എച്ച്പി01ഡി2440 എന്നാണ്.