1945 ഓഗസ്‌റ്റ്‌ 22-ന്‌ നേതാജിയുടെ സംസ്‌കാരം നടത്തിയെന്ന്‍ തയ്‌വാന്‍ ഉദ്യോഗസ്‌ഥന്‍റെ മൊഴി

single-img
22 January 2016

Nehru-Boseലണ്ടന്‍: നേതാജി സുഭാഷ്‌ ചന്ദ്ര ബോസിന്റെ തിരോധാനം സംബന്ധിച്ച ദുരൂഹത അവസാനത്തിലേക്ക്. 1945-ല്‍ തായ്‌പെയിയില്‍ വിമാനാപകടത്തില്‍ മരിച്ച നേതാജിയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട രേഖകളാണു ബോസ്‌ഫയല്‍സ്‌.ഇന്‍ഫോ എന്ന വെബ്‌സൈറ്റ്‌ പുറത്തുവിട്ടു.

തായ്‌പെയിയില്‍ നേതാജിയുടെ മൃതദേഹസംസ്‌കാരത്തിന്‌ അനുമതി നല്‍കുന്ന ചുമതല വഹിച്ചിരുന്ന തയ്‌വാന്‍ ഉദ്യോഗസ്‌ഥന്‍റെ മൊഴി അടങ്ങിയ ബ്രിട്ടീഷ്‌ രേഖകളാണു പുറത്തുവന്നത്‌. 1945 ഓഗസ്‌റ്റ്‌ 22-ന്‌ നേതാജിയുടെ സംസ്‌കാരം നടത്തിയെന്നാണ്‌ ടാന്‍ ടി-ടിയുടെ  മൊഴി. 1945 ഓഗസ്‌റ്റ്‌ 18-ന്‌ തായ്‌പെയിലുണ്ടായ വിമാനാപകടത്തില്‍ നേതാജി മരിച്ചെന്ന വാദത്തിനോട്‌ ഒത്തുപോകുന്നതാണ്‌ ഈ മൊഴി.

നേതാജിയുടെ മരണത്തെപ്പറ്റി അന്വേഷിക്കണമെന്ന്‌ 1956 മേയ്‌ 15-നു തയ്‌വാനിലെ ബ്രിട്ടീഷ്‌ കോണ്‍സുല്‍ ജനറല്‍ ആല്‍ബര്‍ട്ട്‌ ഫ്രാങ്ക്‌ളിന്‍ തയ്‌വാന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ 27-ന്‌ തയ്‌വാന്‍ പ്രാദേശിക ഭരണകൂടം ചെയര്‍മാന്‍ സി.കെ യെന്‍ വിശദമായ മറുപടി നല്‍കി. നേതാജിയുടെ സംസ്‌കാരം 1945 ഓഗസ്‌റ്റ്‌ 22-നു നടത്തിയെന്ന ടി-ടിയുടെ മൊഴി ഇതിലാണുള്ളത്‌. ഈ രേഖകള്‍ തൊട്ടടുത്ത വര്‍ഷം ഇന്ത്യക്കു കൈമാറിയെന്നും പറയുന്നു.

ടോക്കിയോയിലേക്കുള്ള യാത്രയ്‌ക്കിടെ വിമാനാപകടത്തില്‍ മരിച്ച നേതാജിയുടേതാണു മൃതദേഹമെന്ന്‌ ജപ്പാന്‍ സൈനിക ഓഫീസറാണ്‌ ടി-ടിയോടു പറഞ്ഞത്‌. കുടുംബാംഗങ്ങളുടെ അഭാവത്തില്‍, പട്ടാള ആശുപത്രിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്‌ സ്വീകരിച്ചു സംസ്‌കാരത്തിന്‌ അനുമതി നല്‍കിയെന്നും ടി-ടി വിശദീകരിച്ചിരുന്നു.

ഇചിരോ ഒകുറ എന്ന പേരാണ്‌ അന്നു രേഖകളിലുണ്ടായിരുന്നത്‌. ജാപ്പനീസ്‌ ഓഫീസറോടൊപ്പം ഒരു ഇന്ത്യക്കാരനും ഉണ്ടായിരുന്നു. നേതാജിയുടെ ഉറ്റ അനുചരനായിരുന്ന ഐ.എന്‍.എ കേണല്‍ ഹബീബുര്‍ റഹ്‌മാനായിരുന്നു അതെന്നു കരുതുന്നു. സാങ്കേതിക കാരണങ്ങളാല്‍ ടോക്കിയോയിലേക്കു കൊണ്ടുപോകാന്‍ കഴിയാതിരുന്നതോടെ തായ്‌പെയില്‍ സംസ്‌കാരം നടത്തിയത്.

പിറ്റേന്ന്‌ ഇരുവരും വന്ന്‌ ചിതാഭസ്‌മം ഏറ്റുവാങ്ങിയെന്നും ടി-ടി വിശദീകരിച്ചു. കേണല്‍ ഹബീബുര്‍ റഹ്‌മാന്റെ വിശദീകരണങ്ങളോട്‌ ഒത്തുപോകുന്ന മൊഴിയാണ്‌ ടി-ടിയുടേത്‌. ഇതു വിശ്വസനീയമാണെന്നു നേതാജിയുടെ മകള്‍ പ്രഫ. അനിതാ ഫാഫ്‌ പറഞ്ഞു.